നൂഹ് സദൂയിയുടെ കാര്യം എന്തായി?മാർക്കസ് മെർഗുലാവോ നൽകുന്ന പുതിയ വിവരങ്ങൾ ഇതാ!
കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിലേക്കുള്ള തയ്യാറെടുപ്പ് ഇപ്പോൾതന്നെ ആരംഭിച്ചിട്ടുണ്ട്. പ്രധാനമായും രണ്ട് നീക്കങ്ങളാണ് ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടുള്ളത്. ഒന്ന് നിലവിലെ പരിശീലകനായ ഇവാൻ വുക്മനോവിച്ചിനെ കേരള ബ്ലാസ്റ്റേഴ്സ് ഒഴിവാക്കി. മൂന്ന് സീസൺ പരിശീലിപ്പിച്ച ഇവാൻ വുക്മനോവിച്ച് ഇനി ക്ലബ്ബിനോടൊപ്പമില്ല. ആരാധകർക്ക് ഒരല്പം ആഘാതമേൽപ്പിച്ച തീരുമാനമായിരുന്നു അത്.
മറ്റൊരു നീക്കം മുന്നേറ്റ നിരയിലേക്ക് ഒരു മികച്ച താരത്തെ സ്വന്തമാക്കി എന്നത് തന്നെയാണ്. ഗോവയുടെ മൊറോക്കൻ സൂപ്പർതാരമായ നൂഹ് സദൂയിയെയാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിട്ടുള്ളത്.ഇക്കാര്യം ഒഫീഷ്യലായി കൊണ്ട് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.പക്ഷേ പല മാധ്യമങ്ങളും സ്ഥിരീകരിച്ചിരുന്നു.നൂഹ് സദൂയിയുടെ കാര്യത്തിലെ അപ്ഡേറ്റുകൾ ടൈംസ് ഓഫ് ഇന്ത്യയുടെ മാർക്കസ് മെർഗുലാവോ നൽകിയിട്ടുണ്ട്.
എഫ്സി ഗോവയുടെ ഈ സീസൺ അവസാനിച്ചതിന് പിന്നാലെയാണ് മെർഗുലാവോ ഇക്കാര്യത്തിൽ പ്രതികരണം നടത്തിയിട്ടുള്ളത്. അടുത്ത സീസണിൽ നൂഹ് കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി തന്നെയാണ് കളിക്കുക എന്നുള്ള കാര്യം മെർഗുലാവോ അറിയിച്ചിട്ടുണ്ട്. രണ്ടു വർഷത്തെ കോൺട്രാക്ടിലാണ് അദ്ദേഹം സൈൻ ചെയ്യുന്നത്. ടീമിന്റെ പരിശീലകൻ ആരായാലും ബ്ലാസ്റ്റേഴ്സ് ടീമിൽ നൂഹിന് സ്ഥാനം ഉറപ്പാണ് എന്നുള്ള കാര്യവും ഇദ്ദേഹം കൂട്ടിച്ചേർക്കുന്നുണ്ട്.
മാത്രമല്ല ഒരു ശുഭപ്രതീക്ഷയും അദ്ദേഹം വച്ചുപുലർത്തുന്നുണ്ട്. കേരള ബ്ലാസ്റ്റേഴ്സിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ നൂഹിന് സാധിക്കും, കഴിഞ്ഞ രണ്ടു വർഷവും ഗോവയിൽ ഉണ്ടാക്കിയതിനേക്കാൾ കൂടുതൽ ഇമ്പാക്ട് നൂഹ് കേരള ബ്ലാസ്റ്റേഴ്സിൽ ഉണ്ടാക്കുമെന്നും ഇദ്ദേഹം പറയുന്നുണ്ട്.ഏതായാലും മുന്നേറ്റ നിരയിലേക്ക് ഒരു മികച്ച താരത്തെയാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സിന് ലഭിക്കുന്നത്. തകർപ്പൻ പ്രകടനം നടത്തുന്ന താരമാണ് നൂഹ് സദൂയി.
20 മത്സരങ്ങളാണ് ഈ ഐഎസ്എല്ലിൽ താരം കളിച്ചിട്ടുള്ളത്.10 ഗോളുകളും 5 അസിസ്റ്റുകളുമായി ആകെ 15 ഗോൾ പങ്കാളിത്തങ്ങൾ ഈ മത്സരങ്ങളിൽ നിന്നുമായി നൂഹ് വഹിച്ചിട്ടുണ്ട്. വേഗതയാർന്ന മുന്നേറ്റങ്ങളിലൂടെ എതിർ താരങ്ങൾക്ക് പലപ്പോഴും തലവേദന സൃഷ്ടിക്കുന്ന താരം കൂടിയാണ് നൂഹ് സദൂയി.