2021ൽ ബാഴ്സലോണയും ജിറോണയും തമ്മിൽ നടന്ന മത്സരത്തിൽ മികച്ച പ്രകടനം മെസ്സി നടത്തിയിരുന്നു.പക്ഷേ അതിനുശേഷം മെസ്സി പറഞ്ഞ ഒരു സ്റ്റേറ്റ്മെന്റ് വലിയ രൂപത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതായത് അവരുടെ റൈറ്റ് ബാക്ക് പൊസിഷനിൽ കളിക്കുന്ന താരമായ പാബ്ലോ മാഫിയോ തന്നെ ബുദ്ധിമുട്ടിച്ചു എന്നായിരുന്നു മെസ്സി പറഞ്ഞിരുന്നത്. അദ്ദേഹവുമായുള്ള പോരാട്ടം വളരെയധികം തീവ്രമായിരുന്നു എന്ന് മെസ്സി തന്നെ സമ്മതിച്ചിരുന്നു.
പക്ഷേ ഇപ്പോൾ അദ്ദേഹം മെസ്സിക്കൊപ്പം കളിക്കാൻ പോവുകയാണ്. വരുന്ന ഇന്റർനാഷണൽ ബ്രേക്കിലേക്കുള്ള അർജന്റീനയുടെ ടീമിനെ പരിശീലകൻ സ്കലോണി പ്രഖ്യാപിച്ചപ്പോൾ അതിൽ ഇടം നേടാൻ മാഫിയോക്ക് സാധിച്ചിട്ടുണ്ട്. യഥാർത്ഥത്തിൽ സ്പാനിഷ് പൗരനാണ് ഇദ്ദേഹം. പക്ഷേ അദ്ദേഹത്തിന്റെ അമ്മ അർജന്റീനക്കാരിയായതിനാൽ അർജന്റീനയെ പ്രതിനിധീകരിക്കാനുള്ള അവസരം അദ്ദേഹത്തിന് കൈവരികയായിരുന്നു. വളരെ വേഗത്തിൽ ലീഗൽ ഫോർമാലിറ്റികൾ എല്ലാം തീർത്തുകൊണ്ട് സ്കലോണി ഇദ്ദേഹത്തെ ടീമിൽ ഉൾപ്പെടുത്തുകയായിരുന്നു.
ഇതുവരെ ലയണൽ മെസ്സിക്കെതിരെ കളിച്ച മാഫിയോ ഇനി മെസ്സിക്കൊപ്പം കളിക്കാനാണ് പോകുന്നത്. അതിനെക്കുറിച്ച് ആവേശത്തോടെ കൂടി ചില കാര്യങ്ങൾ താരം പറഞ്ഞിട്ടുണ്ട്. ലയണൽ മെസ്സിക്കൊപ്പം കളിക്കാൻ സാധിക്കുന്നു എന്നത് താൻ സങ്കൽപ്പിച്ചിട്ട് പോലുമില്ലാത്ത ഒരു കാര്യമാണ് എന്നാണ് മാഫിയോ പറഞ്ഞിട്ടുള്ളത്. ലയണൽ മെസ്സിയോടുള്ള ഇഷ്ടം ഈ ഡിഫൻഡർ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.
ലയണൽ മെസ്സിക്കൊപ്പം കളിക്കുക എന്നത് സങ്കൽപ്പിക്കാൻ പോലും സാധിക്കാത്ത ഒരു കാര്യമാണ്. ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരത്തോടൊപ്പം കളിക്കുക, അദ്ദേഹത്തോടൊപ്പം ഡ്രസ്സിങ് റൂം പങ്കിടുക എന്നതൊക്കെ ജീനിയലായിട്ടുള്ള ഒരു കാര്യമാണ്.മുൻപ് ഞാൻ ലയണൽ മെസ്സിക്കെതിരെ കളിച്ചിട്ടുണ്ട്,ഇപ്പോൾ അദ്ദേഹത്തോടൊപ്പം കളിക്കാൻ പോകുന്നു എന്നത് മാരകമായ ഒരു കാര്യമാണ്.ഞങ്ങൾ തമ്മിൽ പരസ്പരം ഏറ്റുമുട്ടിയത് മെസ്സിക്ക് ഓർമ്മയുണ്ടാകുമോ എന്നറിയില്ല.ഓർമ്മയുണ്ടാകാൻ സാധ്യതയുണ്ട്.കാരണം അതിനുശേഷം അദ്ദേഹം നല്ല രീതിയിലായിരുന്നു എന്നോട് ഇടപെട്ടിരുന്നത്. അദ്ദേഹത്തിന്റെ ജേഴ്സി ഞാൻ ഫ്രെയിം ചെയ്തു വച്ചിട്ടുണ്ട്, ഇതാണ് മാഫിയോ പറഞ്ഞിട്ടുള്ളത്.
അർജന്റീനയുടെ റൈറ്റ് ബാക്ക് പൊസിഷനിലേക്ക് ഒരു മുതൽക്കൂട്ടാവാൻ മാഫിയോക്ക് സാധിക്കും എന്ന കാര്യത്തിൽ തർക്കങ്ങൾ ഒന്നുമില്ല. ഇപ്പോൾ അദ്ദേഹം മറ്റൊരു സ്പാനിഷ് ക്ലബ്ബായ മയ്യോർക്കക്ക് വേണ്ടിയാണ് കളിച്ചു കൊണ്ടിരിക്കുന്നത്. സ്പാനിഷ് ലീഗിലെ 9 മത്സരങ്ങളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. വരുന്ന ഇന്റർനാഷണൽ ബ്രേക്കിൽ കോച്ച് അദ്ദേഹത്തിന് അവസരം നൽകുമോ എന്നത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.