കേരള ബ്ലാസ്റ്റേഴ്സിന് ഈ സീസണിൽ ഉടനീളം പരിക്കുകൾ വില്ലനായി കൊണ്ടിരിക്കുകയാണ്.സീസണിന്റെ തുടക്കം തൊട്ട് ഇതുവരെ പരിക്ക് മൂലം പല താരങ്ങളും നഷ്ടമായി. ഏറ്റവും പ്രധാനപ്പെട്ട അഭാവം ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടേത് തന്നെയാണ്. അദ്ദേഹത്തിന്റെ പകരമായി കൊണ്ട് ഫെഡോർ ചെർനിച്ചിനെ ക്ലബ്ബ് കൊണ്ടുവന്നിരുന്നു.എന്നാൽ അതിനു പിന്നാലെ മറ്റൊരു സുപ്രധാനതാരത്തിനും പരിക്കേറ്റു.
ക്വാമെ പെപ്രയുടെ പരിക്ക് കേരള ബ്ലാസ്റ്റേഴ്സ് സ്ഥിരീകരിച്ചിരുന്നു. കലിംഗ സൂപ്പർ കപ്പിൽ ജംഷെഡ്പൂരിനെതിരെ നടന്ന മത്സരത്തിനിടയിലാണ് പെപ്രക്ക് പരിക്കേറ്റത്.പരിക്ക് ഗുരുതരമാണ്.ഈ സീസണിൽ അദ്ദേഹത്തിന് ഇനി കളിക്കാനാവില്ല. സ്ട്രൈക്കർ പൊസിഷനിൽ ഇതോടെ ഒരു വിദേശ താരത്തിന്റെ അഭാവം കൂടി സംഭവിക്കുകയായിരുന്നു.ഇതിന് പിന്നാലെ ചില പ്രധാനപ്പെട്ട മാധ്യമങ്ങൾ ഒരു റിപ്പോർട്ട് പുറത്തുവിട്ടിരുന്നു.
അതായത് കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ വിദേശ താരമായ ജസ്റ്റിൻ ഇമ്മാനുവലിനെ തിരിച്ചു വിളിച്ചു എന്നായിരുന്നു വാർത്ത. കഴിഞ്ഞ സമ്മറിൽ ട്രയൽസിന് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നതായിരുന്നു ജസ്റ്റിൻ ഇമ്മാനുവലിനെ.ഡ്യൂറന്റ് കപ്പിൽ അദ്ദേഹം ക്ലബ്ബിനുവേണ്ടി കളിച്ചിട്ടുണ്ട്. പിന്നീട് പെപ്രയെ കൊണ്ടുവന്നതോടെ അദ്ദേഹത്തെ ലോണിൽ ക്ലബ്ബ് പറഞ്ഞു വിടുകയായിരുന്നു. ഗോകുലം കേരളയുടെ താരമാണ് അദ്ദേഹം. അദ്ദേഹത്തെ ബ്ലാസ്റ്റേഴ്സ് ഈ പ്രത്യേക സാഹചര്യത്തിൽ തിരിച്ചു വിളിച്ചു എന്നായിരുന്നു വാർത്ത.
ആ വാർത്ത ഇപ്പോൾ പ്രമുഖ ജേണലിസ്റ്റായ മാർക്കസ് മെർഗുലാവോ ശരിവെച്ച് കഴിഞ്ഞു.അതായത് കേരള ബ്ലാസ്റ്റേഴ്സ് ജസ്റ്റിൻ ഇമ്മാനുവലിനെ തിരികെ കൊണ്ടുവന്നിട്ടുണ്ട്.അദ്ദേഹം കൊച്ചിയിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. ഉടൻതന്നെ കേരള ബ്ലാസ്റ്റേഴ്സിന്റെ ട്രെയിനിങ് ക്യാമ്പിൽ അദ്ദേഹം ജോയിൻ ചെയ്യും.താരത്തെ ബ്ലാസ്റ്റേഴ്സിന് തന്നെ കൈമാറാൻ ഗോകുലം കേരള തീരുമാനിക്കുകയായിരുന്നു. മാത്രമല്ല അവർ പകരക്കാരനെ കണ്ടെത്തിയതായും മാർക്കസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ജസ്റ്റിൻ ഇമ്മാനുവൽ ഐ ലീഗിൽ ഒരു ഗോൾ മാത്രമാണ് ഈ സീസണിൽ നേടിയിട്ടുള്ളത്. കേരള ബ്ലാസ്റ്റേഴ്സിന്റെ നിരയിൽ അദ്ദേഹത്തിന് എത്രത്തോളം തിളങ്ങാനാകും എന്നതൊക്കെ കാത്തിരുന്നു കാണേണ്ട കാര്യമാണ്.ഇഷാൻ പണ്ഡിത,ബിദ്യഷാഗർ സിംഗ് തുടങ്ങിയ ഇന്ത്യൻ സ്ട്രൈക്കർമാരെ കൂടുതൽ ഉപയോഗപ്പെടുത്തണമെന്ന് ആവശ്യം ആരാധകർക്കിടയിൽ നിന്ന് തന്നെ ഉയരുന്നുണ്ട്. ഏതായാലും പരിക്കുകൾ കാരണം വുക്മനോവിച്ച് വലിയ പ്രതിസന്ധിയാണ് ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. കരുത്തരായ ഓഡിഷക്കെതിരെയാണ് ഇനി കേരള ബ്ലാസ്റ്റേഴ്സ് കളിക്കേണ്ടത്.