കേരള ബ്ലാസ്റ്റേഴ്സ് ഈ വർഷത്തെ തങ്ങളുടെ അവസാനത്തെ മത്സരത്തിലും വിജയം നേടിക്കൊണ്ടാണ് കളിക്കളം വിട്ടിട്ടുള്ളത്. ശക്തരായ മോഹൻ ബഗാനെ അവരുടെ മൈതാനത്ത് വെച്ചുകൊണ്ട് തോൽപ്പിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിജയം. സൂപ്പർ സ്ട്രൈക്കർ ദിമി നേടിയ മിന്നും ഗോളിലാണ് ബ്ലാസ്റ്റേഴ്സ് വിജയം കരസ്ഥമാക്കിയത്.
മെസ്സിയുടെ ശൈലിയിലുള്ള ഒരു ഗോളാണ് ദിമി ഇന്നലെ സ്വന്തമാക്കിയത്.വേൾഡ് ക്ലാസ് ഗോൾ എന്ന് തന്നെ പറയാം. ഡിഫൻഡർമാരെ അതിവിദഗ്ധമായി കബളിപ്പിച്ച് മുന്നേറിയ താരം ഒരു കിടിലൻ ഷോട്ടിലൂടെ ഗോൾ കീപ്പറേയും നിഷ്പ്രഭനാക്കി കളഞ്ഞു. മത്സരത്തിൽ നന്നായി ആധിപത്യം പുലർത്തിയിട്ടും കൂടുതൽ ഗോളുകൾ ബ്ലാസ്റ്റേഴ്സ് നേടിയിട്ടില്ല എന്നത് ആരാധകർക്ക് നിരാശ നൽകിയ കാര്യമാണ്. ചുരുങ്ങിയത് മൂന്നോ നാലോ ഗോളുകൾ പിറയ്ക്കേണ്ട ഒരു മത്സരമാണ് എന്ന അഭിപ്രായം ബ്ലാസ്റ്റേഴ്സ് ആരാധകർക്കിടയിലുണ്ട്.
എടുത്ത് പറയേണ്ട മറ്റൊരു കാര്യം രാഹുൽ കെപിയുടെ പ്രകടനമാണ്.ഈ മലയാളി സൂപ്പർ താരം ഒരല്പം മോശം സമയത്തിലാണ് ഇപ്പോൾ ഉള്ളത്. കഴിഞ്ഞ കുറച്ചു മത്സരങ്ങളിൽ തന്നെ യഥാർത്ഥ നിലവാരം പുലർത്താൻ അദ്ദേഹത്തിന് സാധിക്കുന്നില്ല.ഇന്നലത്തെ മത്സരത്തിൽ മോശമല്ലാത്ത രൂപത്തിൽ അദ്ദേഹം കളിച്ചിട്ടുണ്ട്.പക്ഷേ തൊട്ടതെല്ലാം പിഴക്കുന്ന രാഹുലിനെയാണ് ഇന്നലെയും കാണാൻ കഴിഞ്ഞത്.
മത്സരത്തിന്റെ അവസാന സമയത്ത് ഒരു ഗോൾഡൻ ചാൻസ് അദ്ദേഹത്തിന് ലഭിച്ചിരുന്നു.ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കുന്ന ഒരു സമയം. ഏതൊരു പ്രൊഫഷണൽ താരത്തിനും ഗോൾ നേടാൻ സാധിക്കുന്ന സന്ദർഭം. പക്ഷേ രാഹുലിന്റെ ഷോട്ട് ഗോൾകീപ്പർ തടയുകയായിരുന്നു. അനായാസം ഗോളാക്കി മാറ്റാൻ സാധിക്കുമായിരുന്ന ആ അവസരം അദ്ദേഹം പാഴാക്കിയത് ആരാധകർക്ക് വലിയ നിരാശയാണ് സമ്മാനിച്ചത്.മത്സരത്തിൽ ഉടനീളം നിർഭാഗ്യം അദ്ദേഹത്തെ വേട്ടയാടിയിട്ടുണ്ട്. അങ്ങനെ രാഹുലിന് തൊട്ടതെല്ലാം ഈ മത്സരത്തിൽ പിഴക്കുകയായിരുന്നു.
മാത്രമല്ല മത്സരത്തിന്റെ അവസാനത്തിൽ അദ്ദേഹം ഒരു യെല്ലോ കാർഡ് കാണുകയും ചെയ്തു.ഈ സീസണിൽ നാലാമത്തെ യെല്ലോ കാർഡ് ആണ് അദ്ദേഹം വഴങ്ങിയത്. അതിനർത്ഥം അദ്ദേഹത്തിന് സസ്പെൻഷൻ ലഭിച്ചു എന്നതാണ്. അടുത്ത മത്സരത്തിൽ രാഹുൽ പുറത്തിരിക്കേണ്ടി വരും.അദ്ദേഹത്തിന് കളിക്കാൻ സാധിക്കില്ല. ഇങ്ങനെ തിരിച്ചടികൾ മാത്രമാണ് അദ്ദേഹത്തിന് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. നന്നായി ഹാർഡ് വർക്ക് ചെയ്യുന്നുണ്ട്, പക്ഷേ ആത്മവിശ്വാസം ഇല്ലായ്മയും നിർഭാഗ്യവും അദ്ദേഹത്തിന്റെ തിരിച്ചടിയാവുകയാണ്.എത്രയും പെട്ടെന്ന് അദ്ദേഹത്തിന്റെ യഥാർത്ഥ മികവ് വീണ്ടെടുക്കുമെന്ന് പ്രതീക്ഷിക്കാം.