പേരിനു വേണ്ടി മാത്രം സൈൻ ചെയ്യില്ല: ക്ലബ്ബിന്റെ നിലപാട് വ്യക്തമാക്കി അഭിക്

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സിന് വലിയ പ്രതിഷേധങ്ങൾ ആരാധകരിൽ നിന്നും ഏൽക്കേണ്ടി വന്നിരുന്നു.അതിന്റെ കാരണം ക്ലബ്ബിന്റെ ട്രാൻസ്ഫർ പോളിസി തന്നെയായിരുന്നു.ജീക്സൺ സിങ്ങിനെ ബ്ലാസ്റ്റേഴ്സ് ഒഴിവാക്കിയിരുന്നു. റെക്കോർഡ് തുകക്കായിരുന്നു അദ്ദേഹത്തെ ഈസ്റ്റ് ബംഗാളിന് കൈമാറിയത്. സമീപകാലത്ത് ഇതുപോലെയുള്ള ഒരുപാട് മികച്ച താരങ്ങളെ ബ്ലാസ്റ്റേഴ്സ് മറ്റു ടീമുകൾക്ക് കൈമാറിയിട്ടുണ്ട്.

എന്നാൽ അവർക്കൊത്ത പകരക്കാരെ കൊണ്ടുവരുന്നതിൽ ബ്ലാസ്റ്റേഴ്സ് സമ്പൂർണ്ണ പരാജയമായിരുന്നു.കഴിഞ്ഞ സമ്മറിലും അത് തന്നെയാണ് സംഭവിച്ചത്. നമ്മുടെ ഇന്ത്യൻ സ്‌ക്വാഡ് ദുർബലമാണ്.ഇത് ആരാധകർ പലതവണ ചൂണ്ടിക്കാണിച്ചിട്ടും അതിൽ നടപടിയെടുക്കാൻ ബ്ലാസ്റ്റേഴ്സ് അധികൃതർ തയ്യാറായിരുന്നില്ല. ആരാധകർ ആഗ്രഹിച്ചതുപോലെയുള്ള ഇന്ത്യൻ താരങ്ങളെ ടീമിലേക്ക് കൊണ്ടുവരാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞ സമ്മറിൽ സാധിച്ചിരുന്നില്ല.അതുകൊണ്ടുതന്നെയാണ് ആരാധകർ പ്രതിഷേധം ഉയർത്തിയിരുന്നത്.

ആരാധകരുടെ നിരീക്ഷണങ്ങൾ ശരിയായിരുന്നു എന്ന് ഇപ്പോൾ തെളിഞ്ഞിട്ടുണ്ട്. കാരണം നിരവധി തോൽവികളാണ് ക്ലബ്ബിന് ഇപ്പോൾ ഏറ്റുവാങ്ങേണ്ടി വരുന്നത്. അതുകൊണ്ടുതന്നെ വരുന്ന ജനുവരിയിൽ ടീമിനകത്ത് ചില മാറ്റങ്ങൾ സംഭവിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ടീമിനെ ശക്തിപ്പെടുത്താൻ ആലോചിക്കുന്നുണ്ട് എന്നുള്ള കാര്യം കേരള ബ്ലാസ്റ്റേഴ്സിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ അഭിക് ചാറ്റർജി വ്യക്തമാക്കിയിരുന്നു.എന്നാൽ ട്രാൻസ്ഫർ പോളിസിയുടെ കാര്യത്തിലുള്ള നിലപാട് കൂടി അദ്ദേഹം തുറന്ന് പറഞ്ഞിട്ടുണ്ട്.

അതായത് പേരിനു വേണ്ടി മാത്രം ഒരാളെ സൈൻ ചെയ്യില്ല എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. ആരെയെങ്കിലുമൊക്കെ സൈൻ ചെയ്യുക എന്ന കടമ നിർവഹിക്കാൻ വേണ്ടി മാത്രം ആരെയും കൊണ്ടുവരില്ല.ക്ലബ്ബിന് ആവശ്യമുള്ള താരങ്ങളെ മാത്രമാണ് കൊണ്ടുവരിക എന്നാണ് അഭിക് ചാറ്റർജി പറഞ്ഞിട്ടുള്ളത്.അദ്ദേഹം പറഞ്ഞത് നോക്കാം.

‘ ഏതെങ്കിലും ഒരു താരത്തെ ടീമിലേക്ക് എത്തിച്ചാൽ മതി എന്ന ഒരു ലക്ഷ്യത്തോടുകൂടി സൈനിങ്‌ നടത്തുന്നത് ഒരിക്കലും ടീമിന് ഗുണകരമാവില്ല.നമ്മുടെ ടീമിന് അനുയോജ്യമായ പ്രൊഫൈൽ, അല്ലെങ്കിൽ അനുയോജ്യമായ ഒരു താരം എത്തുന്നത് വരെ നമ്മൾ കാത്തിരിക്കേണ്ടി വരും. അതിനുവേണ്ടി പണിയെടുക്കാൻ ഇവിടെ ആളുകളുണ്ട്. തന്റെ ജോലി നന്നായി അറിയുന്ന വ്യക്തിയാണ് നമ്മുടെ സ്പോർട്ടിംഗ് ഡയറക്ടറായ കരോലിസ് സ്കിൻകിസ്.എന്താണ് ശരിയായത് എന്ന് മനസ്സിലാക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. അദ്ദേഹത്തിനും പരിശീലകനും ആവശ്യമായ പിന്തുണ ഞങ്ങൾ നൽകും.ഞങ്ങൾ വളരെ അടുത്ത് നിൽക്കുന്നവർ തന്നെയാണ്. വളരെയധികം കഠിനമായ രീതിയിൽ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട് എന്നും ഞങ്ങൾക്ക് തോന്നുന്നില്ല ‘ഇതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പറഞ്ഞിട്ടുള്ളത്.

അദ്ദേഹത്തിന്റെ നിലപാട് വളരെ വ്യക്തമാണ്.അതായത് വലിയ മാറ്റങ്ങൾ ഒന്നും ബ്ലാസ്റ്റേഴ്സ് നടത്താൻ പോകുന്നില്ല.ചെറിയ മാറ്റങ്ങൾ തന്നെയാണ് ഉണ്ടാവുക. ക്ലബ്ബിന്റെ ദൗർബല്യം കണ്ടെത്തി അവിടേക്ക് ആവശ്യമായ താരങ്ങളെ മാത്രമാണ് കൊണ്ടുവരിക. അനാവശ്യമായ സൈനിങ്ങുകൾ നടത്താൻ ഉദ്ദേശിക്കുന്നില്ല എന്ന് തന്നെയാണ് അദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്.

Abhik ChatterjeeKerala Blasters
Comments (0)
Add Comment