നിങ്ങളുടെ ഈ വരവേൽപ്പിന് നന്ദി,ഉറപ്പായും ഞങ്ങൾ ഒരുമിച്ച് നിന്നുകൊണ്ട് കിരീടം സ്വന്തമാക്കും : ജീസസ്
കേരള ബ്ലാസ്റ്റേഴ്സ് ഏറ്റവും ഒടുവിൽ ടീമിലേക്ക് എത്തിച്ച താരമാണ് ജീസസ് ജിമിനസ്. യൂറോപ്പിൽ കളിച്ചു പരിചയമുള്ള ഈ താരത്തെ ട്രാൻസ്ഫർ വിന്റോയുടെ ഏറ്റവും അവസാനത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നിട്ടുള്ളത്. ഗോൾഡൻ ബൂട്ട് ജേതാവായ ദിമിയുടെ സ്ഥാനത്തേക്കാണ് താരം വന്നിട്ടുള്ളത്.ദിമി നടത്തിയ പ്രകടനങ്ങളോട് നീതി പുലർത്തുക എന്ന വെല്ലുവിളിയാണ് ജീസസിന് മുൻപിലുള്ളത്.
കഴിഞ്ഞ ദിവസം അദ്ദേഹം കൊച്ചിയിൽ എത്തിയിരുന്നു. മാത്രമല്ല ഇന്നലെ ടീം നടത്തിയ സ്‌ക്വാഡ് പ്രസന്റേഷനിൽ അദ്ദേഹം ഉണ്ടാവുകയും ചെയ്തിരുന്നു. വലിയ ഒരു വരവേൽപ്പ് തന്നെയായിരുന്നു താരത്തിനും കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾക്കും ആരാധകരിൽ നിന്ന് ലഭിച്ചിരുന്നത്. വലിയ ഒരു ആരാധക കൂട്ടം തന്നെ ലുലു മാളിൽ ബ്ലാസ്റ്റേഴ്സ് സ്‌ക്വാഡിനെ വരവേൽക്കാൻ തടിച്ചു കൂടിയിരുന്നു.
ബ്ലാസ്റ്റേഴ്സ് പരിശീലകനായ സ്റ്റാറെയും സൂപ്പർ താരം നോവ സദോയിയുമൊക്കെ ബ്ലാസ്റ്റേഴ്സ് ആരാധകരോട് സംസാരിച്ചിരുന്നു. കിരീടം നേടിത്തരും എന്ന് തന്നെയാണ് ഇവരെല്ലാവരും തന്നെ പറഞ്ഞിട്ടുള്ളത്.ജീസസ് ജിമിനസും അക്കാര്യം തന്നെയാണ് ഉറപ്പ് നൽകിയിട്ടുള്ളത്. ഒരുമിച്ച് നിന്നുകൊണ്ട് എന്തെങ്കിലും നേടാൻ തീർച്ചയായും കഴിയും എന്നുള്ള പ്രതീക്ഷയാണ് അദ്ദേഹം പങ്കുവെച്ചിട്ടുള്ളത്.
‘ ഒരു മനോഹരമായ സ്വീകരണം തന്നെയാണ് ഈ ടീമിന് നിങ്ങൾ നൽകിയിട്ടുള്ളത്.ഇത്രയും ഗംഭീരമായ ഈ സ്വീകരണത്തിന് നന്ദി പറയുന്നു.ഞങ്ങൾ ഒരുമിച്ച് കൊണ്ട് ഇത്തവണ എന്തെങ്കിലുമൊക്കെ നേടും, അത് തീർച്ചയാണ് ‘ ജീസസ് ജിമിനസ് ആരാധകരോട് പറഞ്ഞു.
ക്ലബ് രൂപീകരിച്ചിട്ട് ഇപ്പോൾ 10 വർഷം പിന്നിട്ടു കഴിഞ്ഞിട്ടുണ്ട്. ഇതുവരെ ഒരൊറ്റ കിരീടം പോലും നേടാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല. ഇത്തവണത്തെ ഡ്യൂറന്റ് കപ്പിലും ബ്ലാസ്റ്റേഴ്സ് ആരാധകരെ നിരാശപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്.ഐഎസ്എല്ലിൽ എങ്കിലും ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനം പുറത്തെടുക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.