ഒരു വലിയ അഴിച്ചു പണിയാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് എന്ന ക്ലബ്ബ് നടത്തിക്കൊണ്ടിരിക്കുന്നത്. പരിശീലകൻ ഇവാൻ വുക്മനോവിച്ചിന് ക്ലബ്ബ് വിടേണ്ടിവന്നു. പകരം മികേൽ സ്റ്റാറെ വന്നു. അസിസ്റ്റന്റ് പരിശീലകനായ ഫ്രാങ്ക് ഡോവനും ക്ലബ്ബ് വിട്ടു കഴിഞ്ഞിട്ടുണ്ട്. കൂടാതെ ഗോൾഡൻ ബൂട്ട് ജേതാവായ ദിമിയും ക്ലബ്ബിനോട് വിട പറഞ്ഞു.
അഡ്രിയാൻ ലൂണയുടെ കോൺട്രാക്ട് പുതുക്കിയത് ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് സന്തോഷം നൽകുന്ന കാര്യമാണ്.എന്നാൽ ലെസ്ക്കോവിച്ച്,സക്കായ് എന്നിവർ ക്ലബ്ബ് വിട്ടുകഴിഞ്ഞു. ഗോൾകീപ്പർമാരായ ലാറ ശർമ്മയും കരൺജിത്ത് സിങ്ങും ഇനി കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം ഇല്ല. അതേസമയം സൈനിങ്ങുകൾ ഉടനെതന്നെ പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ബ്ലാസ്റ്റേഴ്സ് പ്രതിരോധനിരയിലേക്ക് ഇന്ത്യൻ സൂപ്പർതാരമായ പ്രീതം കോട്ടാലിനെ കൊണ്ടുവന്നത്.സീസണിന്റെ തുടക്കത്തിൽ അദ്ദേഹത്തിന് അവസരങ്ങൾ ഒക്കെ ലഭിച്ചിരുന്നു. പക്ഷേ പിന്നീട് അദ്ദേഹത്തിന് അവസരങ്ങൾ ലഭിക്കാതെയായി.ഹൈപ്പിന് അനുസരിച്ചുള്ള ഒരു പ്രകടനം അദ്ദേഹത്തിൽ നിന്നും ലഭിച്ചിരുന്നില്ല.
ഇതോടുകൂടി പ്രബീർ ദാസ് ക്ലബ്ബ് വിടും എന്നുള്ള റൂമറുകൾ പ്രചരിച്ചിരുന്നു. പക്ഷേ അദ്ദേഹം ബ്ലാസ്റ്റേഴ്സിൽ തന്നെ തുടരാനാണ് സാധ്യത. എന്തെന്നാൽ അത്തരത്തിലുള്ള ഒരു സൂചന കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്സ് നൽകുകയും ചെയ്തു. ഇന്നലെയാണ് പ്രബീർ ദാസിനെ ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നിട്ട് ഒരു വർഷം പൂർത്തിയായത്.ഇത് ബ്ലാസ്റ്റേഴ്സ് ഓർമ്മിച്ചെടുത്തിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ ഇതുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് അവർ പങ്കുവച്ചിട്ടുണ്ട്. താരത്തിന്റെ ചിത്രങ്ങളും അവർ പങ്കുവെച്ചിട്ടുണ്ട്. ഇതിനർത്ഥം അദ്ദേഹം അടുത്ത സീസണിലും കാണും എന്ന് തന്നെയാണ്. ക്ലബുമായി ഇപ്പോഴും കോൺട്രാക്ട് അവശേഷിക്കുന്ന താരം കൂടിയാണ് പ്രബീർ ദാസ്.