മെസ്സി പെനാൽറ്റി പാഴാക്കിയ പോലെ നോഹും പെനാൽറ്റി പാഴാക്കി.തൊട്ടടുത്ത നിമിഷം ഹാട്രിക്കും പൂർത്തിയാക്കി!

കേരള ബ്ലാസ്റ്റേഴ്സ് ഇന്നലത്തെ മത്സരത്തിൽ ഒരു തട്ടുപൊളിപ്പൻ വിജയമാണ് സ്വന്തമാക്കിയിട്ടുള്ളത്. എതിരില്ലാത്ത ഏഴ് ഗോളുകൾക്കാണ് എതിരാളികളായ CISF പ്രൊട്ടക്ടേഴ്സിനെ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ തുടക്കം തൊട്ട് അവസാനം വരെ മിന്നുന്ന പ്രകടനം പുറത്തെടുക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചിരുന്നു.നോഹ് സദോയിയാണ് ഇന്നലത്തെ മത്സരത്തിലെ ബ്ലാസ്റ്റേഴ്സിന്റെ ഹീറോ.

3 ഗോളുകളാണ് മത്സരത്തിൽ അദ്ദേഹം നേടിയത്.രണ്ട് അസിസ്റ്റുകളും അദ്ദേഹം നേടി. മാൻ ഓഫ് ദി മാച്ച് പുരസ്കാരം താരമാണ് സ്വന്തമാക്കിയത്. കൂടാതെ പെപ്രയെ കൂടി പ്രത്യേകം എടുത്തു പരാമർശിക്കേണ്ടതുണ്ട്. ഒരു ഗോളും മൂന്ന് അസിസ്റ്റുകളും അദ്ദേഹം സ്വന്തം പേരിൽ കുറിച്ചിരുന്നു.ഐമൻ,അസ്ഹർ,നവോച്ച സിംഗ് എന്നിവരാണ് ബ്ലാസ്റ്റേഴ്സിന്റെ ശേഷിച്ച ഗോളുകൾ സ്വന്തമാക്കിയത്. എന്നാൽ ഈ മത്സരത്തിൽ നോഹ് ഹാട്രിക്ക് പൂർത്തിയാക്കുന്നതിന്റെ തൊട്ടുമുൻപ് ഒരു കാര്യം നടന്നിരുന്നു.

അതായത് ബ്രൈസ് മിറാണ്ടയെ ബോക്സിനകത്ത് വീഴ്ത്തിയത് കൊണ്ട് കേരള ബ്ലാസ്റ്റേഴ്സിന് അനുകൂലമായി ഒരു പെനാൽറ്റി ലഭിച്ചിരുന്നു.ആ പെനാൽറ്റി എടുത്തത് നോഹ് സദോയിയായിരുന്നു.പനേങ്ക കിക്കാണ് അദ്ദേഹം പരീക്ഷിച്ചത്. ആ പരീക്ഷണം പാളി.ആ പെനാൽറ്റി പുറത്തേക്ക് പോവുകയായിരുന്നു.

പെനാൽറ്റി നേടി കൊണ്ട് ഹാട്രിക്ക് പൂർത്തിയാക്കാനുള്ള അവസരം അദ്ദേഹം നഷ്ടപ്പെടുത്തുകയായിരുന്നു. താരം ആ പെനാൽറ്റി പാഴാക്കിയപ്പോൾ പലർക്കും ഓർമ്മവന്നിട്ടുണ്ടാവുക സാക്ഷാൽ ലയണൽ മെസ്സിയുടെ പെനാൽറ്റി ആയിരിക്കും. കഴിഞ്ഞ കോപ്പ അമേരിക്ക ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ അർജന്റീനയും ഇക്വഡോറും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.പെനാൽറ്റി ഷൂട്ടൗട്ടിൽ അർജന്റീനയുടെ ആദ്യ പെനാൽറ്റി എടുത്ത ലയണൽ മെസ്സി അത് പാഴാക്കുകയായിരുന്നു.അദ്ദേഹം പനേങ്ക കിക്കാണ് എടുത്തത്. അത് ബാറിൽ തട്ടി പുറത്തേക്ക് പോവുകയായിരുന്നു. പക്ഷേ പിന്നീട് എമിലിയാനോ മാർട്ടിനസ് അർജന്റീനയെ രക്ഷിക്കുകയായിരുന്നു.

പക്ഷേ ഇന്നലെ പെനാൽറ്റി പാഴാക്കിയതിൽ നോഹിന് നിരാശപ്പെടേണ്ടി വന്നിട്ടില്ല. എന്തെന്നാൽ തൊട്ടടുത്ത നിമിഷം തന്നെ അദ്ദേഹം ഒരു ഗോൾ നേടി കൊണ്ട് ഹാട്രിക് പൂർത്തിയാക്കുകയായിരുന്നു. മിന്നുന്ന പ്രകടനമാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സിന് വേണ്ടി നോഹ് പുറത്തെടുക്കുന്നത്.ഇന്ത്യൻ സൂപ്പർ ലീഗിലും താരം ഇത് തുടരും എന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷകൾ.

Kerala BlastersLionel MessiNoah Sadaoui
Comments (0)
Add Comment