കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി സൂപ്പർ താരമായ രാഹുൽ കെപിക്ക് സമീപകാലത്ത് ഒരുപാട് വിമർശനങ്ങൾ ആരാധകരിൽ നിന്ന് തന്നെ കേൾക്കേണ്ടി വന്നിരുന്നു. കഴിഞ്ഞ സീസണിൽ വളരെ മോശം പ്രകടനമായിരുന്നു രാഹുൽ നടത്തിയിരുന്നത്.അതുകൊണ്ടുതന്നെ അദ്ദേഹത്തെ ഒഴിവാക്കണമെന്ന് പോലും ചില ആരാധകർ ആവശ്യപ്പെട്ടിരുന്നു. കൂടാതെ ആറ്റിറ്റ്യൂഡിന്റെ കാര്യത്തിലും താരത്തിന് വിമർശനങ്ങൾ കേൾക്കേണ്ടി വന്നിരുന്നു.
എന്നാൽ ബ്ലാസ്റ്റേഴ്സിനോടൊപ്പം അദ്ദേഹം ഇപ്പോഴും തുടരുകയാണ്. മാത്രമല്ല തായ്‌ലാൻഡിലെ പ്രീ സീസണിൽ അദ്ദേഹം മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്യുന്നുണ്ട്.രാഹുലുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ ഇന്ത്യൻ ഫുട്ബോൾ ട്രാൻസ്ഫർ ന്യൂസ് മീഡിയ പുറത്തുവിട്ടിട്ടുണ്ട്. അതായത് മികച്ച പ്രകടനം നടത്തിയ രാഹുൽ പരിശീലകൻ മികയേൽ സ്റ്റാറെയുടെയും കോച്ചിംഗ് സ്റ്റാഫിനെയും പ്രീതി പിടിച്ചു പറ്റിയിട്ടുണ്ട്.
അദ്ദേഹത്തിന്റെ സ്പീഡും വർക്ക് റേറ്റുമാണ് പരിശീലക സംഘത്തിന് ഏറെ ഇഷ്ടമായത്. പക്ഷേ വിൽപ്പനക്കുള്ള ലിസ്റ്റിൽ ഇപ്പോഴും അദ്ദേഹമുണ്ട്. താരം ക്ലബ്ബിനകത്ത് തുടരാൻ ആഗ്രഹിക്കുന്നില്ല എന്നാണ് റിപ്പോർട്ടുകൾ.ഒരു വർഷത്തേക്ക് കരാർ പുതുക്കാനുള്ള ഓപ്ഷൻ ലഭ്യമാണ്.എന്നാൽ ഇത് ഉപയോഗപ്പെടുത്താൻ ഈ മലയാളി താരം ഇപ്പോൾ തയ്യാറല്ല.
ക്ലബ്ബ് വിടാനുള്ള ശ്രമങ്ങൾ അദ്ദേഹം നടത്തിയേക്കും എന്ന് തന്നെയാണ് റിപ്പോർട്ടുകൾ.പക്ഷേ ഒരു കോടി രൂപ ലഭിക്കാതെ താരത്തെ വിടില്ല എന്ന നിലപാടിലാണ് ബ്ലാസ്റ്റേഴ്സ് ഉള്ളത്. ക്ലബ്ബിന്റെ ഡിമാന്റിന് അനുസരിച്ചുള്ള മറ്റേതെങ്കിലും ക്ലബ്ബ് വന്നു കഴിഞ്ഞാൽ രാഹുൽ ബ്ലാസ്റ്റേഴ്സ് വിട്ടേക്കും. അല്ല എന്നുണ്ടെങ്കിൽ അദ്ദേഹം ക്ലബ്ബിനകത്ത് തന്നെ തുടരാനാണ് സാധ്യത.
നേരത്തെ ഗോവ, ചെന്നൈ തുടങ്ങിയ ക്ലബ്ബുകളുമായി ബന്ധപ്പെടുത്തി കൊണ്ട് വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ അതൊന്നും ഫലം കണ്ടിട്ടില്ല.നിലവിൽ അദ്ദേഹം ഏതെങ്കിലും ക്ലബ്ബിലേക്ക് പോകുമോ എന്നുള്ളത് വ്യക്തമല്ല. പക്ഷേ ഒരു മാറ്റത്തിനുള്ള സാധ്യതകളെ നമുക്ക് തള്ളിക്കളയാനാവില്ല.