പ്രകടനം മികച്ചതായിരുന്നില്ല എന്ന് ലൂണ,എങ്ങനെ വന്നാലും ഇമ്പാക്ട് ഉണ്ടാക്കുന്നതാണ് മുഖ്യമെന്ന് പെപ്ര!
കേരള ബ്ലാസ്റ്റേഴ്സ് ഈ ഐഎസ്എല്ലിലെ രണ്ടാമത്തെ വിജയം കഴിഞ്ഞ ദിവസമാണ് സ്വന്തമാക്കിയത്. ഒന്നിനെതിരെ 2 ഗോളുകൾക്ക് കൊൽക്കത്തൻ ക്ലബ്ബായ മുഹമ്മദൻ എസ്സിയെ പരാജയപ്പെടുത്തുകയായിരുന്നു. മത്സരത്തിന്റെ ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സ് മോശം പ്രകടനമായിരുന്നു നടത്തിയിരുന്നത്.രണ്ടാം പകുതിയിൽ കൂടുതൽ മികവിലേക്ക് ഉയർന്ന് രണ്ട് ഗോളുകൾ നേടിക്കൊണ്ട് വിജയം സ്വന്തമാക്കുകയായിരുന്നു.
മത്സരത്തിന്റെ ആദ്യ പകുതിയിലെ പ്രകടനം നിരാശ നൽകുന്നതാണ് എന്ന് പരിശീലകൻ നേരത്തെ പങ്കുവെച്ചിരുന്നു.ഇതേ അഭിപ്രായം തന്നെയാണ് ക്യാപ്റ്റനായ അഡ്രിയാൻ ലൂണക്കും ഉള്ളത്. മത്സരത്തിലെ പ്രകടനം അത്ര മികച്ചത് ആയിരുന്നില്ല എന്ന് ലൂണ തന്നെ പറഞ്ഞിട്ടുണ്ട്. പക്ഷേ മൂന്ന് പോയിന്റുകൾ നേടാൻ കഴിഞ്ഞതിലെ പ്രാധാന്യവും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം പകരക്കാരനായി വന്ന് ഗോളടിച്ച പെപ്രയും തന്റെ സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്. മത്സരത്തിൽ സ്റ്റാർട്ട് ചെയ്യുന്നുവോ അതല്ല ബെഞ്ചിൽ നിന്നാണോ വരുന്നത് എന്നതിൽ കാര്യമില്ല എന്നും ഏറ്റവും മികച്ച കാര്യം ടീമിനെ 3 പോയിന്റ് ലഭിക്കുന്നതിന് സഹായിക്കുക എന്നുള്ളതാണ് എന്നുമാണ് പെപ്ര പറഞ്ഞിട്ടുള്ളത്.മത്സരത്തിൽ ഇമ്പാക്ട് ഉണ്ടാക്കുന്നതിനാണ് അദ്ദേഹം മുൻഗണന നൽകുന്നത്.
ഏതായാലും അടുത്ത മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം കൂടുതൽ മെച്ചപ്പെടും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. മിന്നും ഫോമിൽ കളിക്കുന്ന ബംഗളൂരു എഫ്സിയെയാണ് ബ്ലാസ്റ്റേഴ്സിന് സ്വന്തം മൈതാനത്ത് നേരിടേണ്ടത്.വിജയത്തിൽ കുറഞ്ഞത് ഒന്നും തന്നെ ആരാധകർ പ്രതീക്ഷിക്കുന്നില്ല.പക്ഷേ അത് ഒട്ടും എളുപ്പമുള്ള കാര്യമായിരിക്കില്ല.ഒരുപാട് പോരായ്മകൾ ബ്ലാസ്റ്റേഴ്സിന് ഇപ്പോൾ ഉണ്ട് എന്നത് ഒരു യാഥാർത്ഥ്യമാണ്.അതോടൊപ്പം ബംഗളൂരു കളിക്കുന്നത് മിന്നുന്ന ഫോമിലുമാണ്.