വേൾഡ് ഫുട്ബോളിൽ പ്രശസ്തി നന്നേ കുറഞ്ഞ ലീഗുകളിൽ ഒന്നായിരുന്നു സൗദി അറേബ്യൻ പ്രൊ ലീഗ്. പക്ഷേ അവരുടെ തലവര തന്നെ മാറ്റിവരച്ച ഒരു നീക്കമാണ് കഴിഞ്ഞ ജനുവരിയിൽ സംഭവിച്ചത്.ക്രിസ്റ്റ്യാനോ റൊണാൾഡോയെ സൗദി ക്ലബ്ബായ അൽ നസ്ർ സ്വന്തമാക്കി.ഇതോടെ ലോക ഫുട്ബോളിന്റെ ശ്രദ്ധ സൗദിയിലേക്ക് തിരിഞ്ഞു.
ക്രിസ്റ്റ്യാനോക്ക് പുറകെ നിരവധി അനവധി സൂപ്പർ താരങ്ങളാണ് സൗദിയിൽ എത്തിയിട്ടുള്ളത്. അക്ഷരാർത്ഥത്തിൽ ഒരു ക്രിസ്റ്റ്യാനോ എഫക്ട് എന്ന് തന്നെ പറയാം. റൊണാൾഡോയുടെ പോർച്ചുഗീസ് സഹതാരമായ റഫയേൽ ലിയാവോ ഇതേ പറ്റി പറഞ്ഞിട്ടുണ്ട്. അതായത് ഒരുപാട് സൂപ്പർതാരങ്ങൾ സൗദിയിലേക്ക് വരുമെന്ന കാര്യം ക്രിസ്റ്റ്യാനോക്ക് നേരത്തെ അറിയാമായിരുന്നുവെന്നും അത് അദ്ദേഹം തന്നോട് പങ്കുവെച്ചിരുന്നു എന്നുമാണ് ലിയാവോ പറഞ്ഞത്.
ഒരുപാട് വലിയ വലിയ താരങ്ങൾ സൗദി അറേബ്യയിലേക്ക് വരുമെന്ന കാര്യം ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നോട് പറഞ്ഞിരുന്നു. ഇത്തരത്തിലുള്ള ഡീലുകൾ നടന്നു കഴിഞ്ഞാൽ സൗദി അറേബ്യ കൂടുതൽ കരുത്ത് പ്രാപിക്കുമെന്നും റൊണാൾഡോ എന്നോട് പറഞ്ഞു.എല്ലാം അദ്ദേഹം മുൻകൂട്ടി കണ്ടിരുന്നു.ഇപ്പോൾ അതെല്ലാം നടക്കാൻ പോവുകയാണ് എന്നാണ് എനിക്ക് തോന്നുന്നത്,ലിയാവോ പറഞ്ഞു.
കരിം ബെൻസിമ,എങ്കോളോ കാന്റെ,ബ്രോസോവിച്ച്,നെവസ് എന്നിവരൊക്കെ സൗദി അറേബ്യയിൽ എത്തിയിട്ടുണ്ട്. ഇനിയും മികച്ച താരങ്ങൾ എത്തുമെന്ന് തന്നെയാണ് കണക്കുകൂട്ടലുകൾ. സൗദിയിലും ഇനി കോമ്പറ്റീഷൻ കടുക്കും.