ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ ഒരു അട്ടിമറിയാണ് സംഭവിച്ചിരിക്കുന്നത് എന്ന് പറയേണ്ടിവരും. കാരണം കരുത്തരായ ഗോവ പരാജയപ്പെട്ടിരിക്കുന്നു. നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് ഗോവയെ പരാജയപ്പെടുത്തിയിട്ടുള്ളത്. എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ഗോവ പരാജയം രുചിക്കുകയായിരുന്നു.ജൂറിച്ച് പെനാൽറ്റിയിലൂടെ ആദ്യ ഗോൾ നേടിയപ്പോൾ രണ്ടാം ഗോൾ ഗോവ സെൽഫ് ഗോളാണ് നേടിയത്.
തുടർച്ചയായ രണ്ടാം തോൽവിയാണ് എഫ്സി ഗോവ ഇപ്പോൾ വഴങ്ങുന്നത്. കഴിഞ്ഞ മത്സരത്തിൽ മോഹൻ ബഗാനോട് പരാജയപ്പെട്ടിരുന്നു. നോർത്ത് ഈസ്റ്റിനെതിരെയുള്ള മത്സരത്തിൽ ആധിപത്യം പുലർത്താൻ ഗോവക്ക് കഴിഞ്ഞിരുന്നു. പക്ഷേ ഫിനിഷിംഗിലെ അപാകതകൾ അവർക്ക് തിരിച്ചടിയായി.നിലവിൽ നാലാം സ്ഥാനത്ത് തന്നെയാണ് ഗോവ ഉള്ളത്. 14 മത്സരങ്ങളിൽ നിന്ന് 28 പോയിന്റാണ് അവർക്കുള്ളത്.
ഈ തോൽവിയിൽ ഗോവയുടെ പരിശീലകനായ മനോളോ മാർക്കസ് വളരെയധികം ദേഷ്യം പ്രകടിപ്പിച്ചിട്ടുണ്ട്. എല്ലാവരോടും തനിക്ക് ദേഷ്യം തോന്നുന്നു എന്നാണ് ഈ പരിശീലകൻ പറഞ്ഞിട്ടുള്ളത്.മത്സരത്തിൽ മോശം പ്രകടനമാണ് നടത്തിയതെന്ന് ഇദ്ദേഹം തുറന്നടിക്കുകയും ചെയ്തു.മനോളോ പറഞ്ഞത് ഇപ്രകാരമാണ്.
ഞാൻ വളരെയധികം ദേഷ്യത്തിലാണ്,അസ്വസ്ഥനാണ്,എന്റെ കാര്യത്തിൽ ഞാൻ തന്നെ നിരാശനാണ്.എല്ലാവരുടെ കാര്യത്തിലും ഞാൻ നിരാശനാണ്.ഞങ്ങൾ മോശം പ്രകടനമാണ് നടത്തിയത്.കളിക്കളത്തിൽ എന്ത് ചെയ്യണമെന്ന് എതിരാളികൾക്ക് കൃത്യമായി അറിയാമായിരുന്നു. ഒരു ടീം എന്ന നിലയിൽ അവരാണ് മികച്ചു നിന്നത്, ഇതാണ് ഗോവ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഗോവയുടെ ഈ മോശം ഫോമിൽ കേരള ബ്ലാസ്റ്റേഴ്സിന് സന്തോഷിക്കാൻ വകയുണ്ട്. എന്തെന്നാൽ അടുത്ത മത്സരത്തിൽ ബ്ലാസ്റ്റേഴ്സും ഗോവയും തമ്മിലാണ് ഏറ്റുമുട്ടുക.കൊച്ചിയിൽ വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. ഈ മത്സരത്തിൽ ഗോവയെ പരാജയപ്പെടുത്തേണ്ടത് ക്ലബ്ബിന് നിർബന്ധമാണ്. രണ്ട് തുടർ തോൽവികൾ വഴങ്ങിയ ഗോവക്കെതിരെ ബ്ലാസ്റ്റേഴ്സ് പൂർവാധികം ശക്തിയോടുകൂടി തിരിച്ചുവരും എന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.