ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിലും ബ്ലാസ്റ്റേഴ്സിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. കൊച്ചിയിൽ സ്വന്തം ആരാധകർക്ക് മുന്നിൽ വെച്ചുകൊണ്ട് ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിട്ടുള്ളത്. ഹൈദരാബാദിന് വേണ്ടി ആൽബ രണ്ട് ഗോളുകൾ നേടിയപ്പോൾ ബ്ലാസ്റ്റേഴ്സിന്റെ ഗോൾ നേടിയത് ജീസസാണ്. മത്സരത്തിൽ റഫറി വലിയ പിഴവുകളാണ് വരുത്തിവെച്ചത്. അത് തന്നെയാണ് ബ്ലാസ്റ്റേഴ്സിന്റെ തോൽവിക്ക് കാരണമായിട്ടുള്ളത്.
ഈ മത്സരത്തിൽ അഡ്രിയാൻ ലൂണ തുടക്കം മുതലേ കളിച്ചിരുന്നു. അദ്ദേഹം നന്നായി ഹാർഡ് വർക്ക് ചെയ്യുന്നുണ്ട്.പക്ഷേ പഴയ പോലെയുള്ള ഒരു ഇമ്പാക്ട് ഉണ്ടാക്കിയെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.അത് ആരാധകർക്ക് നിരാശ നൽകുന്ന കാര്യമാണ്. മത്സരത്തിൽ പരാജയപ്പെട്ടതിന് പിന്നാലെ ലൂണ ഇൻസ്റ്റഗ്രാമിലൂടെ ഒരു മെസ്സേജ് നൽകിയിട്ടുണ്ട്. തന്നിലേക്ക് വിരൽചൂണ്ടിക്കോളൂ എന്നാണ് ലൂണ പറഞ്ഞിട്ടുള്ളത്. അതായത് തോൽവിയുടെ ഉത്തരവാദിത്വം അദ്ദേഹം ഏറ്റെടുക്കുകയാണ്.തന്നെ കുറ്റപ്പെടുത്തിക്കോളൂ എന്ന് തന്നെയാണ് അദ്ദേഹം പറയുന്നത്.ലൂണ പറഞ്ഞത് നോക്കാം.
‘ഈ സീസണിലെ ബുദ്ധിമുട്ടേറിയ സമയത്തിലാണ് ഞങ്ങൾ ഉള്ളത്.എല്ലാ മത്സരങ്ങളിലും എല്ലാവരും പരമാവധി ശ്രമിക്കുന്നുണ്ട്.പക്ഷേ പോയിന്റുകൾ ലഭിക്കാൻ അതൊന്നും മതിയാവുന്നില്ല.ഒരു കുടുംബം എന്ന നിലയിൽ ഒരുമിച്ച് നിൽക്കേണ്ട സമയമാണ് ഇത്.ഇതിന് മുൻപ് മോശം സമയങ്ങൾ ഞങ്ങൾക്ക് ഉണ്ടായിട്ടുണ്ട്. അതിൽ നിന്നും പുറത്ത് വന്നിട്ടുമുണ്ട്.ഈ സാഹചര്യം ഞങ്ങൾ മാറ്റിമറിക്കുക തന്നെ ചെയ്യും.
മറ്റൊരു കാര്യം വളരെ വ്യക്തമാണ്, ഇത് ആരുടെയും നേരെ വിരൽ ചൂണ്ടാനുള്ള സമയമല്ല. ഇനി അങ്ങനെ വിരൽ ചൂണ്ടണമെങ്കിൽ അത് എന്നെ തന്നെ ആയിക്കോട്ടെ. നിങ്ങളുടെ പിന്തുണക്ക് വളരെയധികം നന്ദി. നമുക്ക് ഇനിയും കലൂരിൽ വെച്ച് കണ്ട് മുട്ടാം ‘ ഇതാണ് ലൂണ എഴുതിയിട്ടുള്ളത്.
പരസ്പരം കുറ്റപ്പെടുത്താനുള്ള സമയമല്ല എന്ന് തന്നെയാണ് അദ്ദേഹം ഇതിലൂടെ പറഞ്ഞുവെക്കുന്നത്. ഇനി വലിയ ഒരു ഇടവേളയാണ്.ഈ ഇടവേളയിൽ ടീം ഏറ്റവും മികച്ച രീതിയിൽ തയ്യാറെടുക്കേണ്ടതുണ്ട്. വിജയ വഴിയിലേക്ക് തിരികെയെത്തൽ ഇനി നിർബന്ധമാണ്. നവംബർ 24 ആം തീയതി ചെന്നൈക്കെതിരെയാണ് ബ്ലാസ്റ്റേഴ്സ് ഇനി കളിക്കുക.ആ മത്സരത്തിലെങ്കിലും ബ്ലാസ്റ്റേഴ്സ് വിജയം നേടേണ്ടതുണ്ട്.