കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനും സ്പോർട്ടിംഗ് ഡയറക്ടർക്കും മാനേജിംഗ് ഡയറക്ടർക്കും സമീപകാലത്ത് ഏൽക്കേണ്ടി വന്ന വിമർശനങ്ങൾ ഏറെയാണ്. പ്രധാനമായും ട്രാൻസ്ഫറിന്റെ കാര്യത്തിലാണ് വിമർശനങ്ങൾ ഏൽക്കേണ്ടി വന്നത്. ആരാധകർ ആഗ്രഹിച്ച പോലെയുള്ള സൈനിങ്ങുകൾ ഒന്നും തന്നെ നടന്നിട്ടില്ല. പ്രത്യേകിച്ച് ഡൊമസ്റ്റിക്ക് സൈനിങ്ങുകളുടെ കാര്യത്തിലാണ് ആരാധകർക്ക് വലിയ നിരാശയുള്ളത്. ഇന്ത്യൻ താരങ്ങൾ കളിക്കുന്ന പല പൊസിഷനുകളും വളരെ പരിതാപകരമാണ് എന്നാണ് ആരാധകർ ആരോപിക്കുന്നത്.
അതുകൊണ്ടുതന്നെ കൂടുതൽ മികച്ച ഇന്ത്യൻ താരങ്ങളെ ക്ലബ്ബ് കൊണ്ടുവരുമെന്ന് അവർ വിശ്വസിച്ചിരുന്നു. എന്നാൽ അത് സംഭവിച്ചില്ല എന്നുള്ളത് മാത്രമല്ല ജീക്സൺ സിങ്ങിനെ പോലും ബ്ലാസ്റ്റേഴ്സ് കൈവിടുകയായിരുന്നു. നിലവിൽ ഇന്ത്യൻ ദേശീയ ടീമിൽ കളിക്കുന്ന ഒരൊറ്റ താരം പോലും ബ്ലാസ്റ്റേഴ്സ് എന്ന ടീമിനകത്ത് ഇല്ല. അത്രയും പരിതാപകരമായ ഒരു അവസ്ഥയിലേക്ക് ക്ലബ്ബ് മാറിയിട്ടുണ്ട്.
എന്നാൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ മികയേൽ സ്റ്റാറെ മാനേജ്മെന്റിനെ പിന്തുണച്ചുകൊണ്ട് രംഗത്തു വന്നിട്ടുണ്ട്.ഈ പ്രോസസിൽ ഞാൻ വിശ്വസിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. 24 മണിക്കൂറും ക്ലബ്ബിന്റെ പുരോഗതിക്കുവേണ്ടിയാണ് മാനേജ്മെന്റും സ്പോർട്ടിംഗ് ഡയറക്ടറും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതെന്നും സ്റ്റാറെ പറഞ്ഞിട്ടുണ്ട്.ഐഎസ്എൽ മീഡിയ ഡേയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ ഞാൻ മാനേജ്മെന്റിനോടും സ്പോട്ടിംഗ് ഡയറക്ടറും വളരെ ക്ലോസ് ആയി കൊണ്ട് തന്നെയാണ് നിലകൊള്ളുന്നത്.എന്നെക്കാൾ മികച്ച രൂപത്തിൽ മാർക്കറ്റ് അറിയുന്നവർ അവരാണ്. എന്റെ ജോലി നിലവിലെ സ്‌ക്വാഡിനെ നല്ല രീതിയിൽ പരിപാലിക്കുക എന്നുള്ളതാണ്. നല്ല രീതിയിൽ ട്രെയിനിങ് നടത്തുക,മികച്ച രൂപത്തിൽ കളിക്കാനുള്ള വഴി കണ്ടെത്തുക എന്നൊക്കെയാണ് എന്റെ ജോലി. ഞാൻ ഈ പ്രോസസിൽ പൂർണമായും വിശ്വസിക്കുന്നു.പരിഹാരങ്ങൾ കണ്ടെത്താൻ വേണ്ടി എല്ലാ ദിവസവും 24 മണിക്കൂറും അവർ നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട് ‘ഇതാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഏതായാലും പുതിയ സീസൺ തുടങ്ങുമ്പോൾ ആരാധകർക്ക് വലിയ പ്രതീക്ഷകൾ ഒന്നുമില്ല.കാരണം എതിരാളികളെല്ലാം കരുത്തനാണ്.പൊതുവേ ദുർബലർ എന്ന് വിലയിരുത്തപ്പെടുന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡും പഞ്ചാബ് എഫ്സിയുമൊക്കെ കളി മികവിന്റെ കാര്യത്തിൽ ഏറെ മുന്നോട്ടു പോയിട്ടുണ്ട് എന്നുള്ളതാണ് വാസ്തവം.