കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഇവാൻ വുക്മനോവിച്ച് ഗുരുതരമായ പ്രതിസന്ധിയെയാണ് ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്നത്. തുടർച്ചയായ അഞ്ച് മത്സരങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടു കഴിഞ്ഞു.ഇവാൻ വുക്മനോവിച്ചിന്റെ കരിയറിൽ ഇങ്ങനെയൊന്ന് സംഭവിക്കുന്നത് ഇതാദ്യമാണ്.സർവ്വതും പിഴച്ചു കൊണ്ടാണ് ഈ പരിശീലകൻ ഇപ്പോൾ നിലകൊള്ളുന്നത്.
സീസണിൽ മികച്ച തുടക്കം ഉണ്ടാക്കിയെടുക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നു. എന്നാൽ പതിവുപോലെ രണ്ടാംഘട്ടത്തിൽ അത് കളഞ്ഞു കുളിക്കുകയാണ് ബ്ലാസ്റ്റേഴ്സ് ചെയ്യുന്നത്. കഴിഞ്ഞ രണ്ട് സീസണുകളിലും ഇവാൻ ഇതുതന്നെയാണ് ചെയ്തിട്ടുള്ളത്.പക്ഷേ ഇത്തവണ പൂർണ്ണമായും ഈ പരിശീലകനെ പഴിചാരാൻ കഴിയില്ല.കാരണം പ്രധാനപ്പെട്ട താരങ്ങളെയെല്ലാം പരിക്ക് കാരണം അദ്ദേഹത്തിന് നഷ്ടമായിട്ടുണ്ട്. യുവതാരങ്ങളെ വെച്ചുകൊണ്ടാണ് അദ്ദേഹം ടീമിനെ മുന്നോട്ടു കൊണ്ടുപോകുന്നത്.
കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെ പരാജയപ്പെട്ടത് ചെന്നൈയിൻ എഫ്സിയോടാണ്. എന്നാൽ ചെന്നൈയുടെ പരിശീലകനായ ഓവൻ കോയ്ൽ ഇവാൻ വുക്മനോവിച്ചിനെ പിന്തുണയ്ക്കുകയാണ് ചെയ്തിട്ടുള്ളത്. കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇതുവരെ ചെയ്തിട്ടുള്ളത് ശ്രദ്ധേയമായ ഒരു ജോലിയാണ് എന്നാണ് ഓവൻ പറഞ്ഞിട്ടുള്ളത്.അദ്ദേഹം അനുഭവിക്കുന്ന ബുദ്ധിമുട്ട് തനിക്ക് മനസ്സിലാകുമെന്നും ഈ പരിശീലകൻ പറഞ്ഞിട്ടുണ്ട്.
കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിൽ വലിയ രൂപത്തിലുള്ള തുക ചിലവഴിക്കുന്ന ക്ലബ്ബ് ഒന്നുമല്ല. അവർ മികച്ച രീതിയിലേക്ക് മാറാൻ കാരണം ഇവാൻ ആണ്.അദ്ദേഹം വളരെ ശ്രദ്ധേയമായ ജോലിയാണ് ചെയ്തിട്ടുള്ളത്.ഒരുപാട് പരിക്കുകൾ അവർക്കുണ്ട്. യുവതാരങ്ങളെ വെച്ചുകൊണ്ടാണ് അവർ മുന്നോട്ടുപോകുന്നത്.അദ്ദേഹത്തിനും കേരള ബ്ലാസ്റ്റേഴ്സിനും എത്രത്തോളം ബുദ്ധിമുട്ട് ഇപ്പോൾ ഉണ്ട് എന്നത് എനിക്ക് കൃത്യമായി അറിയാം,ഇതാണ് ചെന്നൈ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഇന്നലത്തെ മത്സരത്തിലാണ് സച്ചിൻ സുരേഷിനും ലെസ്ക്കോക്കും പരിക്കേറ്റത്.ഇത് കാര്യങ്ങളെ കൂടുതൽ ഗുരുതരമാക്കുകയാണ് ചെയ്യുക.അടുത്ത മത്സരത്തിൽ കരുത്തരായ ഗോവയെ നേരിടുമ്പോൾ ബ്ലാസ്റ്റേഴ്സിന് കാര്യങ്ങൾ ഒട്ടും എളുപ്പമാവില്ല. മത്സരത്തെ അതിജീവിക്കുക എന്നത് തന്നെ വലിയ കാര്യമായിരിക്കും.