ഡ്രിബിൾ ചെയ്യുമ്പോഴുള്ള കൊച്ചിക്കായി കാത്തിരിക്കുകയാണ് ഞാൻ: ആകാംക്ഷ പങ്കുവെച്ച് നൂഹ് സദൂയി
കേരള ബ്ലാസ്റ്റേഴ്സ് ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ 5 സൈനിങ്ങുകളാണ് ഇപ്പോൾ പൂർത്തിയാക്കിയിട്ടുള്ളത്.അതിൽ നാലെണ്ണം ഇന്ത്യൻ താരങ്ങളാണ്. വിദേശ താരമായി കൊണ്ട് ക്ലബ്ബിൽ എത്തിയിട്ടുള്ളത് മൊറോക്കൻ സൂപ്പർ താരമായ നൂഹ് സദൂയിയാണ്. കഴിഞ്ഞ രണ്ട് സീസണുകൾ അദ്ദേഹം ഐഎസ്എല്ലിൽ ഗോവക്കായാണ് ചിലവഴിച്ചത്.
ഇതുവരെ നടത്തിയതിൽ വെച്ച് ഏറ്റവും മികച്ച സൈനിങ്ങ് നൂഹിന്റേത് തന്നെയാണ്. അദ്ദേഹത്തിന്റെ പ്രകടനത്തിനായി കാത്തിരിക്കുകയാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് ആരാധകർ. തിരിച്ചും അങ്ങനെ തന്നെയാണ്.കൊച്ചിയിൽ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ മുന്നിൽവെച്ച് കളിക്കുന്നതിനു വേണ്ടി കാത്തിരിക്കുകയാണ് നൂഹ്.
ഇക്കാര്യം തന്റെ പുതിയ അഭിമുഖത്തിൽ നൂഹ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.ഏതെങ്കിലും ഒരു ബ്ലാസ്റ്റേഴ്സ് താരം എതിരാളിയെ ഡ്രിബിൾ ചെയ്താൽ ഉണ്ടാകുന്ന ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ആവേശം തനിക്കറിയാമെന്നും അത് തന്നെ ഏറെ പ്രചോദിപ്പിക്കുന്നു എന്നുമാണ് നൂഹ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്.
ബ്ലാസ്റ്റേഴ്സ് ആരാധകരുടെ മുന്നിൽവച്ച് കൊണ്ട് കളിക്കുന്നതിന് വേണ്ടി ഞാൻ വളരെ ആവേശത്തോടുകൂടി കാത്തിരിക്കുകയാണ്. എതിരാളികളെ ഡ്രിബിൾ ചെയ്ത് കൊണ്ട് മുന്നേറാൻ ഏറെ ഇഷ്ടപ്പെടുന്ന ഒരു താരമാണ് ഞാൻ.കേരള ബ്ലാസ്റ്റേഴ്സിനെതിരെ കളിച്ചപ്പോൾ ഉണ്ടായ ഒരു കാര്യം എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്, അതായത് ഏതെങ്കിലും ഒരു ബ്ലാസ്റ്റേഴ്സ് താരം എതിർ താരത്തെ ഡ്രിബിൾ ചെയ്ത് മുന്നേറിയാൽ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ആവേശവും ആരവവും വളരെ വലുതാണ്. തീർച്ചയായും അത് എന്നെ കൂടുതലായിട്ട് പ്രചോദിപ്പിക്കും, ഇതാണ് നൂഹ് പറഞ്ഞിട്ടുള്ളത്.
ആകെ 43 മത്സരങ്ങളാണ് അദ്ദേഹം ഗോവക്ക് വേണ്ടി കളിച്ചിട്ടുള്ളത്.അതിൽ നിന്ന് 20 ഗോളുകളും 14 അസിസ്റ്റുകളും സ്വന്തമാക്കാൻ നൂഹിന് കഴിഞ്ഞിട്ടുണ്ട്.കഴിഞ്ഞ രണ്ട് സീസണുകളിലെ മികവ് അദ്ദേഹം ഇവിടെയും ആവർത്തിക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.