ഇത്ര പെട്ടെന്ന് ക്ലിക്ക് ആവുമെന്ന് കരുതിയിരുന്നില്ല: തുറന്ന് പറഞ്ഞ് നോഹ് സദോയി!
ഡ്യൂറൻഡ് കപ്പിൽ ഒരിക്കൽ കൂടി ബ്ലാസ്റ്റേഴ്സ് ആരാധകരെ നിരാശപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്. എന്തെന്നാൽ ക്വാർട്ടർ ഫൈനലിൽ ചിരവൈരികളായ ബംഗളൂരു എഫ്സിയോട് പരാജയപ്പെട്ടു കൊണ്ട് ബ്ലാസ്റ്റേഴ്സ് പുറത്തായിരുന്നു.പ്രകടനവും മോശമായിരുന്നു. അത് ആരാധകരെ വളരെയധികം ദേഷ്യം പിടിപ്പിച്ച ഒരു കാര്യമായിരുന്നു.
രണ്ട് ദുർബല ടീമുകൾക്കെതിരെ ഗോൾ വർഷം നടത്തി എന്നത് ഒഴിച്ചാൽ പോസിറ്റീവായ ഒന്നും തന്നെ ബ്ലാസ്റ്റേഴ്സിൽ സംഭവിച്ചിട്ടില്ല. അതേസമയം ഡ്യൂറൻഡ് കപ്പിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി ഏറ്റവും മികച്ച പ്രകടനം നടത്തിയത് പുതുതായി വന്ന നോഹ് സദോയി തന്നെയാണ്.രണ്ട് ഹാട്രിക്കുകൾ അദ്ദേഹം നേടിയിരുന്നു.ആകെ 6 ഗോളുകളും രണ്ട് അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിരുന്നു.ക്വാർട്ടർ ഫൈനലിൽ മുന്നേറ്റ നിരയിൽ അദ്ദേഹത്തെ മാത്രം ലക്ഷ്യം വെച്ചു കൊണ്ടായിരുന്നു ബ്ലാസ്റ്റേഴ്സ് കളിച്ചിരുന്നത്.
വളരെ വേഗത്തിൽ തന്നെ ടീമുമായി ഇഴകിച്ചേരാൻ നോഹിന് സാധിച്ചിട്ടുണ്ട്.അതുകൊണ്ടുതന്നെയാണ് 8 ഗോളുകളിൽ കോൺട്രിബ്യൂട്ട് ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുള്ളത്. ഇതേക്കുറിച്ച് ചില കാര്യങ്ങൾ നൂഹ് തന്നെ പറഞ്ഞിട്ടുണ്ട്. ഇത്ര വേഗത്തിൽ ക്ലിക്ക് ആവുമെന്ന് കരുതിയിരുന്നില്ല എന്നാണ് നോഹ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്.
‘കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരാൻ സാധിച്ചു എന്നുള്ളത് തന്നെ അതിശയകരമായ കാര്യമാണ്. ഇത്ര പെട്ടെന്ന് ടീമുമായി ഇഴകി ചേരാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.എല്ലാവരുമായും വളരെ വേഗത്തിൽ ബന്ധം സ്ഥാപിക്കാൻ എനിക്ക് കഴിഞ്ഞു.ഒരു നല്ല രീതിയിലുള്ള വെൽക്കം തന്നെയാണ് എനിക്ക് ലഭിച്ചത്. എന്റെ ഈ പെർഫോമൻസിൽ സഹതാരങ്ങൾക്കും മാനേജ്മെന്റിനും പരിശീലകർക്കും ആരാധകർക്കും വരെ പങ്കുണ്ട് ‘ഇതാണ് നോഹ് പറഞ്ഞിട്ടുള്ളത്.
പക്ഷേ മുന്നേറ്റത്തിൽ ഒരു നോഹ് മാത്രം ഉണ്ടായതുകൊണ്ട് കാര്യമില്ല. ഒരു മികച്ച സ്ട്രൈക്കറെ നിലവിൽ ബ്ലാസ്റ്റേഴ്സിന് ആവശ്യമുണ്ട്.നോഹിനെ മാത്രം കേന്ദ്രീകരിച്ച് കളിക്കുന്നത് അവസാനിപ്പിച്ച് ഒരു ടീമായി കളിച്ചാൽ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് വരുന്ന സീസണിൽ കൂടുതൽ മുന്നോട്ടു പോവാൻ സാധിക്കുക.