എല്ലാ ട്രോഫിയും നേടണം, ഈ മെന്റാലിറ്റിയാണ് കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടത്: ഉപദേശവുമായി നൂഹ് സദൂയി
അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങൾ ഇപ്പോൾ ബ്ലാസ്റ്റേഴ്സ് ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.പ്രീ സീസൺ ഇത്തവണ തായ്‌ലാൻഡിൽ വെച്ചുകൊണ്ടാണ് നടക്കുന്നത്. മുഖ്യ പരിശീലകൻ മികേൽ സ്റ്റാറെയുടെ നേതൃത്വത്തിൽ അവിടെ ബ്ലാസ്റ്റേഴ്സ് ട്രെയിനിങ് ആരംഭിച്ചിട്ടുണ്ട്.മൂന്ന് ആഴ്ച്ചയോളം തായ്‌ലാൻഡിൽ ചിലവഴിക്കുന്ന ക്ലബ്ബ് മൂന്ന് മത്സരങ്ങൾ കളിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ.
പുതിയ താരം നൂഹ് സദൂയി ഇപ്പോൾ ടീമിനോടൊപ്പം ഉണ്ട്. കഴിഞ്ഞ രണ്ട് സീസണുകൾ അദ്ദേഹം എഫ്സി ഗോവക്ക് വേണ്ടിയായിരുന്നു കളിച്ചിരുന്നത്. തകർപ്പൻ പ്രകടനമാണ് അദ്ദേഹം ഐഎസ്എല്ലിൽ ഇതുവരെ നടത്തിയിട്ടുള്ളത്.ഗോളടിക്കാനും ഗോളടിപ്പിക്കാനും ഒരുപോലെ മികവ് കാണിക്കുന്ന ഈ താരത്തിൽ വലിയ പ്രതീക്ഷകളാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് ആരാധകർ വെച്ച് പുലർത്തുന്നത്.
ഈയിടെ അദ്ദേഹം ക്ലബ്ബിന്റെ ഒഫീഷ്യൽ ടിവിക്ക് ഇന്റർവ്യൂ നൽകിയിരുന്നു.ഒരുപാട് കാര്യങ്ങളെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്.എല്ലാ ട്രോഫിയും നേടാൻ വേണ്ടി ശ്രമിക്കണം എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. അത്തരത്തിലുള്ള ഒരു മെന്റാലിറ്റിയാണ് ഇപ്പോൾ ക്ലബ്ബിന് ആവശ്യമെന്നും ഈ സൂപ്പർ താരം പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്.
സൂപ്പർ കപ്പാവട്ടെ,ഡ്യൂറന്റ് കപ്പാവട്ടെ, ഏത് ട്രോഫിയാണെങ്കിലും അത് നേടാനുള്ള ഒരു ദാഹമാണ് ക്ലബ്ബിന് വേണ്ടത്. ആ ഒരു മെന്റാലിറ്റി കേരള ബ്ലാസ്റ്റേഴ്സിന് ആവശ്യമുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. മികച്ച നേട്ടങ്ങൾ കരസ്ഥമാക്കണമെങ്കിൽ ഇത്തരത്തിലുള്ള ഒരു മെന്റാലിറ്റി അത്യാവശ്യമാണ്.ഏത് ട്രോഫിയെയും നമുക്ക് നിസ്സാരമായി കാണാൻ കഴിയില്ല. ആ ഒരു മെന്റാലിറ്റി നമ്മൾ നിർമ്മിക്കേണ്ടതുണ്ട്, ഇതാണ് നൂഹ് പറഞ്ഞിട്ടുള്ളത്.
ബ്ലാസ്റ്റേഴ്സ് എന്ന ക്ലബ്ബ് രൂപം കൊണ്ടിട്ട് ഇപ്പോൾ 10 വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഇതുവരെ ഒരു കിരീടം പോലും നേടാൻ ക്ലബ്ബിന് കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തിൽ ആരാധകർ നിരാശരാണ്.സ്റ്റാറേയുടെ കീഴിൽ ഇത്തവണ അതിന് വിരാമമാവും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.