കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെ നടന്ന മത്സരത്തിലും സമനില വഴങ്ങുകയാണ് ചെയ്തിട്ടുള്ളത്. ഒഡീഷക്കെതിരെ അവരുടെ മൈതാനമായ കലിംഗ സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് ബ്ലാസ്റ്റേഴ്സ് കളിച്ചത്.രണ്ട് ടീമുകളും രണ്ട് ഗോളുകൾ വീതം നേടിക്കൊണ്ടാണ് സമനിലയിൽ പിരിഞ്ഞത്. മത്സരത്തിൽ മികച്ച പ്രകടനം ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടുണ്ടെങ്കിലും പതിവുപോലെ നിർഭാഗ്യം വില്ലനാവുകയായിരുന്നു.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ രണ്ട് ഗോളുകൾ നേടി കൊണ്ട് ആഹ്ലാദത്തിലാക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നു. ഓരോ ഗോളുകളും ഓരോ അസിസ്റ്റുകളും വീതമാണ് നോഹ സദോയിയും ജീസസ് ജിമിനസും സ്വന്തമാക്കിയിട്ടുള്ളത്.ആ ആഹ്ലാദം അധികം നീണ്ട് നിന്നില്ല. വളരെ പെട്ടെന്ന് തന്നെ കേരള ബ്ലാസ്റ്റേഴ്സ് രണ്ട് ഗോളുകൾ വഴങ്ങുകയായിരുന്നു. പ്രതിരോധനിരയുടെയും ഗോൾകീപ്പറുടെയും പിഴവിൽ നിന്നാണ് ബ്ലാസ്റ്റേഴ്സിന് ഈ സമനില വഴങ്ങേണ്ടി വന്നിട്ടുള്ളത്.
മത്സരത്തിന്റെ അവസാനത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് അർഹമായ ഒരു പെനാൽറ്റി ഉണ്ടായിരുന്നു.പക്ഷേ റഫറി അത് നിഷേധിക്കുകയായിരുന്നു.നോഹയെ ബോക്സിനകത്ത് വെച്ചുകൊണ്ട് ഫൗൾ ചെയ്ത് വീഴ്ത്തുകയാണ് റണവാഡേ ചെയ്തത്.ഗോൾ എന്ന് ഉറച്ച ഒരു മുന്നേറ്റമായിരുന്നു അത്. എന്നാൽ റഫറി പെനാൽറ്റി നൽകാത്തതിൽ വലിയ വിമർശനങ്ങളാണ് ഇപ്പോൾ ഉയർന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനും അതേക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.
അത് പെനാൽറ്റി തന്നെയാണ് എന്നാണ് സ്റ്റാറേയുടെ അഭിപ്രായം. ഞാൻ റഫറി ആയിരുന്നുവെങ്കിൽ പെനാൽറ്റി സ്പോട്ടിലേക്ക് വിരൽ ചൂണ്ടുമായിരുന്നു എന്നാണ് മത്സരശേഷം ഇതേക്കുറിച്ച് സ്റ്റാറേ പറഞ്ഞിട്ടുള്ളത്. അതൊരു ഉറപ്പായ പെനാൽറ്റിയായിരുന്നു. എന്നാൽ റഫറിയോ ലൈൻ റഫറിയോ അത് നൽകാൻ തയ്യാറാവാതിരിക്കുകയായിരുന്നു.
ഏതായാലും വിജയം അർഹിച്ച മറ്റൊരു മത്സരം കൂടി ബ്ലാസ്റ്റേഴ്സ് സമനില കൊണ്ട് തൃപ്തിപ്പെടുകയാണ്.നാല് മത്സരങ്ങളിൽ നിന്ന് 5 പോയിന്റ് ആണ് ബ്ലാസ്റ്റേഴ്സിന്റെ സമ്പാദ്യം. വിജയിക്കാമായിരുന്ന മത്സരങ്ങളൊക്കെയാണ് ബ്ലാസ്റ്റേഴ്സ് ഇപ്പോൾ സമനില വഴങ്ങുന്നത്. ഇതെല്ലാം ആരാധകർക്ക് വളരെയധികം നിരാശ നൽകുന്ന കാര്യമാണ്.