ഐഎസ്എല്ലിൽ നടന്ന ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് പരാജയം രുചിക്കേണ്ടി വരികയാണ് ചെയ്തിട്ടുള്ളത്. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് പഞ്ചാബ് എഫ്സി ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയിട്ടുള്ളത്.കൊച്ചിയിൽ വെച്ച് കൊണ്ട് നടന്ന മത്സരത്തിലാണ് ബ്ലാസ്റ്റേഴ്സിന് ഈ തോൽവി ഏറ്റുവാങ്ങേണ്ടിവന്നത്. അവർക്ക് വേണ്ടി സൂപ്പർ താരം ലൂക്ക മേയ്സെനാണ് തിളങ്ങിയിട്ടുള്ളത്.
പകരക്കാരനായി ഇറങ്ങിയ അദ്ദേഹം ഒരു പെനാൽറ്റി ഗോൾ നേടുകയായിരുന്നു. മാത്രമല്ല പഞ്ചാബ് നേടിയ വിജയഗോളിന് അസിസ്റ്റ് നൽകിയതും ലൂക്ക തന്നെയായിരുന്നു. ഇങ്ങനെ ഏറ്റവും മികച്ച പ്രകടനം നടത്തി കൊണ്ടാണ് അദ്ദേഹം കളിക്കളം വിട്ടത്.അദ്ദേഹത്തിന്റെ സെലിബ്രേഷൻ ബ്ലാസ്റ്റേഴ്സ് ആരാധകരെ സംബന്ധിച്ചിടത്തോളം ഒരല്പം പ്രകോപിപ്പിക്കുന്ന ഒന്നായിരുന്നു.പക്ഷേ അദ്ദേഹത്തിന്റെ പ്രകടനമികവിൽ ഒരിക്കലും ആരാധകർക്ക് സംശയമില്ല.
എന്നാൽ മത്സരത്തിന്റെ ഏറ്റവും അവസാനത്തിൽ ഒരു വിവാദ സംഭവം നടന്നിരുന്നു.ബ്ലാസ്റ്റേഴ്സ് താരമായ രാഹുൽ കെപി മനപ്പൂർവ്വം ലൂക്കയെ ഫൗൾ ചെയ്യുകയായിരുന്നു.അദ്ദേഹത്തിന്റെ ദേഹത്തേക്ക് ഇടിച്ചു കയറുകയാണ് ഈ മലയാളി താരം ചെയ്തിട്ടുള്ളത്.തുടർന്ന് അദ്ദേഹത്തിന് യെല്ലോ കാർഡ് ലഭിച്ചിരുന്നു. റെഡ് കാർഡ് നൽകാത്തതിന് എതിർ ആരാധകർ സാമൂഹികമാധ്യമങ്ങളിലൂടെ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
എന്നാൽ രാഹുലിന്റെ ഈ ഫൗളിൽ ലൂക്കക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അദ്ദേഹത്തിന്റെ താടിയെല്ലിന് രണ്ട് പൊട്ടലുകളാണ് ഉള്ളത്.അതുകൊണ്ടുതന്നെ താരം സർജറിക്ക് വിധേയനാവുകയാണ്. ഈ സ്ലോവേനിയൻ താരത്തിന് 6 ആഴ്ചകൾ മുതൽ 8 ആഴ്ചകൾ വരെ കളിക്കളത്തിന് പുറത്തിരിക്കേണ്ടി വരും.രാഹുലിന്റെ ഫൗളാണ് ഇതിന് ഹേതുവായത്. പല പ്രധാനപ്പെട്ട മത്സരങ്ങളും ലൂക്കക്ക് ഇതുവഴി നഷ്ടമാകും.
രാഹുൽ മനപ്പൂർവ്വം വീഴ്ത്തിയതാണ് എന്നുള്ള ആരോപണങ്ങൾ ശക്തമാവുകയാണ്.ഏതായാലും താരത്തിന്റെ അഭാവം പഞ്ചാബിനെ സംബന്ധിച്ചിടത്തോളം തിരിച്ചടിയാണ്.ബ്ലാസ്റ്റേഴ്സ് മറ്റൊരു മത്സരത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ ഉള്ളത്.വരുന്ന ഞായറാഴ്ച്ച നടക്കുന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാളാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ആ മത്സരത്തിൽ ക്ലബ്ബിന് ഒരു തിരിച്ചുവരവ് അനിവാര്യമാണ്.