കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗ് നടന്ന മത്സരത്തിൽ വിജയം നേടിയിരുന്നു. എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് പഞ്ചാബ് എഫ്സിയെ പരാജയപ്പെടുത്തിയത്. പഞ്ചാബിന്റെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം നടന്നത്.എവേ വിജയവും 3 വിലപ്പെട്ട പോയിന്റുകളും നേടാനായി എന്നത് വളരെ സന്തോഷകരമായ ഒരു കാര്യമാണ്.
ദിമിത്രിയോസ് നേടിയ പെനാൽറ്റി ഗോളാണ് കേരള ബ്ലാസ്റ്റേഴ്സിന് വിജയം സമ്മാനിച്ചത്.മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് തന്നെയാണ് ആധിപത്യം പുലർത്തിയത്. പക്ഷേ കൂടുതൽ ഗോളുകൾ നേടാനായില്ല എന്നത് ആരാധകർക്ക് നിരാശ നൽകുന്ന കാര്യമാണ്. ഫൈനൽ തേർഡിലെ പ്രശ്നങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് എത്രയും പെട്ടെന്ന് പരിഹരിക്കേണ്ടതുണ്ട്.
കഴിഞ്ഞ മുംബൈയ്ക്കെതിരെയുള്ള ബ്ലാസ്റ്റേഴ്സിന്റെ എവേ മത്സരം എല്ലാവർക്കും ഓർമ്മയുണ്ടാകും.മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു എന്നുള്ളത് മാത്രമല്ല ഒരുപാട് വിവാദ സംഭവങ്ങളും അരങ്ങേറിയിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർതാരമായ പ്രഭീർ ദാസിന് ആ മത്സരത്തിനുശേഷം വിലക്ക് ലഭിച്ചിരുന്നു. മൂന്നു മത്സരങ്ങളിൽ നിന്നായിരുന്നു അദ്ദേഹത്തെ വിലക്കിയത്. റഫറിയോട് മോശമായി പെരുമാറി എന്ന കാരണത്താലായിരുന്നു ബ്ലാസ്റ്റേഴ്സ് താരത്തിന് വിലക്ക് വന്നിരുന്നത്.എന്നാൽ ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് മാത്രമാണോ ഇത് ബാധകം എന്നാണ് ഇപ്പോൾ ആരാധകർ ചോദിക്കുന്നത്.
എന്തെന്നാൽ ഇന്നലത്തെ മത്സരത്തിനിടെ പഞ്ചാബ് എഫ്സിയുടെ താരമായ തലാൽ റഫറിയോട് മോശമായി പെരുമാറുന്നുണ്ട്. മാത്രമല്ല റഫറിയുടെ കൈ അദ്ദേഹം തട്ടി മാറ്റുകയും ചെയ്യുന്നുണ്ട്. വളരെ വയലന്റ് ആയ ഒരു പ്രവർത്തി തന്നെയാണ് റഫറിക്ക് നേരെ തലാൽ നടത്തിയിട്ടുള്ളത് എന്നത് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. പക്ഷേ ഇവിടത്തെ ചോദ്യം പ്രഭീർ ദാസിനെ ശിക്ഷിച്ച പോലെ തലാലിനെ AIFF ശിക്ഷിക്കുമോ എന്നുള്ളതാണ്. അതോ കേരള ബ്ലാസ്റ്റേഴ്സിനും മറ്റുള്ള ടീമുകൾക്കും വ്യത്യസ്ത നീതികളാണോ എന്നും ആരാധകർ ചോദിക്കുന്നുണ്ട്.
ഏതായാലും പല കാര്യങ്ങളിലും കേരള ബ്ലാസ്റ്റേഴ്സിന് വിവേചനങ്ങൾ നേരിടേണ്ടി വരുന്നുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്റെയും താരങ്ങളുടെയും പ്രവർത്തികൾക്ക് ശിക്ഷാ നടപടികൾ ഏൽക്കേണ്ടിവരുമ്പോൾ അതേ പ്രവർത്തികൾ ചെയ്യുന്ന എതിർത്താരങ്ങൾക്കോ പരിശീലകർക്കോ അത്തരത്തിലുള്ള നടപടികൾ ഏൽക്കേണ്ടി വരുന്നില്ല എന്നുള്ളത് വളരെ വ്യക്തമായി കാണാവുന്നതാണ്. ഏതായാലും ഇനി അടുത്ത മത്സരത്തിൽ മുംബൈ സിറ്റി എഫ്സിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.