ഒരുപാട് വിമർശനങ്ങളാണ് സമീപകാലത്ത് കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ഏൽക്കേണ്ടി വന്നത്.അതിന് ഒരുപാട് കാരണങ്ങളുണ്ട്. ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന് ബാധ്യതയുണ്ട് എന്നുള്ളത് മഞ്ഞപ്പട തങ്ങളുടെ ഔദ്യോഗിക സ്റ്റേറ്റ്മെന്റിലൂടെ അറിയിച്ചിരുന്നു.ഇതോടുകൂടി കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് കൂടുതൽ പ്രതിരോധത്തിലാവുകയായിരുന്നു.
തുടർന്ന് മാനേജിംഗ് ഡയറക്ടർ ആയ നിഖിൽ ഒരു വലിയ വിശദീകരണക്കുറിപ്പ് പങ്കുവെച്ചിരുന്നു.ആരാധകരുടെ എല്ലാ ചോദ്യങ്ങൾക്കും അദ്ദേഹം വ്യക്തമായ രീതിയിൽ തന്നെ മറുപടി നൽകിയിട്ടുണ്ട്. ക്ലബ്ബിന്റെ വിമർശകരെ അദ്ദേഹം പരിഹസിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ അപ്പോഴും അദ്ദേഹം സ്‌ക്വാഡിനെ വിലയിരുത്തുകയോ അതിനെക്കുറിച്ച് സംസാരിക്കുകയോ ചെയ്തിട്ടില്ല.
അത് തന്നെയാണ് ഇപ്പോൾ മറ്റൊരു ആരാധകൻ ചൂണ്ടിക്കാണിക്കുന്നത്.സ്‌ക്വാഡിന്റെ പ്രശ്നങ്ങളെ കുറിച്ചുള്ള പ്രധാനപ്പെട്ട ചോദ്യത്തെ നിങ്ങൾ അവഗണിച്ചത് എന്തുകൊണ്ടാണ് എന്നാണ് ആരാധകൻ ചോദിക്കുന്നത്.ബ്ലാസ്റ്റേഴ്സ് സ്‌ക്വാഡ് ശരാശരിയാണ് അതല്ലെങ്കിൽ ദുർബലമാണ് എന്നത് നിങ്ങൾ അംഗീകരിക്കുന്നുണ്ടോ എന്നും അദ്ദേഹത്തോട് മറു ചോദ്യമായി ചോദിക്കുന്നുണ്ട്.ആരാധകന്റെ എഴുത്ത് ഇങ്ങനെയാണ്.
‘നിഖിൽ പല കാര്യങ്ങൾക്കും മറുപടി നൽകി.പക്ഷേ അതൊന്നും തന്നെ ആരാധകരെ ബാധിക്കാത്ത കാര്യങ്ങളാണ്. ആരാധകരെ ബാധിക്കുന്നത് ടീമിന്റെ പ്രകടനവും സ്‌ക്വാഡുമാണ്. നിലവിൽ ക്ലബ്ബിന്റെ സ്‌ക്വാഡിന് പ്രശ്നങ്ങളുണ്ട്.സ്‌ക്വാഡിനെ കുറിച്ചും സൈനിങ്ങുകളെ കുറിച്ചുമുള്ള ചോദ്യങ്ങളിൽ നിന്നും നിഖിൽ വിദഗ്ധമായി ഒഴിഞ്ഞുമാറുകയാണ് ചെയ്തിട്ടുള്ളത്. അതുകൊണ്ടുതന്നെ ഇത്തരം ലേഖനങ്ങൾ കൊണ്ട് വലിയ കാര്യമൊന്നുമില്ല. പ്രധാനപ്പെട്ട പ്രശ്നത്തെ അവഗണിച്ചു വിടുകയാണ് ചെയ്തിട്ടുള്ളത് ‘ ഇതാണ് ആരാധകൻ ആരോപിച്ചിട്ടുള്ളത്.
മൂന്ന് വിദേശ താരങ്ങളെയാണ് ക്ലബ്ബ് കൊണ്ടുവന്നിട്ടുള്ളത്.4 പേരെ നിലനിർത്തുകയും ചെയ്തു.എന്നാൽ ഇന്ത്യൻ സൈനിങ്ങുകൾ കാര്യമായി നടന്നിട്ടില്ല. ക്ലബ്ബിനകത്തുള്ള പല ഇന്ത്യൻ താരങ്ങളും ശരാശരി താരങ്ങളും മാത്രമാണ്. ഇക്കാര്യത്തിലാണ് ക്ലബ്ബിനോട് വലിയ എതിർപ്പ് ആരാധകർക്കുള്ളത്.