കൊച്ചിയിലെ അന്തരീക്ഷം ഞങ്ങൾ നന്നായി ആസ്വദിച്ചു: ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തിയ ശേഷം എതിർപരിശീലകൻ പറഞ്ഞത് കേട്ടോ?
ഈ സീസണിലെ ആദ്യ ഹോം തോൽവിയാണ് കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ ദിവസം ഏറ്റുവാങ്ങിയത്.കൊച്ചി കലൂർ സ്റ്റേഡിയത്തിൽ ഒന്നിനെതിരെ 3 ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് പഞ്ചാബിനോട് തകർന്നടിഞ്ഞത്.ഈ സീസണിലെ ആദ്യത്തെ എവേ വിജയമാണ് പഞ്ചാബ് സ്വന്തമാക്കിയത്.എതിരാളികൾക്ക് വിജയിക്കാൻ ഏറെ ബുദ്ധിമുട്ടുള്ള സ്ഥലം എന്ന് വിലയിരുത്തപ്പെടുന്ന കൊച്ചിയിലാണ് വിജയം നേടാൻ കഴിഞ്ഞത് എന്നത് പഞ്ചാബിന്റെ വിജയനേട്ടത്തിന് ഇരട്ടിമധുരം നൽകുന്നു.
മറ്റുള്ള മത്സരങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ ഇന്നലെ ബ്ലാസ്റ്റേഴ്സ് ആരാധകർ സ്റ്റേഡിയത്തിൽ കുറവായിരുന്നു.പതിനേഴായിരത്തോളം ആരാധകരായിരുന്നു ഉണ്ടായിരുന്നത്. എന്നിരുന്നാലും മികച്ച അന്തരീക്ഷം സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നു.ഇത്തരമൊരു അന്തരീക്ഷത്തിൽ കളിക്കുക എന്നത് പഞ്ചാബിന് പരിചിതമായ കാര്യമല്ല. പക്ഷേ ഇതെല്ലാം മറികടന്നു കൊണ്ട് അവർ മികച്ച വിജയം സ്വന്തമാക്കുകയായിരുന്നു.
ഈ വിജയം സ്വന്തമാക്കാൻ കഴിഞ്ഞതിൽ പഞ്ചാബിന്റെ പരിശീലകനായ സ്റ്റൈക്കോസ് വെർഗേറ്റിസ് സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്.തങ്ങളുടെ ഗെയിം പ്ലാനുകൾ കൃത്യമായി താരങ്ങൾ നടപ്പിലാക്കി എന്നാണ് പരിശീലകൻ പറഞ്ഞിട്ടുള്ളത്. മാത്രമല്ല കൊച്ചിയിലെ ഈ അന്തരീക്ഷം എല്ലാവരും നന്നായി ആസ്വദിച്ചുവെന്നും കോച്ച് പറഞ്ഞിട്ടുണ്ട്.മത്സരശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിജയം നേടാൻ ആയതിൽ ഞാൻ ഹാപ്പിയാണ്.എന്തെന്നാൽ ഞങ്ങളുടെ ഗെയിം പ്ലാൻ താരങ്ങൾ കൃത്യമായി നടപ്പിലാക്കി.എല്ലാ താരങ്ങളും നിർബന്ധമായും ആസ്വദിക്കേണ്ട ഒരു അന്തരീക്ഷം ആയിരുന്നു അവിടെ ഉണ്ടായിരുന്നത്. ഞങ്ങൾ എല്ലാവരും ഈ അന്തരീക്ഷം ആസ്വദിക്കുകയും ചെയ്തു. ഞങ്ങൾ കളിക്കുന്ന എല്ലാ സ്റ്റേഡിയങ്ങളിലും ഈ അന്തരീക്ഷം ഉണ്ടായിരുന്നുവെങ്കിൽ എന്ന് ഞാൻ ആശിച്ചു പോവുകയാണ്,ഇതാണ് പഞ്ചാബ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
പോയിന്റ് പട്ടികയിൽ അവസാന സ്ഥാനങ്ങളിൽ ഉണ്ടായിരുന്ന പഞ്ചാബിനോട് ഇത്രയും വലിയ തോൽവി സ്വന്തം മൈതാനത്ത് ഏറ്റുവാങ്ങേണ്ടിവന്നത് ബ്ലാസ്റ്റേഴ്സിന് വളരെയധികം ക്ഷീണം ചെയ്യുന്ന കാര്യമാണ്. അവസാനത്തെ നാലു മത്സരങ്ങളിലും പരാജയപ്പെട്ടു എന്നത് വുക്മനോവിച്ചിന് വളരെയധികം തലവേദന സൃഷ്ടിക്കുന്നുണ്ട്. അടുത്ത ചെന്നൈക്കെതിരെയുള്ള മത്സരത്തിൽ വിജയിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകും എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.