ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനമായിരുന്നു ആദ്യഘട്ടം അവസാനിക്കുന്നത് വരെ പുറത്തെടുത്തിരുന്നത്. കലിംഗ സൂപ്പർ കപ്പിന് വേണ്ടി പിരിയുന്നത് വരെ കേരള ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്നു.എന്നാൽ രണ്ടാംഘട്ടത്തിൽ മോശം പ്രകടനമാണ് ക്ലബ്ബ് നടത്തിയത്. കളിച്ച മൂന്ന് മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയായിരുന്നു.
ഇതോടെ അഞ്ചാം സ്ഥാനത്തേക്ക് ടീം കൂപ്പുകുത്തി. നാളെ നടക്കുന്ന മത്സരത്തിൽ ക്ലബ്ബിന്റെ എതിരാളികൾ കരുത്തരായ എഫ്സി ഗോവയാണ്.ബ്ലാസ്റ്റേഴ്സ് സ്വന്തം മൈതാനത്ത് വച്ചുകൊണ്ടാണ് ഈ മത്സരം കളിക്കുക.ഈ മത്സരത്തിൽ വിജയം നിർബന്ധമാണ്.അല്ലായെങ്കിൽ കാര്യങ്ങൾ കൂടുതൽ കഷ്ടത്തിലാകും. കഴിഞ്ഞ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ഗോവയും വിജയം മാത്രം ലക്ഷ്യമിട്ടുകൊണ്ടാണ് ഈ മത്സരത്തിനു വേണ്ടി വരുന്നത്.
ഈ സീസണിൽ മോശം പ്രകടനമാണ് ക്ലബ്ബിന് വേണ്ടി മലയാളി താരമായ രാഹുൽ കെപി നടത്തുന്നത്. കാര്യമായ ഇമ്പാക്റ്റുകൾ ഒന്നും തന്നെ ഈ സീസണിൽ സൃഷ്ടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.ലീഗിൽ 12 മത്സരങ്ങൾ കളിച്ച അദ്ദേഹത്തിന് ഗോളുകളോ അസിസ്റ്റുകളോ ഒന്നും തന്നെ നേടാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ താരത്തിന് വിമർശനങ്ങൾ ഏൽക്കേണ്ടി വരുന്നുണ്ട്. എന്നാൽ ഇന്ന് നടന്ന പ്രസ് കോൺഫറൻസിൽ ഈ വിമർശനങ്ങളോട് അദ്ദേഹം പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. ഗോളുകൾ മാത്രമല്ല പ്രധാനപ്പെട്ടത് എന്നാണ് ഇദ്ദേഹം ഓർമ്മിപ്പിച്ചിട്ടുള്ളത്.
ഈ വർഷം ഞാൻ ഒരു ബുദ്ധിമുട്ടേറിയ സാഹചര്യത്തിലാണ് ഉള്ളത് എന്ന കാര്യം എനിക്കറിയാം.പക്ഷേ എനിക്ക് നല്ല മത്സരങ്ങളും ഉണ്ടായിട്ടുണ്ട്. ഗോളുകൾ നേടിയാൽ മാത്രമാണ് ആളുകൾ ശ്രദ്ധിക്കുക.പക്ഷേ അതുമാത്രമല്ല പ്രധാനപ്പെട്ട കാര്യം.ടീമിനെ സഹായിക്കുന്ന മറ്റെന്തും പ്രധാനപ്പെട്ടതാണ്.ഡിഫൻഡ് ചെയ്യുന്നു, ടീമിനുവേണ്ടി പ്രസ്സ് ചെയ്യുന്നു എന്നുള്ളതൊക്കെ പ്രധാനപ്പെട്ടതാണ്,ഇതാണ് രാഹുൽ പറഞ്ഞിട്ടുള്ളത്.
ഏതായാലും രാഹുലിന് തിളങ്ങാൻ കഴിയാത്തത് ആരാധകരെ സംബന്ധിച്ചിടത്തോളം വലിയ നിരാശ ഉണ്ടാക്കുന്ന കാര്യമാണ്.എത്രയും പെട്ടെന്ന് അദ്ദേഹം മികവിലേക്ക് തിരിച്ചെത്തും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. പലപ്പോഴും പകരക്കാരന്റെ റോളിലാണ് ഈ താരം കളിക്കളത്തിലേക്ക് വരാറുള്ളത്. അതുകൊണ്ടുതന്നെ മത്സര സമയം അദ്ദേഹത്തിന് പൊതുവിൽ കുറവുമാണ്.