കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ സീസണിലായിരുന്നു ഓസ്ട്രേലിയൻ സ്ട്രൈക്കർ ആയ ജോഷുവ സോറ്റിരിയോയെ സൈൻ ചെയ്തിരുന്നത്.രണ്ടു കോടിക്ക് മുകളിൽ അദ്ദേഹത്തിന് വേണ്ടി ചിലവഴിച്ചിട്ടുണ്ട്.രണ്ടു വർഷത്തെ കരാറിൽ ആയിരുന്നു അദ്ദേഹം ഒപ്പുവച്ചിരുന്നത്. എന്നാൽ പരിക്കു കാരണം കഴിഞ്ഞ സീസണിൽ ഒരു മത്സരം പോലും കളിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.ഈ സീസണിലും അദ്ദേഹത്തിന് പരിക്കേറ്റു.
എന്നാൽ അദ്ദേഹത്തെ ഒഴിവാക്കാൻ കേരള ബ്ലാസ്റ്റേഴ്സ് തയ്യാറായിട്ടില്ല. മറിച്ച് ഏഴാമത്തെ വിദേശ താരമായി കൊണ്ട് അദ്ദേഹത്തെ രജിസ്റ്റർ ചെയ്യുകയാണ് ക്ലബ്ബ് ചെയ്തിട്ടുള്ളത്. 6 വിദേശ താരങ്ങളെ മാത്രമേ ഐഎസ്എല്ലിനുള്ള സ്‌ക്വാഡിൽ ഉൾപ്പെടുത്താൻ സാധിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ നിലവിൽ സ്‌ക്വാഡിന് പുറത്താണ് ഈ താരമുള്ളത്. താരത്തെ കുറിച്ച് ചില കാര്യങ്ങൾ സ്പോർട്ടിങ് ഡയറക്ടർ സ്കിൻകിസ് പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്.
‘ ക്ലബ്ബുമായി കോൺട്രാക്ട് അവശേഷിക്കുന്ന താരമാണ് സോറ്റിരിയോ.കഴിഞ്ഞ സീസണിൽ രണ്ടുവർഷത്തെ കരാറിലാണ് ഞങ്ങൾ ഒപ്പു വച്ചിട്ടുള്ളത്.അത് പ്രകാരം അദ്ദേഹം ഇപ്പോഴും ഞങ്ങളുടെ താരമാണ്. ഒരു പ്രത്യേക സാഹചര്യത്തിലാണ് ഇപ്പോൾ ഞങ്ങൾ ഉള്ളത്. കൂടുതൽ അതേക്കുറിച്ച് സംസാരിക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല ‘ഇതാണ് സ്പോർട്ടിംഗ് ഡയറക്ടർ പറഞ്ഞിട്ടുള്ളത്.
അതേസമയം യുവതാരമായ ജസ്റ്റിൻ ഇമ്മാനുവലിനെ കേരള ബ്ലാസ്റ്റേഴ്സ് പറഞ്ഞയച്ചിരുന്നു.അതിന്റെ കാരണവും ഇദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.അതേക്കുറിച്ച് സ്പോർട്ടിംഗ് ഡയറക്ടർ പറഞ്ഞത് ഇങ്ങനെയാണ്. ‘ജസ്റ്റിന്റെ കേസ് ഇപ്പോൾ ക്ലോസ് ആയിട്ടുണ്ട്.അദ്ദേഹം ക്ലബ്ബ് വിടാൻ ആഗ്രഹിക്കുന്നു എന്നുള്ള കാര്യം അദ്ദേഹത്തിന്റെ ഏജന്റ് തന്നെ ഞങ്ങളെ അറിയിക്കുകയായിരുന്നു. ഫസ്റ്റ് ടീമിൽ ഡിഫറെൻസുകൾ ഉണ്ടാക്കാൻ അദ്ദേഹത്തിന് സാധിക്കില്ല എന്നത് ഞങ്ങൾക്ക് മനസ്സിലായി.ലോണിൽ ഐ ലീഗിലേക്ക് പോവാൻ അദ്ദേഹത്തിന് താല്പര്യം ഇല്ലായിരുന്നു.അതുകൊണ്ടാണ് കോൺട്രാക്ട് ടെർമിനേറ്റ് ചെയ്തിട്ടുള്ളത്. പക്ഷേ വിദേശത്തുനിന്നും യുവ താരങ്ങളെ കൊണ്ടുവരുന്ന പ്രക്രിയ ഞങ്ങൾ തുടരും ‘ ഇതാണ് സ്പോർട്ടിംഗ് ഡയറക്ടർ പറഞ്ഞിട്ടുള്ളത്.
ഏതായാലും കഴിഞ്ഞ സമ്മറിൽ നടത്തിയ ഈ രണ്ട് സൈനിങ്ങുകളും ഫലം കണ്ടിട്ടില്ല എന്ന് തന്നെ പറയേണ്ടിവരും. നിലവിൽ ബ്ലാസ്റ്റേഴ്സിന്റെ സ്‌ക്വാഡ് പൂർത്തിയായി കഴിഞ്ഞിട്ടുണ്ട്.സോറ്റിരിയോയെ ഐഎസ്എൽ സ്‌ക്വാഡിൽ രജിസ്റ്റർ ചെയ്യണമെങ്കിൽ ഏതെങ്കിലും ഒരു വിദേശ താരത്തെ അവിടെ നിന്നും ഒഴിവാക്കേണ്ടി വന്നേക്കും.