ഇന്നലെ നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ഞെട്ടിപ്പിക്കുന്ന ഒരു തോൽവിയാണ് ഇന്ത്യൻ ദേശീയ ടീമിന് ഏറ്റുവാങ്ങേണ്ടി വന്നത്. ദുർബലരായ അഫ്ഗാനിസ്ഥാൻ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഇന്ത്യയെ പരാജയപ്പെടുത്തുകയായിരുന്നു. സ്വന്തം മൈതാനമായ ഗുവാഹത്തിയിൽ വെച്ചു കൊണ്ടാണ് ഈ നാണംകെട്ട തോൽവി ഇന്ത്യക്ക് വഴങ്ങേണ്ടി വന്നത്.
സുനിൽ ഛേത്രി തന്റെ കരിയറിൽ ഇന്ത്യക്ക് വേണ്ടി കളിക്കുന്ന 150 ആമത്തെ മത്സരമായിരുന്നു ഇത്. മത്സരത്തിന്റെ 38ആം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോളാക്കിക്കൊണ്ട് സുനിൽ ഇന്ത്യക്ക് ലീഡ് നേടിക്കൊടുത്തു.പക്ഷേ രണ്ടാം പകുതിയിൽ കാര്യങ്ങൾ മാറിമറിയുകയായിരുന്നു. എഴുപതാം മിനിറ്റിൽ റഹ്മത്ത് അക്ബരി അഫ്ഗാന് സമനില നേടിക്കൊടുത്തു.88ആം മിനുട്ടിൽ പെനാൽറ്റി ഗോൾ ആക്കിക്കൊണ്ട് ശാരിഫ് അഫ്ഗാന് വിജയം നേടിക്കൊടുക്കുകയായിരുന്നു.
ഫിഫ റാങ്കിങ്ങിൽ ഇന്ത്യയെക്കാൾ ഏറെ പുറകിലുള്ളവരാണ് അഫ്ഗാൻ.ഈ ഇന്ത്യൻ ആരാധകരെ വളരെയധികം ദേഷ്യം പിടിപ്പിച്ചിട്ടുണ്ട്.സ്റ്റിമാച്ചിനെ പുറത്താക്കണമെന്ന് ഏറെക്കാലമായി അവർ ആവശ്യപ്പെടുന്നതാണ്.ഇന്നലെ സ്റ്റേഡിയത്തിന് പുറത്ത് അത് കാണാൻ കഴിഞ്ഞു. ഇന്ത്യൻ പരിശീലകനും താരങ്ങളും ടീം ബസ്സിലേക്ക് മടങ്ങുന്നതിനിടെ വലിയ പ്രതിഷേധങ്ങൾ ആരാധകർ നടത്തുകയായിരുന്നു.
സ്റ്റിമാച്ച് ഔട്ട് മുദ്രാവാക്യം വിളികളുമായാണ് ആരാധകർ അവരെ വരവേറ്റത്. മാത്രമല്ല AIFF കള്ളന്മാരാണ് എന്നുള്ള മുദ്രാവാക്യവും അവർ വിളിച്ചിട്ടുണ്ട്. മൊത്തത്തിൽ ഒരു അഴിച്ചു പണിയാണ് ഇപ്പോൾ ഇന്ത്യൻ ആരാധകർ ആവശ്യപ്പെടുന്നത്. പരിശീലകൻ സ്റ്റിമാച്ചിനെ പുറത്താക്കണം,AIFF പ്രസിഡണ്ട് കല്യാൺ ചൗബെയെ പുറത്താക്കണം എന്നൊക്കെയാണ് ഇപ്പോൾ ഇന്ത്യൻ ആരാധകർ ആവിശ്യപ്പെടുന്നത്.
ഏതായാലും സ്റ്റിമാച്ചിന് ഇനി അധികകാലം പരിശീലകസ്ഥാനത്ത് തുടരാൻ കഴിയില്ല എന്നതാണ്. അത്രയേറെ വിമർശനങ്ങളും പ്രതിഷേധങ്ങളുമാണ് അദ്ദേഹത്തിന് ഇപ്പോൾ ഏൽക്കേണ്ടി വരുന്നത്.കഴിഞ്ഞ മത്സരത്തിൽ ഇന്ത്യ ഗോൾ രഹിത സമനില വഴങ്ങിയിരുന്നു.അന്ന് തന്നെ ഇദ്ദേഹത്തിനെതിരെ വ്യാപകമായ വിമർശനങ്ങൾ ഉയർന്നിരുന്നു.