കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഒരിക്കലും മറക്കാൻ സാധ്യതയില്ലാത്ത താരമാണ് ഇയാൻ ഹ്യും. കനേഡിയൻ ഇന്റർനാഷണൽ ആയ ഇദ്ദേഹം ആദ്യ സീസണിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ബൂട്ടണിയാൻ എത്തിയിരുന്നു.മികച്ച പ്രകടനം താരം നടത്തിയിരുന്നു. പിന്നീട് 2017 /18 സീസണിലും ഇദ്ദേഹം ബ്ലാസ്റ്റേഴ്സിന് വേണ്ടി ബൂട്ടണിഞ്ഞു.ആകെ 11 ഗോളുകളാണ് ക്ലബ്ബിനുവേണ്ടി ഈ താരം നേടിയിരുന്നത്.
കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ വളരെ സ്നേഹത്തോടുകൂടി ഹ്യുമേട്ടൻ എന്നാണ് ഇദ്ദേഹത്തെ അഭിസംബോധനം ചെയ്യാറുള്ളത്. അത്രയധികം പ്രിയപ്പെട്ട താരമാണ് ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഇയാൻ ഹ്യും. കേരള ബ്ലാസ്റ്റേഴ്സിനെ കുറിച്ചും ആരാധകരെ കുറിച്ചും എപ്പോഴും വാചാലനാകുന്ന ഒരു താരമാണ് ഇദ്ദേഹം. ബ്ലാസ്റ്റേഴ്സിന് ഇപ്പോഴും അദ്ദേഹം നല്ല രൂപത്തിൽ തന്നെ ഫോളോ ചെയ്യുന്നുമുണ്ട്.
ഐഎസ്എൽ ആദ്യ സീസണിൽ സെമി ഫൈനലിൽ ചെന്നൈ ആയിരുന്നു ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. അന്ന് ബ്ലാസ്റ്റേഴ്സിന്റെ മൈതാനത്ത് വെച്ച് നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ചെന്നൈയെ പരാജയപ്പെടുത്തിയത്. അന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ സ്റ്റേഡിയം ബൊറൂസിയ ഡോർട്മുണ്ടിന്റെ സ്റ്റേഡിയത്തെ പോലെയായിരുന്നുവെന്നും കൊച്ചി സ്റ്റേഡിയത്തിന്റെ മേൽക്കൂരയിൽ വരെ ആരാധകർ ഉണ്ടായിരുന്നു എന്നുമാണ് അത്ഭുതത്തോടുകൂടി ഹ്യും പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക് പോകാം.
‘ഹോമിലും അവയിലുമായി സെമി ഫൈനൽ ഉണ്ടായിരുന്നു.ഞങ്ങളുടെ ആദ്യ സെമി ഫൈനൽ ഹോമിൽ ആയിരുന്നു.ഞങ്ങളുടെ സ്റ്റേഡിയത്തിന്റെ പരിധി അറുപതിനായിരം,എഴുപതിനായിരം വരെയാണ്. എന്നാൽ കുറഞ്ഞത് എൺപത്തിയഞ്ചായിരം മുതൽ തൊണ്ണൂറായിരം വരെ ആളുകൾ ഉണ്ടായതായി പറയപ്പെടുന്നു.സ്റ്റേഡിയത്തിന്റെ മുകളിലുള്ള മേൽക്കൂരക്കും മുകളിൽ വരെ അവർ സ്ഥാനപിടിച്ചിരുന്നു.മഞ്ഞ നിറമണിഞ്ഞ ഞങ്ങൾ ഡോർട്ട്മുണ്ടിനെ പോലെയായിരുന്നു. എങ്ങും മഞ്ഞക്കടലായിരുന്നു.അത് തീർത്തും ഭ്രാന്തമായിരുന്നു.
കളി തുടങ്ങി ആദ്യ 8-10 മിനിറ്റിനുള്ളിൽ ഞങ്ങൾ സ്കോർ ചെയ്തു.സ്റ്റേഡിയം ആർത്തുവിളിച്ചു.ഞങ്ങൾക്ക് പരസ്പരം ഒന്നും കേൾക്കാൻ സാധിക്കുമായിരുന്നില്ല. ഞങ്ങൾ വീണ്ടും ഗോളടിച്ചു.മത്സരം 3-0 ന് വിജയിച്ചു’ ഇയാൻ ഹ്യും പറഞ്ഞു.
തുടക്കകാലത്ത് കൊച്ചി സ്റ്റേഡിയത്തിന്റെ കപ്പാസിറ്റി ഏറെയായിരുന്നു. പിന്നീട് അണ്ടർ 17 വേൾഡ് കപ്പ് നടന്ന സമയത്ത് കപ്പാസിറ്റി കുറയുകയായിരുന്നു. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ സീസണുകളിൽ ഒക്കെ തന്നെയും അറുപതിനായിരത്തോളം ആരാധകർ സ്ഥിരമായി കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം വീക്ഷിക്കാൻ വേണ്ടി സ്റ്റേഡിയത്തിൽ എത്തിയിരുന്നു. അത്ഭുതകരമായ ഒരു കാഴ്ച തന്നെയായിരുന്നു അന്ന് അത്.