കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിന് മുന്നേ അർജന്റൈൻ സൂപ്പർ താരമായ എയ്ഞ്ചൽ ഡി മരിയ ഒരു പ്രഖ്യാപനം നടത്തിയിരുന്നു. അതായത് ഖത്തർ വേൾഡ് കപ്പ് അവസാനിക്കുന്നതോടുകൂടി താൻ അർജന്റീന ദേശീയ ടീമിൽ നിന്നും വിരമിക്കും എന്നായിരുന്നു ഡി മരിയയുടെ പ്രഖ്യാപനം. എന്നാൽ വേൾഡ് കപ്പ് അർജന്റീന നേടിയതോടുകൂടി ഈ സൂപ്പർ താരം തീരുമാനം മാറ്റുകയായിരുന്നു.കുറച്ച് കാലം കൂടി അർജന്റീന നാഷണൽ ടീമിനോടൊപ്പം ചിലവഴിച്ചുകൊണ്ട് ആസ്വദിക്കാൻ ഡി മരിയ തീരുമാനിക്കുകയായിരുന്നു.
പക്ഷേ വിരമിക്കലിനെ കുറിച്ചുള്ള പുതിയ ഒരു തീരുമാനം ഈ താരം എടുത്തിട്ടുണ്ട്. അതായത് അടുത്ത വർഷത്തെ കോപ്പ അമേരിക്ക യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിൽ വച്ചുകൊണ്ടാണ് നടക്കുന്നത്. ആ ടൂർണമെന്റിനു ശേഷം അർജന്റീന നാഷണൽ ടീമിൽ നിന്നും വിരമിക്കും എന്നാണ് ഡി മരിയയുടെ പുതിയ തീരുമാനം. അങ്ങനെ വരുമ്പോൾ അർജന്റീനയിൽ വച്ചുകൊണ്ട് ഡി മരിയ തന്റെ ദേശീയ ടീമിനായി കളിക്കുന്ന അവസാനത്തെ മത്സരമായിരിക്കും ഈ വരുന്ന മത്സരം. വെള്ളിയാഴ്ച നടക്കുന്ന ഉറുഗ്വക്കെതിരെയുള്ള മത്സരം അർജന്റീനയിലെ ലാ ബൊമ്പനേരയിൽ വെച്ചുകൊണ്ടാണ് നടക്കുന്നത്.
ഈ മാസത്തെ മത്സരങ്ങൾക്ക് ശേഷം മാർച്ചിലാണ് അർജന്റീന കളിക്കുക.പക്ഷേ യൂറോപ്പിൽ വച്ചുകൊണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കാനുള്ള ഒരു പദ്ധതികൾക്കാണ് അർജന്റീന ഇപ്പോൾ രൂപം നൽകിക്കൊണ്ടിരിക്കുന്നത്.അതിനുശേഷം അർജന്റീന കോപ്പ അമേരിക്ക ടൂർണമെന്റിൽ പങ്കെടുക്കും. ചുരുക്കത്തിൽ ഡി മരിയ ഇനി അർജന്റീനയിൽ വെച്ച് അർജന്റീനക്ക് വേണ്ടി കളിക്കാനുള്ള സാധ്യതകൾ കുറവാണ്. എന്നാൽ അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ അർജന്റൈൻ താരങ്ങൾ തന്നെ തീരുമാനിച്ചിട്ടുണ്ട്. സഹതാരമായ ലിയാൻഡ്രോ പരേഡസാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
കോപ്പ അമേരിക്കക്ക് ശേഷവും എയ്ഞ്ചൽ ഡി മരിയയെ അർജന്റീന നാഷണൽ ടീമിനോടൊപ്പം തുടരാൻ ഞങ്ങൾ കൺവിൻസ് ചെയ്യും, ഇതായിരുന്നു താരത്തെക്കുറിച്ച് പരേഡസ് പറഞ്ഞിരുന്നത്. അതായത് അദ്ദേഹം ടീമിൽ തുടരാൻ തന്നെയാണ് സഹതാരങ്ങൾ ആഗ്രഹിക്കുന്നത്.പക്ഷേ മറ്റുള്ളവർക്ക് വേണ്ടി വഴി മാറി കൊടുക്കാൻ തന്നെയാണ് ഡി മരിയയുടെ തീരുമാനം. നിലവിലെ സാഹചര്യങ്ങൾ പരിഗണിക്കുമ്പോൾ അടുത്ത കോപ്പ അമേരിക്കക്ക് ശേഷം അദ്ദേഹം വിരമിക്കും എന്ന് തന്നെയാണ് നമുക്ക് വിലയിരുത്താനാവുക.
നിലവിൽ പോർച്ചുഗീസ് ക്ലബ്ബായ ബെൻഫിക്കക്ക് വേണ്ടിയാണ് ഡി മരിയ കളിച്ചു കൊണ്ടിരിക്കുന്നത്.അവിടെയും മികച്ച പ്രകടനം നടത്താൻ അദ്ദേഹത്തിന് ഇപ്പോൾ സാധിക്കുന്നുണ്ട്.അർജന്റീനയിൽ വെച്ച് വിരമിക്കലാണ് തന്റെ ആഗ്രഹമെന്ന് ഡി മരിയ പറഞ്ഞിരുന്നു.ബെൻഫിക്കക്ക് ശേഷം അർജന്റീനയിലേക്ക് തിരിച്ചെത്തുമെന്ന സൂചനകൾ നേരത്തെ തന്നെ ഈ സൂപ്പർതാരം നൽകിയിരുന്നു.അർജന്റൈൻ ക്ലബ്ബായ റൊസാരിയോ സെൻട്രലിന് വേണ്ടിയായിരുന്നു ഈ താരം മുൻപ് കളിച്ചിരുന്നത്.അവർക്ക് വേണ്ടി തന്നെ കളിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.