കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ സംബന്ധിച്ചിടത്തോളം അവരെ ഏറ്റവും കൂടുതൽ നിരാശരാക്കിയ ഒരു സമ്മർ ട്രാൻസ്ഫർ ജാലകമാണ് ഇപ്പോൾ കടന്നു പോകുന്നത്. 3 വിദേശ താരങ്ങളുടെ സൈനിങ്ങുകൾ ബ്ലാസ്റ്റേഴ്സ് നടത്തി എന്നുള്ളത് ശരിയാണ്. പക്ഷേ ആരാധകർ ആഗ്രഹിച്ച പോലെയുള്ള താരങ്ങൾ വന്നിട്ടില്ല.മാത്രമല്ല പല പൊസിഷനുകളും ഇപ്പോൾ ദുർബലമാണ്.ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യൻ താരങ്ങൾ ഒക്കെയും ശരാശരി താരങ്ങൾ മാത്രമാണ്.
കൂടുതൽ പൊസിഷനുകൾ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത നിരന്തരം ആരാധകർ ഉന്നയിക്കുന്നതാണ്.ഡിഫൻസീവ് മിഡ്ഫീൽഡർ,റൈറ്റ് വിങ്ങ്, വിംഗ് ബാക്ക് പൊസിഷനുകൾ എന്നിവയൊക്കെ ആരാധകർക്ക് ആശങ്ക നൽകുന്നതാണ്. ഇതൊക്കെ ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതെല്ലാം ഇല്ലാതാവുകയായിരുന്നു.ഇക്കാര്യത്തിൽ നിരന്തരം ചോദ്യങ്ങൾ നിഖിലിനോട് ചോദിക്കുകയും ചെയ്തിരുന്നു.
മലയാളത്തിലെ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നിഖിൽ അതിനെല്ലാം വ്യക്തമായ മറുപടി നൽകുകയും ചെയ്തിട്ടുണ്ട്.സ്‌ക്വാഡിന് ശക്തി വർദ്ധിപ്പിക്കണമെന്ന് തോന്നിയാൽ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ കൂടുതൽ താരങ്ങളെ എത്തിക്കും എന്നാണ് ഇദ്ദേഹം ആരാധകർക്ക് ഉറപ്പു നൽകിയിട്ടുള്ളത്. നിഖിലിന്റെ വാക്കുകളിലേക്ക് പോകാം.
‘ കഴിഞ്ഞ സീസണിൽ നമ്മോടൊപ്പം ഉണ്ടായിരുന്ന മൂന്ന് വിദേശ താരങ്ങളെ നിലനിർത്താൻ നമുക്ക് സാധിച്ചു. 3 പുതിയ വിദേശ താരങ്ങളെയും ക്ലബ്ബ് കൊണ്ടുവന്നിട്ടുണ്ട്. യുവത്വവും പരിചയസമ്പത്തും ഇഴചേർന്ന ഇന്ത്യൻ താരങ്ങളാണ് നമ്മുടെ ക്ലബ്ബിനകത്ത് ഉള്ളത്.കോച്ചിംഗ് ടീമിന്റെയും ടെക്നിക്കൽ ടീമിന്റെയും നിർദ്ദേശപ്രകാരമാണ് മുഴുവൻ താരങ്ങളെയും എത്തിച്ചിട്ടുള്ളത്. ഇനിയും സ്‌ക്വാഡ് ശക്തിപ്പെടുത്തണമെന്ന് തോന്നിയാൽ വരുന്ന ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ കൂടുതൽ താരങ്ങളെ എത്തിക്കും ‘ഇതാണ് ബ്ലാസ്റ്റേഴ്സ് ഡയറക്ടർ പറഞ്ഞിട്ടുള്ളത്.
ഈ സമ്മർ ട്രാൻസ്ഫർ വിൻഡോ ഇപ്പോൾ പൂർത്തിയായി കഴിഞ്ഞിട്ടുണ്ട്.ഇനി താരങ്ങളെ എത്തിക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിയില്ല. ദുർബലമായ പൊസിഷനുകളെ കണ്ടെത്തി അടുത്ത ജനുവരിയിൽ അത് പരിഹരിക്കുക എന്ന ഓപ്ഷൻ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് മുന്നിൽ ഉള്ളത്.അതിന് ക്ലബ്ബിന് സാധിക്കുമോ എന്നുള്ളത് മാത്രമാണ് ആരാധകർക്ക് അറിയേണ്ടത്.