Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

കരഞ്ഞത് തോറ്റത് കൊണ്ടല്ല, അമ്മയെ വെറുതെ വിടൂ: വൈകാരിക പോസ്റ്റുമായി പ്രബീർ ദാസ്.

1,889

ഇന്നലെ കേരള ബ്ലാസ്റ്റേഴ്സും മുംബൈ സിറ്റി എഫ്സിയും തമ്മിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. ബ്ലാസ്റ്റേഴ്സിന്റെ പിഴവിൽ നിന്നാണ് രണ്ടു ഗോളുകളും മുംബൈ നേടിയത്. കേരള ബ്ലാസ്റ്റേഴ്സ് നേടിയ ഏക ഗോൾ ഡാനിഷ് ഫാറൂഖിന്റെ വകയായിരുന്നു.

ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രിയപ്പെട്ട താരമായ പ്രബീർ ദാസ് പതിവുപോലെ ഇന്നലെയും വളരെയധികം അഗ്രസീവായിരുന്നു.പലപ്പോഴും കളത്തിനകത്ത് ഏറ്റുമുട്ടലുകൾ സംഭവിക്കുകയും ചെയ്തു. മത്സരം അവസാനിച്ചതിനുശേഷം പ്രബീർ ദാസ് പൊട്ടിക്കരയുന്നതാണ് കണ്ടത്. ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടതുകൊണ്ടാണോ കരഞ്ഞത് എന്ന ചോദ്യം അവിടെ ഉയർന്നിരുന്നു. എന്നാൽ തന്റെ അമ്മ അപമാനിക്കപ്പെട്ടതുകൊണ്ടാണ് ആ കരച്ചിൽ സംഭവിച്ചതെന്ന് പ്രബീർ ദാസ് തന്നെ വിശദീകരണം നൽകിയിട്ടുണ്ട്.

മത്സരം അവസാനിച്ചതിനുശേഷം ഒരു ഇൻസ്റ്റഗ്രാം പോസ്റ്റ് അദ്ദേഹം പങ്കുവെക്കുകയായിരുന്നു. തന്റെ അമ്മക്കെതിരെയും കുടുംബത്തിനെതിരെയുമുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന അപേക്ഷയാണ് അദ്ദേഹത്തിന്റെ പോസ്റ്റിലുള്ളത്.പോസ്റ്റ് ഇപ്രകാരമാണ്.

ഫുട്ബോളിൽ വിജയങ്ങളും പരാജയങ്ങളും അനിവാര്യമായ ഒരു ഘടകമാണ്.പക്ഷേ യഥാർത്ഥ സ്പോർട്സ്മാൻ ഷിപ്പ് അവിടെ നിലനിൽക്കേണ്ടതുണ്ട്. കളിക്കളത്തിനകത്ത് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാവുക എന്നുള്ളത് സാധാരണമായ കാര്യമാണ്.പക്ഷേ കളിക്കളത്തിന് പുറത്തേക്ക് അത് ഒരിക്കലും പോകാൻ പാടില്ല.

എല്ലാ സമയത്തും എന്റെ കൂടെ നിന്ന് ഒരു വ്യക്തിയാണ് എന്റെ അമ്മ.അവർ ഇന്ന് അധിക്ഷേപത്തിന് ഇരയായി. എന്റെ അമ്മയുടെ ത്യാഗങ്ങൾ കൊണ്ട് മാത്രമാണ് ഞാൻ ഇന്ന് ഇവിടെ എത്തിനിൽക്കുന്നത്. ഞാൻ ഇതെല്ലാം നേടിയതിന് കാരണമായത് എന്റെ അമ്മ മാത്രമാണ്. അവർ അങ്ങേയറ്റം ബഹുമാനം അർഹിക്കുന്നു. ഞാൻ ഇന്ന് കരഞ്ഞത് ടീമിന്റെ തോൽവി കൊണ്ടല്ല. മറിച്ച് എന്റെ അമ്മ അപമാനിക്കപ്പെട്ടതുകൊണ്ടാണ്.

അമ്മയോടുള്ള സ്നേഹം കൊണ്ടാണ് എന്റെ കണ്ണുനീർ ഇന്ന് ഒഴുകിയത്. അത് എന്റെ ബലഹീനതയല്ല.നമ്മളെ ഒരുമിച്ച് നിർത്തുന്ന മൂല്യങ്ങൾ തിരിച്ചറിയാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ അധിക്ഷേപവാക്കുകൾ ഒരുപക്ഷേ നിങ്ങൾക്ക് പോയിന്റുകൾ നേടിക്കൊടുത്തേക്കാം.പക്ഷേ അത് നിങ്ങളോടുള്ള ബഹുമാനം ഇല്ലാതാക്കുകയാണ് ചെയ്യുന്നത്.മറ്റുള്ളവരെ അധിക്ഷേപിക്കുന്നത് നിങ്ങൾക്ക് സമാധാനം നൽകുന്നുവെങ്കിൽ അങ്ങനെയാവട്ടെ.നിങ്ങളുടെ സ്വപ്നങ്ങൾ കീഴടക്കാൻ വേണ്ടി കുടുംബങ്ങൾ ചെയ്യുന്ന ത്യാഗങ്ങൾ നിങ്ങൾക്ക് ഒരിക്കലും മനസ്സിലായിക്കൊള്ളണമെന്നില്ല.ഓരോ സ്വപ്നത്തിന് പിന്നിലും എല്ലാം ഉപേക്ഷിച്ച ചില കുടുംബങ്ങൾ ഉണ്ടെന്ന് മനസ്സിലാക്കുക,ഇതാണ് പ്രബീർ എഴുതിയത്.

പ്രഭീർ ദാസിനും അദ്ദേഹത്തിന്റെ കുടുംബത്തിനും എതിരെ സൈബർ ആക്രമണം അരങ്ങേറിയിരുന്നു.ഇത് തുടർന്നാണ് ഈ സ്റ്റേറ്റ്മെന്റ് അദ്ദേഹം നടത്തിയിട്ടുള്ളത്.