എന്താ കളി..എന്തോരം ഗോളുകൾ.. എതിരാളികളുടെ വല നിറച്ച് ക്രിസ്റ്റ്യാനോയും പിള്ളേരും.

പിടിച്ച് കെട്ടാനാവാത്ത വിധത്തിലുള്ള ഫോമിലാണ് ഇപ്പോൾ റോബർട്ടോ മാർട്ടിനസിന്റെ പോർച്ചുഗൽ നാഷണൽ ടീം ഉള്ളത്. ഇന്നലെ നടന്ന മറ്റൊരു യോഗ്യത മത്സരത്തിലും പോർച്ചുഗൽ വമ്പൻ വിജയം നേടിയിട്ടുണ്ട്. മറുപടിയില്ലാത്ത 5 ഗോളുകൾക്കാണ് ബോസ്നിയയെ പോർച്ചുഗൽ പരാജയപ്പെടുത്തിയിട്ടുള്ളത്.

ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ് ഒരിക്കൽ കൂടി പോർച്ചുഗലിന്റെ ഹീറോയായിട്ടുള്ളത്.രണ്ട് ഗോളുകളാണ് റൊണാൾഡോ ഈ മത്സരത്തിൽ സ്വന്തമാക്കിയിട്ടുള്ളത്. മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി റൊണാൾഡോ ഗോളാക്കി മാറ്റുകയായിരുന്നു. പിന്നീട് ഇരുപതാം മിനിറ്റിൽ ജോവോ ഫെലിക്സിന്റെ അസിസ്റ്റിൽ നിന്ന് റൊണാൾഡോ വീണ്ടും വല കുലുക്കി. ഇതോടെ ഇന്റർനാഷണൽ ഫുട്ബോളിൽ 127 ഗോളുകൾ റൊണാൾഡോ പൂർത്തിയാക്കി കഴിഞ്ഞു.

മത്സരത്തിന്റെ ഫസ്റ്റ് ഹാഫിൽ തന്നെയാണ് 5 ഗോളുകളും പോർച്ചുഗൽ നേടിയിട്ടുള്ളത്. റൊണാൾഡോ രണ്ടു ഗോളുകൾ നേടിയ ശേഷം പിന്നീട് മറ്റുള്ള താരങ്ങളാണ് ഗോൾ നേട്ടം ആഘോഷിച്ചത്.ബ്രൂണോ ഫെർണാണ്ടസ്,ജോവോ കാൻസെലോ,ജോവോ ഫെലിക്സ് എന്നിവർ ഓരോ ഗോളുകൾ വീതം നേടുകയായിരുന്നു. ഗോൺസാലോ ഇനാഷ്യോ,ബ്രൂണോ,ഒട്ടാവിയോ എന്നിവർ ഓരോ അസിസ്റ്റുകളും കരസ്ഥമാക്കി. രണ്ടാം പകുതിയിൽ ഗോളുകൾ ഒന്നും പിറക്കാത്തതുകൊണ്ട് 5 ഗോളിന്റെ വിജയമാണ് പോർച്ചുഗൽ അവസാനത്തിൽ കരസ്ഥമാക്കിയിട്ടുള്ളത്.

കഴിഞ്ഞ മത്സരത്തിലും രണ്ട് ഗോളുകൾ നേടിയ താരമാണ് റൊണാൾഡോ. ഈ മത്സരത്തിന്റെ 65ആം മിനിട്ടിൽ പരിശീലകൻ അദ്ദേഹത്തെ പിൻവലിച്ചു. നിലവിൽ മാസ്മരിക പ്രകടനമാണ് പോർച്ചുഗൽ ടീം നടത്തിക്കൊണ്ടിരിക്കുന്നത്.നേരത്തെ തന്നെ അവർ യൂറോ കപ്പിന് യോഗ്യത കരസ്ഥമാക്കിയിരുന്നു. ആകെ കളിച്ച എട്ടുമത്സരങ്ങളിൽ എട്ടിലും അവർ വിജയിച്ച് ഇരുപത്തിനാല് പോയിന്റ് നേടിയ ഒന്നാം സ്ഥാനത്താണ്.

ഈ മത്സരങ്ങളിൽ നിന്ന് ആകെ 32 ഗോളുകളാണ് പോർച്ചുഗൽ നേടിയിട്ടുള്ളത്.വഴങ്ങിയത് രണ്ടു ഗോളുകൾ മാത്രം.അടുത്ത ഇന്റർനാഷണൽ ബ്രേക്കിലും രണ്ട് യൂറോ യോഗ്യത മത്സരങ്ങളാണ് പോർച്ചുഗൽ കളിക്കുക.ലിച്ചൻസ്റ്റെയിൻ,ഐസ്ലാന്റ് എന്നിവരാണ് അടുത്തമാസം നടക്കുന്ന മത്സരത്തിൽ പോർച്ചുഗലിന്റെ എതിരാളികൾ.

Cristiano RonaldoPortugalUEFA Euro
Comments (0)
Add Comment