കേരള ബ്ലാസ്റ്റേഴ്സിന് ഈ സീസണിൽ പലപ്പോഴും പ്രതിസന്ധികൾ നേരിടേണ്ടി വന്നിട്ടുണ്ട്. പ്രധാനമായും പരിക്കുകൾ തന്നെയാണ് തടസ്സമായിരുന്നത്.എന്നാൽ അതിനെയെല്ലാം അതിജീവിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിയുന്നുണ്ട്.അതിന്റെ പ്രധാന കാരണം ബ്ലാസ്റ്റേഴ്സിന്റെ അക്കാദമി തന്നെയാണ്. അക്കാദമിയിലെ പ്രതിഭകളെ കൃത്യമായി ഉപയോഗപ്പെടുത്താൻ പരിശീലകൻ ഇവാൻ വുക്മനോവിച്ചിന് സാധിക്കുന്നുണ്ട്.
കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരങ്ങൾ ഇന്ന് ടീമിന്റെ അഭിവാജ്യ ഘടകങ്ങൾ ആയി മാറിക്കഴിഞ്ഞു.ഗോൾകീപ്പർ സച്ചിൻ സുരേഷ്, മധ്യനിരതാരങ്ങളായ വിബിൻ മോഹനൻ,അസർ, മുന്നേറ്റ നിര താരങ്ങളായ മുഹമ്മദ് ഐമൻ,രാഹുൽ കെപി എന്നിവരൊക്കെ ബ്ലാസ്റ്റേഴ്സിന്റെ നിർണായക താരങ്ങളായി മാറി.മറ്റൊരു താരമായ നിഹാൽ സുധീഷ് തന്റെ അവസരത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. ഏതായാലും കൂടുതൽ മികച്ച താരങ്ങൾ കേരള ബ്ലാസ്റ്റേഴ്സിലൂടെ ഉയർന്നു വരുന്നുണ്ട്.
ഈ പ്രാദേശിക താരങ്ങളെക്കുറിച്ച് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് സൂപ്പർ താരമായ പ്രബീർ ദാസ് സംസാരിച്ചിട്ടുണ്ട്.ഓരോ ക്ലബ്ബിനും ഇത്തരത്തിലുള്ള പ്രാദേശിക താരങ്ങൾ ആവശ്യമാണ് എന്നാണ് പ്രബീർ ദാസ് പറഞ്ഞിട്ടുള്ളത്. ഈ മലയാളി താരങ്ങളാണ് ആരാധകരുടെ ഈ ഇമോഷൻസും പ്രതീക്ഷകളും തനിക്ക് വിവരിച്ചു നൽകിയത് എന്നത് പ്രബീർ ദാസ് തുറന്ന് പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്.
എല്ലാ ടീമുകൾക്കും പ്രാദേശിക താരങ്ങളെ വളരെയധികം ആവശ്യമുണ്ട്.ഇവിടെ കേരള ബ്ലാസ്റ്റേഴ്സിൽ ഒരുപാട് പ്രാദേശിക താരങ്ങളെ നമുക്ക് ലഭ്യമാണ്.സച്ചിൻ സുരേഷ്,ഐമൻ, രാഹുൽ കെ.പി,നിഹാൽ സുധീഷ് എന്നിവരൊക്കെ ഇത്തരത്തിലുള്ള താരങ്ങളാണ്.ഞാൻ ക്ലബ്ബിലേക്ക് എത്തിയ സമയത്ത്,ആരാധകരുടെ ഇമോഷൻസും പ്രതീക്ഷകളും എനിക്ക് വിവരിച്ചു നൽകിയത് ഈ താരങ്ങളാണ്.കൊൽക്കത്തയിൽ നിന്നുള്ള ഒരു വ്യക്തിയാണ് ഞാൻ,അതുകൊണ്ടുതന്നെ ആരാധകരുടെ ഇമോഷൻസും പാഷനും എനിക്ക് കൃത്യമായി മനസ്സിലാകും,ഇതാണ് പറഞ്ഞിട്ടുള്ളത്.
ടീമിനോട് വളരെയധികം കമ്മിറ്റ്മെന്റ് വെച്ച് പുലർത്തുന്ന ഒരു താരമാണ് പ്രബീർ ദാസ്.മാത്രമല്ല ആരാധകരെ രസിപ്പിക്കാനും ഇദ്ദേഹം ആഗ്രഹിക്കുന്നു.നിലവിൽ റൈറ്റ് ബാക്ക് പൊസിഷനിൽ സ്റ്റാർട്ട് ചെയ്യുന്നത് പ്രീതം കോട്ടാലാണ്.അതുകൊണ്ടുതന്നെ പലപ്പോഴും പകരക്കാരന്റെ റോളിലാണ് ഇപ്പോൾ പ്രബീർ ദാസ് ഇറങ്ങുന്നത്.