കഴിഞ്ഞ വർഷമായിരുന്നു സൂപ്പർ താരം കിലിയൻ എംബപ്പേ റയൽ മാഡ്രിഡിലേക്ക് വരാൻ വിസമ്മതിച്ചുകൊണ്ട് പിഎസ്ജിയുമായുള്ള തന്റെ കോൺട്രാക്ട് പുതുക്കിയത്.രണ്ടു വർഷത്തേക്ക് ആയിരുന്നു അദ്ദേഹം പുതിയ കരാറിൽ ഒപ്പുവച്ചത്.കൂടാതെ ആ കോൺട്രാക്ട് ഒരു വർഷത്തേക്ക് കൂടി നീട്ടാനുള്ള ഓപ്ഷൻ എംബപ്പേക്കുണ്ട്. അങ്ങനെ 2025 വരെ അദ്ദേഹം തുടരും എന്നായിരുന്നു ക്ലബ്ബിന്റെ പ്രതീക്ഷകൾ.
എന്നാൽ കിലിയൻ എംബപ്പേ വളരെ പ്രധാനപ്പെട്ട ഒരു തീരുമാനം ഇന്നലെ എടുത്തിട്ടുണ്ട്. അതായത് 2024 വരെയുള്ള കോൺട്രാക്ട് പൂർത്തിയാക്കി കഴിഞ്ഞാൽ താൻ ക്ലബ്ബ് വിടുമെന്നാണ് എംബപ്പേ പിഎസ്ജിയെ അറിയിച്ചിട്ടുള്ളത്. 2025 വരെ കോൺട്രാക്ട് പുതുക്കാൻ എംബപ്പേ ഉദ്ദേശിക്കുന്നില്ല. അതായത് 2024ൽ താൻ ഫ്രീ ഏജന്റായി കൊണ്ട് ക്ലബ്ബിനോട് വിടപറയും എന്നാണ് എംബപ്പേയുടെ നിലപാട്.
ഇത് പിഎസ്ജിയെ അത്ഭുതപ്പെടുത്തി കളഞ്ഞിട്ടുണ്ട്. മാത്രമല്ല അവരും ഈ വിഷയത്തിൽ തങ്ങളുടെ നിലപാട് ഇപ്പോൾ കൈക്കൊണ്ടു കഴിഞ്ഞിട്ടുണ്ട്. അതായത് ഒരു കാരണവശാലും എംബപ്പേ ഫ്രീ ട്രാൻസ്ഫറിൽ ക്ലബ്ബ് വിടാൻ അനുവദിക്കില്ല. അദ്ദേഹം കരാർ പുതുക്കാൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ തന്നെ അദ്ദേഹത്തെ വിൽക്കാനാണ് ഇപ്പോൾ പിഎസ്ജിയുടെ തീരുമാനം.ഫാബ്രിസിയോ റൊമാനോ അടക്കമുള്ളവർ ഇക്കാര്യം റിപ്പോർട്ട് ചെയ്തു കഴിഞ്ഞു.
അതുകൊണ്ടുതന്നെ ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ എന്തുവേണമെങ്കിലും സംഭവിക്കാം.എംബപ്പേയെ വിൽക്കും എന്നുള്ള നിലപാടിൽ ക്ലബ്ബ് ഉറച്ചുനിന്നാൽ റയൽ മാഡ്രിഡ് താരത്തിന് വേണ്ടി ശ്രമങ്ങൾ നടത്തിയേക്കും. അങ്ങനെയെങ്കിൽ ഈ സമ്മറിൽ തന്നെ എംബപ്പേ റയലിൽ എത്താൻ വളരെയധികം സാധ്യതയുണ്ട്.