ഇവാൻ വുക്മനോവിച്ചിന്റെ ആദ്യ സീസൺ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഒരിക്കലും മറക്കാൻ സാധ്യതയില്ലാത്ത ഒന്നാണ്. തകർപ്പൻ പ്രകടനമായിരുന്നു ബ്ലാസ്റ്റേഴ്സ് ആ സീസണിൽ നടത്തിയിരുന്നത്. ഫൈനൽ വരെ ആ കുതിപ്പ് തുടരാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നു. നിർഭാഗ്യവശാൽ ബ്ലാസ്റ്റേഴ്സ് ഫൈനലിൽ പരാജയപ്പെടുകയായിരുന്നു. ഒരു കിടിലൻ സ്‌ക്വാഡ് തന്നെയായിരുന്നു അന്ന് കേരള ബ്ലാസ്റ്റേഴ്സിന് ഉണ്ടായിരുന്നത്.
എടുത്തു പറയേണ്ട കൂട്ടുകെട്ട് അഡ്രിയാൻ ലൂണ-പെരേര ഡയസ്-ആൽവരോ വാസ്ക്കസ് കൂട്ടുകെട്ട് തന്നെയായിരുന്നു. മൂന്നുപേരും ഗംഭീര പ്രകടനമായിരുന്നു നടത്തിയിരുന്നത്. എന്നാൽ ഒരു സീസൺ മാത്രമാണ് അവരെ കാണാൻ കഴിഞ്ഞത്.ഡയസും വാസ്ക്കസും ക്ലബ്ബ് വിടുകയായിരുന്നു.അഡ്രിയാൻ ലൂണ ഇപ്പോഴും നമ്മുടെ ക്യാപ്റ്റനായി കൊണ്ട് തുടരുകയാണ്.
ഡയസ്-അഡ്രിയാൻ ലൂണ കൂട്ടുകെട്ടിനെ ഒരുമിപ്പിക്കാൻ ഉള്ള ഒരു ശ്രമം ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ എഫ്സി ഗോവ നടത്തിയിട്ടുണ്ട്.രണ്ട് താരങ്ങളെയും ഒരുമിച്ചു കൊണ്ടുവരാനാണ് അവർ ശ്രമിച്ചത്.അഡ്രിയാൻ ലൂണക്ക് അവർ ഓഫർ നൽകുകയും ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു.ഡയസിന് വേണ്ടിയും അവർ ഓഫർ നൽകിയിരുന്നു.എന്നാൽ രണ്ടും ഫലം കാണാതെ പോവുകയാണ് ചെയ്തത് എന്നാണ് മെർഗുലാവോ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
അഡ്രിയാൻ ലൂണ ബ്ലാസ്റ്റേഴ്സിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു.ക്ലബ് അദ്ദേഹത്തിന്റെ കോൺട്രാക്ട് പുതുക്കുകയും ചെയ്തു.ഡയസ് ബംഗളൂരു എഫ്സിയിലാണ് നിലവിൽ കളിച്ചുകൊണ്ടിരിക്കുന്നത്.ഗോവയിലേക്ക് പോകാൻ അദ്ദേഹം തയ്യാറായില്ല. ചുരുക്കത്തിൽ രണ്ടുപേരെയും എത്തിക്കാൻ ഗോവക്ക് സാധിച്ചില്ല എന്നുള്ളതാണ് വസ്തുത.
അഡ്രിയാൻ ലൂണ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം കളിച്ചിട്ടില്ല.പനി മൂലമാണ് അദ്ദേഹത്തിന് ആദ്യത്തെ മത്സരം നഷ്ടമായിട്ടുള്ളത്. എന്നാൽ അടുത്ത മത്സരത്തിൽ അദ്ദേഹം ഉണ്ടാകും എന്നുള്ള കാര്യം പരിശീലകൻ സ്റ്റാറേ സ്ഥിരീകരിച്ചിട്ടുണ്ട്.ലൂണ ഇല്ലാത്തതിന്റെ വിടവ് നന്നായി കഴിഞ്ഞ മത്സരത്തിൽ കണ്ടിരുന്നു. അദ്ദേഹത്തിന്റെ വരവ് തീർച്ചയായും ബ്ലാസ്റ്റേഴ്സിന് ഊർജ്ജം പകരുന്ന ഒരു കാര്യമായിരിക്കും.