കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിന്റെ ആദ്യഘട്ടത്തിൽ മികച്ച പ്രകടനമാണ് നടത്തിയിരുന്നത്.തുടർച്ചയായി മത്സരങ്ങൾ വിജയിച്ചിരുന്നു.എന്നാൽ രണ്ടാംഘട്ടത്തിൽ പ്രകടനം മോശമായി.തുടർച്ചയായി പരാജയങ്ങൾ ഏറ്റുവാങ്ങേണ്ടിവന്നു. എന്നിരുന്നാലും ഔദ്യോഗികമായി കൊണ്ടുതന്നെ കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ഐഎസ്എല്ലിന്റെ പ്ലേ ഓഫിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.
പരിക്കുകൾ ഇത്തവണ ബ്ലാസ്റ്റേഴ്സിനെ വല്ലാതെ വലച്ചിട്ടുണ്ട്. ആ സമയത്തൊക്കെ പരിശീലകൻ ഇവാൻ വുക്മനോവിച്ച് അതിനെ തരണം ചെയ്തത് യുവതാരങ്ങളെ പ്രയോജനപ്പെടുത്തി കൊണ്ടാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ അക്കാദമിയുടെ വളർന്നുവന്ന പ്രതിഭകളെ അദ്ദേഹം സ്‌ക്വാഡിൽ ഉൾപ്പെടുത്തുകയും അവർക്ക് അവസരം നൽകുകയും ചെയ്തു.അങ്ങനെ ഈ സീസണിൽ കൂടുതൽ അവസരങ്ങൾ ലഭിച്ച രണ്ട് താരങ്ങളാണ് ഐമനും അസ്ഹറും. ഇരട്ട സഹോദരങ്ങളായ ഇരുവരും മിന്നുന്ന പ്രകടനമാണ് നടത്തിയിട്ടുള്ളത്.
ഇതിൽ തന്നെ ഐമനാണ് ബ്ലാസ്റ്റേഴ്സിൽ ഏറ്റവും കൂടുതൽ അവസരങ്ങൾ ലഭിച്ചിട്ടുള്ളത്.മാത്രമല്ല ഇന്ത്യയുടെ അണ്ടർ 23 ദേശീയ ടീമിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. കേരളത്തിന്റെ ഭാവി വാഗ്ദാനമാണ് ഈ താരങ്ങൾ.ബ്ലാസ്റ്റേഴ്സ് സൂപ്പർ താരമായ പ്രീതം കോട്ടാൽ ഈ രണ്ടുപേരെയും ഇപ്പോൾ പ്രശംസിച്ചിട്ടുണ്ട്.അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്.
ഐമനും അസ്ഹറും കേരളത്തിന്റെ ഭാവി സൂപ്പർ സ്റ്റാറുകൾ ആണ്. മാത്രമല്ല ഇന്ത്യൻ ടീമിന്റെയും ഐഎസ്എല്ലിന്റെയും ഭാവി വാഗ്ദാനങ്ങൾ കൂടിയാണ് ഇവർ. നിലവിൽ അവർ തുടരുന്നത് പോലെയുള്ള ട്രെയിനിങ് തുടർന്ന് പോയാൽ, തീർച്ചയായും ഇന്ത്യയുടെ രണ്ട് സുപ്രധാന താരങ്ങളായി മാറാൻ അവർക്ക് സാധിക്കും,ഇതാണ് കോട്ടാൽ ഇരുവരെയും പ്രശംസിച്ചുകൊണ്ട് പറഞ്ഞിട്ടുള്ളത്.
വളരെയധികം പ്രതിഭയുള്ള രണ്ട് താരങ്ങളാണ് ഐമനും അസ്ഹറും. ഇരുവരും കൂടുതൽ മികച്ച രൂപത്തിലേക്ക് മാറും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഇവരെ കൂടാതെ സച്ചിൻ,വിബിൻ,നിഹാൽ എന്നിവരൊക്കെ ബ്ലാസ്റ്റേഴ്സിന്റെ അക്കാദമിയിലൂടെ ഉയർന്നു വന്ന താരങ്ങളാണ്.