ഇത് വേറെ ലെവൽ ജൻമം,നോഹ ബ്ലാസ്റ്റേഴ്സിൽ കാണിക്കുന്നത് അതിശയകരം!
കഴിഞ്ഞ ലീഗ് മത്സരത്തിൽ വിജയം നേടാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്പുള്ളത്. ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു കൊൽക്കത്തൻ ക്ലബ്ബായ മുഹമ്മദൻ എസ്സിയെ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്.ആദ്യപകുതിയിലെ മോശം പ്രകടനത്തിന്റെ ഫലമായി കൊണ്ട് ഒരു ഗോൾ വഴങ്ങേണ്ടി വന്നിരുന്നു. രണ്ടാം പകുതിയിൽ പൂർവാധികം ശക്തിയോടുകൂടി തിരികെ വന്ന ബ്ലാസ്റ്റേഴ്സ് രണ്ട് ഗോളുകൾ നേടുകയും വിജയം സ്വന്തമാക്കുകയും ചെയ്തു.
പെപ്ര,ജീസസ് എന്നിവരാണ് ഗോളുകൾ നേടിയിട്ടുള്ളത്.എന്നാൽ മത്സരത്തിലെ പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കിയത് മറ്റാരുമല്ല, സൂപ്പർ താരം നോഹ സദോയിയാണ്. ഒരിക്കൽ കൂടി ഗംഭീരപ്രകടനമാണ് അദ്ദേഹം നടത്തിയിട്ടുള്ളത്. മത്സരത്തിൽ പെപ്ര നേടിയ ഗോളിന് അസിസ്റ്റ് നൽകിയത് നോഹയാണ്. അതിനുപുറമേ മത്സരത്തിൽ ഉടനീളം ഊർജ്ജത്തോടുകൂടി കളിച്ചതും നോഹ തന്നെയാണ്.
താരത്തിന്റെ പ്രകടനം തീർച്ചയായും അമ്പരപ്പിക്കുന്നതാണ്. കേരള ബ്ലാസ്റ്റേഴ്സ് കളിച്ച 5 മത്സരങ്ങളിൽ നാലു മത്സരങ്ങളിലും പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം നേടിയത് നോഹയാണ് എന്ന് പറയുമ്പോഴാണ് അദ്ദേഹത്തിന്റെ പ്രാധാന്യം എത്രത്തോളമാണ് എന്നുള്ളത് വ്യക്തമാവുക.കേരള ബ്ലാസ്റ്റേഴ്സിനെ മുന്നോട്ടു കൊണ്ടുപോകുന്നത് ഇപ്പോൾ അദ്ദേഹമാണ്. 3 ഗോളുകളും രണ്ട് അസിസ്റ്റുകളും ആണ് ഇതുവരെ ക്ലബ്ബിന് വേണ്ടി ഐഎസ്എല്ലിൽ മാത്രമായി അദ്ദേഹം നേടിയിട്ടുള്ളത്.
എന്നാൽ ഡ്യൂറന്റ് കപ്പിലും അദ്ദേഹം തകർപ്പൻ പ്രകടനം പുറത്തെടുത്തിരുന്നു.6 ഗോളുകൾ നേടി കൊണ്ട് ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയിരുന്നു.കൂടാതെ രണ്ട് അസിസ്റ്റുകളും സ്വന്തമാക്കിയിരുന്നു. അതിനുപുറമേയാണ് ഇപ്പോൾ ഐഎസ്എല്ലിൽ 5 ഗോൾ പങ്കാളിത്തങ്ങൾ അദ്ദേഹം പൂർത്തിയാക്കിയിട്ടുള്ളത്.
ചുരുക്കത്തിൽ അതിശയകരമായ പ്രകടനമാണ് നോഹ നടത്തിയിട്ടുള്ളത്. ആകെ 9 മത്സരങ്ങളാണ് ക്ലബ്ബിന് വേണ്ടി എല്ലാ കോമ്പറ്റീഷനിലുമായി അദ്ദേഹം കളിച്ചിട്ടുള്ളത്. അതിൽ ആറുമത്സരങ്ങളിലും പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കിയത് നോഹയാണ്. പകരക്കാരില്ലാത്ത താരമായി മാറാൻ ഇപ്പോൾ തന്നെ നോഹക്ക് സാധിച്ചിട്ടുണ്ട്.