കുറഞ്ഞ സമയത്തെ അശ്രദ്ധ,നാലു മിനുട്ടിനുള്ളിൽ മത്സരം കൈവിട്ട് കേരള ബ്ലാസ്റ്റേഴ്സ്.

ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന തങ്ങളുടെ പതിമൂന്നാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സിനെ ഒഡീഷ പരാജയപ്പെടുത്തിയിട്ടുള്ളത്.ഒഡീഷയുടെ മൈതാനമായ കലിംഗ സ്റ്റേഡിയത്തിൽ ഒരിക്കൽ കൂടി കേരള ബ്ലാസ്റ്റേഴ്സ് തലകുനിച്ച് മടങ്ങുകയായിരുന്നു. ഇതോടെ അവസാനമായി കളിച്ച മൂന്നു മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരഫലം പരാജയമാണ്.

നിഹാൽ സുധീഷ്,ഡൈസുകെ സക്കായ് എന്നിവർ മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ ഇടം നേടിയിരുന്നു.മത്സരത്തിന്റെ പതിനൊന്നാം മിനിറ്റിൽ ലീഡ് നേടിയത് കേരള ബ്ലാസ്റ്റേഴ്സാണ്. വിങ്ങിലൂടെ മുന്നേറ്റം നടത്തിയ നിഹാൽ ഒരു കിടിലൻ ക്രോസ് ദിമിയെ ലക്ഷ്യമിട്ട് നൽകുകയായിരുന്നു. അത് ഫിനിഷ് ചെയ്യേണ്ട ഉത്തരവാദിത്വം മാത്രമായിരുന്നു ദിമിക്ക് ഉണ്ടായിരുന്നത്.ദിമി അത് ഗോളാക്കി മാറ്റിയതോടെ കേരള ബ്ലാസ്റ്റേഴ്സ് മുന്നിലെത്തി.

മത്സരത്തിന്റെ ആദ്യ പകുതിയിൽ ഈ ഗോളിന്റെ ലീഡിലാണ് ബ്ലാസ്റ്റേഴ്സ് കളം വിട്ടത്. എന്നാൽ രണ്ടാം പകുതിയിൽ കാര്യങ്ങൾ പിഴച്ചു. കുറച്ച് നേരത്തെ അശ്രദ്ധ മത്സരത്തിന്റെ ഫലത്തെ തന്നെ മാറ്റിമറിക്കുകയായിരുന്നു. നാല് മിനിറ്റിനുള്ളിൽ രണ്ട് ഹെഡർ ഗോളുകൾ നേടി കൊണ്ട് റോയ് കൃഷ്ണ മത്സരം ബ്ലാസ്റ്റേഴ്സിന്റെ കൈകളിൽ നിന്നും തട്ടി മാറ്റുകയായിരുന്നു.

53ആം മിനിറ്റിൽ ജാഹുവിന്റെ കോർണർ കിക്കിൽ നിന്നും ഹെഡ്ഡറിലൂടെ റോയ് കൃഷ്ണ ഗോൾ നേടിക്കൊണ്ട് ഓഡിഷയെ ഒപ്പം എത്തിക്കുകയായിരുന്നു. പിന്നീട് 57ആം മിനിറ്റിൽ രണവാഡേയുടെ ക്രോസിൽ നിന്ന് മറ്റൊരു ഗോൾ കൂടി റോയ് കൃഷ്ണ നേടുകയായിരുന്നു. ഈ രണ്ട് ഗോളുകളാണ് ഒഡിഷയ്ക്ക് വിജയം സമ്മാനിച്ചത്. ഒന്ന് ശ്രദ്ധിച്ചിരുന്നുവെങ്കിൽ കേരള ബ്ലാസ്റ്റേഴ്സിന് ഈ ഗോളുകൾ ഒഴിവാക്കാൻ സാധിക്കുമായിരുന്നു.

ഏതായാലും തോൽവി ബ്ലാസ്റ്റേഴ്സിന് ക്ഷീണം ചെയ്യുന്ന ഒരു കാര്യമാണ്. സൂപ്പർ കപ്പിൽ നടന്ന അവസാനത്തെ രണ്ട് മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. അതിന്റെ തുടർച്ച എന്നോണം ഇപ്പോൾ ബ്ലാസ്റ്റേഴ്സ് ഐഎസ്എല്ലിലും പരാജയപ്പെട്ടു കഴിഞ്ഞു. ഇതോടുകൂടി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് ബ്ലാസ്റ്റേഴ്സ് പിന്തള്ളപ്പെട്ടിട്ടുണ്ട്. ഒന്നാം സ്ഥാനത്ത് ഗോവയും രണ്ടാം സ്ഥാനത്ത് ഒഡീഷയുമാണ് വരുന്നത്.

13 മത്സരങ്ങളിൽ നിന്ന് 26 പോയിന്റ് നേടിക്കൊണ്ടാണ് ബ്ലാസ്റ്റേഴ്സ് ഇപ്പോൾ മൂന്നാം സ്ഥാനത്ത്. അതേസമയം കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ താരമായ ഫെഡോർ ചെർനിച്ച് ക്ലബ്ബിനുവേണ്ടി അരങ്ങേറ്റം കുറിച്ചു. മത്സരത്തിന്റെ അവസാനത്തിൽ പകരക്കാരനായി കൊണ്ടാണ് അദ്ദേഹം കളിക്കളത്തിലേക്ക് എത്തിയത്.

Kerala BlastersOdisha Fc
Comments (0)
Add Comment