ഇത് വളരെയധികം ആത്മവിശ്വാസം പകരുന്നത്: നോഹ് പറയുന്നു!
കഴിഞ്ഞ രണ്ട് സീസണുകളിൽ എഫ്സി ഗോവക്ക് വേണ്ടി അതിഗംഭീര പ്രകടനം പുറത്തെടുത്ത സൂപ്പർ താരമാണ് നോഹ് സദോയി. ഈ ട്രാൻസ്ഫർ വിൻഡോയിൽ അദ്ദേഹം ബ്ലാസ്റ്റേഴ്സിലേക്ക് വരികയായിരുന്നു. മികച്ച രൂപത്തിലുള്ള ഒരു പ്രീ സീസൺ അദ്ദേഹത്തിന് ക്ലബ്ബിനോടൊപ്പം ലഭിച്ചിട്ടുണ്ട്.ഡ്യൂറന്റ് കപ്പിൽ മികച്ച പ്രകടനമാണ് അദ്ദേഹം നടത്തിയിട്ടുള്ളത്.ബ്ലാസ്റ്റേഴ്സ് നിരയിൽ ഏറ്റവും നല്ല രീതിയിൽ കളിച്ചത് നോഹാണ് എന്നുള്ളത് നമുക്ക് പറയാൻ കഴിയും.
രണ്ട് ഹാട്രിക്കുകൾ അദ്ദേഹം സ്വന്തമാക്കിയിരുന്നു. ആകെ 8 ഗോൾ പങ്കാളിത്തങ്ങളാണ് അദ്ദേഹം വഹിച്ചിട്ടുള്ളത്.6 ഗോളുകളും രണ്ട് അസിസ്റ്റുകളും ആയിരുന്നു അദ്ദേഹം നേടിയിരുന്നത്. പക്ഷേ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം മോശമായിരുന്നു. അതുകൊണ്ടുതന്നെ ക്വാർട്ടർ ഫൈനലിൽ ബ്ലാസ്റ്റേഴ്സ് പുറത്താവുകയും ചെയ്തിരുന്നു.
പക്ഷേ തനിക്ക് ഒരു മികച്ച തുടക്കം ലഭിച്ചതിൽ നോഹ് സന്തോഷവാനാണ്. ടീമിന് കോൺട്രിബ്യൂട്ട് ചെയ്യാൻ കഴിയുന്നത് വളരെയധികം കോൺഫിഡൻസ് നൽകുന്നു എന്നാണ് നോഹ് ഇതേക്കുറിച്ച് പറഞ്ഞിട്ടുള്ളത്.താരത്തിന്റെ വാക്കുകളെ ഡ്യൂറൻഡ് കപ്പിന്റെ ഒഫീഷ്യൽ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇപ്രകാരമാണ്.
‘ക്ലബ്ബിനോടൊപ്പം എനിക്ക് ഒരു മികച്ച തുടക്കം തന്നെ ലഭിച്ചിട്ടുണ്ട്. എന്റെ വിജയങ്ങളിൽ കോൺട്രിബ്യൂട്ട് ചെയ്യാൻ സാധിക്കുക എന്നുള്ളത് മുന്നേറ്റ നിര താരങ്ങളെ സംബന്ധിച്ചിടത്തോളം വളരെയധികം ആത്മവിശ്വാസം പകർന്നു നൽകുന്ന ഒരു കാര്യമാണ്.ഗോളുകൾ നേടാൻ കഴിയുന്നു,അസിസ്റ്റുകൾ നൽകാൻ കഴിയുന്നു, വിജയത്തിന്റെ ഭാഗമാകാൻ സാധിക്കും എന്നുള്ളതൊക്കെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്ന കാര്യമാണ് ‘ ഇതാണ് നോഹ് പറഞ്ഞിട്ടുള്ളത്.
ഡ്യൂറന്റ് കപ്പിൽ നിന്ന് പുറത്തായെങ്കിലും കൊൽക്കത്തയിൽ തന്നെ തുടരാൻ തീരുമാനിച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്സ്.എന്തെന്നാൽ കൊച്ചിയിലെ പുതിയ ട്രെയിനിങ് ഫെസിലിറ്റിയുടെ നിർമ്മാണം പൂർത്തിയായിട്ടില്ല. അത് പൂർത്തിയായതിനുശേഷം മാത്രമായിരിക്കും ബ്ലാസ്റ്റേഴ്സ് കൊച്ചിയിലേക്ക് മടങ്ങി എത്തുക.