ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസൺ കലാശ പോരാട്ടത്തിൽ വിജയം നേടാൻ മുംബൈ സിറ്റി എഫ്സിക്ക് സാധിച്ചിരുന്നു. ഒന്നിനെതിരെ 3 ഗോളുകൾക്കാണ് മോഹൻ ബഗാനെ അവരുടെ മൈതാനത്ത് വെച്ച് മുംബൈ പരാജയപ്പെടുത്തിയിട്ടുള്ളത്.അർഹിച്ച വിജയമാണ് മുംബൈ സ്വന്തമാക്കിയിട്ടുള്ളത്.മത്സരത്തിൽ ഉടനീളം മികച്ച പ്രകടനം പുറത്തെടുത്തതും മുംബൈ തന്നെയാണ്.
ഇന്നലത്തെ ഫൈനലിൽ മോഹൻ ബഗാനുവേണ്ടി കമ്മിങ്‌സ് ഒരു ഗോൾ നേടിയെങ്കിലും ഗോൾഡൻ ബൂട്ട് നേടാൻ അതു മതിയാകുമായിരുന്നില്ല. അതുകൊണ്ടുതന്നെ കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ സ്ട്രൈക്കറായ ദിമി ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയിട്ടുണ്ട്. കേവലം 17 മത്സരങ്ങളിൽ നിന്നാണ് 13 ഗോളുകൾ ദിമി നേടിയിട്ടുള്ളത്.ഒഡീഷയുടെ റോയ് കൃഷ്‌ണ 13 ഗോളുകൾ നേടിയിട്ടുണ്ടെങ്കിലും അദ്ദേഹം കൂടുതൽ മത്സരങ്ങൾ കളിച്ചിട്ടുണ്ട്. അതേസമയം മോഹൻ ബഗാന്റെ കമ്മിങ്സ് 12 ഗോളുകൾ നേടിക്കൊണ്ട് ഇവരുടെ പിറകിലാണ് ഫിനിഷ് ചെയ്തത്.
ഗോൾഡൻ ബൂട്ട് സ്വന്തമാക്കുന്ന ആദ്യത്തെ കേരള ബ്ലാസ്റ്റേഴ്സ് താരമെന്ന നേട്ടവും ദിമി സ്വന്തമാക്കിയിട്ടുണ്ട്. കൊൽക്കത്തയിൽ വെച്ചുകൊണ്ടായിരുന്നു ഈ പുരസ്കാര ദാന ചടങ്ങുകൾ സംഘടിപ്പിച്ചിരുന്നത്.ദിമി ഗോൾഡൻ ബൂട്ട് വാങ്ങാൻ ഇല്ലായിരുന്നു. അതേസമയം അദ്ദേഹത്തിന്റെ സഹതാരമായ പ്രീതം കോട്ടാൽ അവിടെ സന്നിഹിതനായിരുന്നു.
താരത്തിന്റെ ജന്മദേശം കൂടിയാണ് കൊൽക്കത്ത.കലാശ പോരാട്ടം കാണാൻ അദ്ദേഹം സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നു.ദിമിയെ പ്രതിനിധീകരിച്ചുകൊണ്ട് ഗോൾഡൻ ബൂട്ട് സ്വീകരിച്ചത് പ്രീതം കോട്ടാലായിരുന്നു.ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിരതാരമാണ് കോട്ടാൽ.
അദ്ദേഹം ക്ലബ്ബ് വിടുമെന്ന റൂമർ ഉണ്ടായിരുന്നുവെങ്കിലും അത് മെർഗുലാവോ നിഷേധിച്ചിട്ടുണ്ട്. അതേസമയം ദിമി ക്ലബ്ബിൽ തുടരുന്ന കാര്യം സംശയത്തിലാണ്. അദ്ദേഹത്തെ നിലനിർത്താനുള്ള പരമാവധി ശ്രമങ്ങൾ ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്ത് നിന്നുണ്ടായേക്കും.