ആരാധകരെ തൊട്ടു കളിക്കരുത്: സ്റ്റേറ്റ്മെന്റ് ഇറക്കി കേരള ബ്ലാസ്റ്റേഴ്സ്!
ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ആവേശകരമായ ഒരു വിജയം സ്വന്തമാക്കിയിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് കൊൽക്കത്തൻ ക്ലബ്ബായ മുഹമ്മദൻ എസ്സിയെ പരാജയപ്പെടുത്തിയത്. ഒരു ഗോളിന് പിറകിൽ പോയ ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ നേടിക്കൊണ്ട് വിജയം സ്വന്തമാക്കുകയായിരുന്നു.പെപ്ര,ജീസസ് എന്നിവർ നേടിയ ഗോളുകളാണ് ബ്ലാസ്റ്റേഴ്സിന് വിജയം സമ്മാനിച്ചത്.
ഈ മത്സരത്തിനിടയിൽ ഒരല്പം നേരം കളി തടസ്സപ്പെട്ടിരുന്നു. അക്രമാസക്തരായ മുഹമ്മദൻ എസ്സി ആരാധകർ പല സാധനസാമഗ്രികളും ഗ്രൗണ്ടിലേക്ക് വലിച്ചെറിയുകയായിരുന്നു.ഇതോടെയാണ് റഫറിക്ക് മത്സരം നിർത്തിവെക്കേണ്ടത്.മാത്രമല്ല കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് നേരെയും ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. കുപ്പികളും കല്ലുകളും മരക്കഷണങ്ങളുമൊക്കെ അവർ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് നേരെ എറിയുകയായിരുന്നു.വീഡിയോ അടക്കമുള്ള തെളിവുകൾ ഇപ്പോൾ പുറത്തേക്കു വന്നിട്ടുണ്ട്.
കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഒട്ടും സുരക്ഷിതമായ ഒരു സാഹചര്യമായിരുന്നില്ല ഉണ്ടായിരുന്നത്.ഇക്കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഒരു ഒഫീഷ്യൽ സ്റ്റേറ്റ്മെന്റ് ഇറക്കിയിട്ടുണ്ട്. തങ്ങളുടെ ആരാധകരെ തൊട്ടു കളിക്കരുത് എന്ന് തന്നെയാണ് ബ്ലാസ്റ്റേഴ്സ് നൽകുന്ന മുന്നറിയിപ്പ്. അവരുടെ സ്റ്റേറ്റ്മെന്റിലെ പ്രസക്തഭാഗങ്ങൾ പരിശോധിക്കാം.
‘ ഞങ്ങളുടെ ആരാധകർക്ക് നേരിടേണ്ടിവന്ന കാര്യങ്ങളിൽ ഞങ്ങൾ വളരെയധികം ആശങ്കാകുലരാണ്.ഞങ്ങളുടെ ആരാധകരുടെ സുരക്ഷ വളരെ പ്രധാനപ്പെട്ടതാണ്. ഹോമിലാണെങ്കിലും എവേയിലാണെങ്കിലും അവർ ക്ലബ്ബിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ്. ബന്ധപ്പെട്ട അധികാരികളുമായി സംസാരിച്ചിട്ടുണ്ട്.വേണ്ട നടപടികൾ കൈക്കൊള്ളുകയും ചെയ്തിട്ടുണ്ട്. എല്ലാവരുടെയും സുരക്ഷയാണ് മുഖ്യം.ഇത്തരം കാര്യങ്ങൾക്ക് ഫുട്ബോളിൽ ഒരു സ്ഥാനവുമില്ല.ഞങ്ങളുടെ ആരാധകരുടെ സുരക്ഷ ഉറപ്പാക്കൽ ഞങ്ങളുടെ ഉത്തരവാദിത്വമാണ്.അത് ഞങ്ങൾ ചെയ്യും.ആരാധകർ പിന്തുണ തുടരണമെന്ന് അഭ്യർത്ഥിക്കുന്നു ‘ഇതാണ് ബ്ലാസ്റ്റേഴ്സ് ഒഫീഷ്യൽ സ്റ്റേറ്റ്മെന്റിലൂടെ അറിയിച്ചിട്ടുള്ളത്.
ഏതായാലും കേരള ബ്ലാസ്റ്റേഴ്സ് പരാതി നൽകിയിട്ടുണ്ട്.വളരെ മോശം പെരുമാറ്റം തന്നെയാണ് കൊൽക്കത്തയിലെ ആരാധകർ നടത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ഐഎസ്എൽ അധികൃതർ അവർക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.