ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ പഞ്ചാബ് എഫ്സിക്ക് സാധിച്ചിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് അവർ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ 63ആം മിനിറ്റിൽ ജോർദാൻ പെനാൽറ്റിയിലൂടെ നേടിയ ഗോൾ പഞ്ചാബിന് വിജയം സമ്മാനിക്കുകയായിരുന്നു. ഇപ്പോൾ പോയിന്റ് പട്ടികയിൽ പഞ്ചാബ് ഒമ്പതാം സ്ഥാനത്തും നോർത്ത് ഈസ്റ്റ് എട്ടാം സ്ഥാനത്തുമാണ്.
ഇന്നലെ നടന്ന ഈ മത്സരം വീക്ഷിക്കാൻ വേണ്ടി ഇന്ത്യൻ ദേശീയ ടീമിന്റെ പരിശീലകനായ ഇഗോർ സ്റ്റിമാച്ച് സ്റ്റേഡിയത്തിൽ എത്തിയിരുന്നു.അദ്ദേഹത്തോടൊപ്പം കോച്ചിംഗ് സ്റ്റാഫും ഉണ്ടായിരുന്നു. ഇന്നലെയായിരുന്നു അദ്ദേഹം ഇന്ത്യയുടെ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള സാധ്യത സ്‌ക്വാഡിനെ പ്രഖ്യാപിച്ചത്.നോർത്ത് ഈസ്റ്റ്, പഞ്ചാബ് എഫ്സി തുടങ്ങിയ ടീമുകളിലെ താരങ്ങൾക്ക് അങ്ങനെ അവസരങ്ങൾ ഇന്ത്യൻ ദേശീയ ടീമിൽ ലഭിക്കാറില്ല.
ഇതിനെ പരിഹസിച്ചു കൊണ്ട് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പരിശീലകനായ യുവാൻ പെഡ്രോ ബെനാലി ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. എന്റെ ടീമിലെ താരങ്ങളുടെ പേര് പോലും ഇന്ത്യൻ പരിശീലകന് അറിയില്ലായിരിക്കാം എന്നാണ് മത്സരശേഷം ബെനാലി പറഞ്ഞിട്ടുള്ളത്. ജിതിൻ ഇന്ത്യൻ ദേശീയ ടീമിൽ സ്ഥാനം അർഹിക്കുന്ന ഒരു താരമാണെന്നും ബെനാലി ഇതോടുകൂടെ തന്നെ പറഞ്ഞിട്ടുണ്ട്.
ഞാൻ ഞങ്ങളുടെ മത്സരങ്ങൾ കാണാൻ വേണ്ടി ഇന്ത്യൻ ദേശീയ ടീമിന്റെ പരിശീലകൻ ക്ഷണിച്ചിരുന്നു. പക്ഷേ അദ്ദേഹം ഇപ്പോൾ വന്നിരിക്കുന്നത് തനിച്ചല്ല.ഞങ്ങളുടെ ടീമിലെ താരങ്ങളുടെ പേരുകൾ പോലും അദ്ദേഹത്തിന് അറിയുമെന്ന് എനിക്ക് തോന്നുന്നില്ല. പഞ്ചാബ് എഫ്സിയുടെ കാര്യത്തിലും അങ്ങനെ തന്നെയായിരിക്കും,ഇതാണ് ബെനാലി പറഞ്ഞിട്ടുള്ളത്.
ഏതായാലും ഇന്നലെ പ്രഖ്യാപിച്ച ഇന്ത്യയുടെ സാധ്യത സ്‌ക്വാഡിൽ 4 കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളാണ് ഇടം നേടിയിട്ടുള്ളത്. രാഹുൽ കെപി,പ്രീതം കോട്ടാൽ,ഇഷാൻ പണ്ഡിത,ജീക്സൺ സിംഗ് എന്നിവരാണ് ആ നാല് താരങ്ങൾ.