വീണ്ടും കംബാക്ക് വിജയവുമായി റയൽ,ചെൽസിക്ക് രക്ഷയില്ല, 7 ഗോൾ വിജയം നേടി റോമ.
ലാലിഗയിൽ നടന്ന അഞ്ചാമത്തെ റൗണ്ട് മത്സരത്തിലും വിജയം നേടിക്കൊണ്ട് കുതിക്കുകയാണ് റയൽ മാഡ്രിഡ്. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് മാഡ്രിഡ് റയൽ സോസിഡാഡിനെ പരാജയപ്പെടുത്തിയത്. ഒരു ഗോളിന് പിറകിൽ നിന്ന ശേഷം തിരിച്ചുവരവ് നടത്തി കൊണ്ടാണ് ഈ വിജയം റയൽ സ്വന്തമാക്കിയത്.
മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ തന്നെ റയൽ പിറകിൽ പോയിരുന്നു.ഈ ഗോളിന് മറുപടി നൽകാൻ 45ആം മിനിട്ട് വരെ റയൽ കാത്തിരിക്കേണ്ടിവന്നു.ഫ്രാൻ ഗാർഷ്യയുടെ അസിസ്റ്റിൽ നിന്ന് വാൽവെർദെയാണ് ഗോൾ നേടിയത്. പിന്നീട് അറുപതാം മിനിറ്റിൽ വീണ്ടും ഗോൾ കണ്ടെത്തി.ഗാർഷ്യയുടെ ക്രോസിൽ നിന്ന് ഹെഡറിലൂടെയാണ് ഹൊസേലു റയലിന്റെ വിജയ ഗോൾ നേടിയത്.
5 മത്സരങ്ങളിൽ അഞ്ചും വിജയിച്ചുകൊണ്ട് 15 പോയിന്റുള്ള റയൽ ഒന്നാം സ്ഥാനത്താണ്.പ്രീമിയർ ലീഗിന്റെ കാര്യത്തിലേക്ക് വന്നാൽ ചെൽസി വീണ്ടും ബുദ്ധിമുട്ടുന്ന കാഴ്ചയാണ്.ഗോൾ രഹിത സമനിലയാണ് ഇന്നലെ വഴങ്ങിയത്.ബേൺമോത്തായിരുന്നു എതിരാളികൾ. 5 മത്സരങ്ങളിൽ നിന്ന് ഒരു വിജയം മാത്രമുള്ള ചെൽസി ഇപ്പോൾ പോയിന്റ് പട്ടികയിൽ പതിനാലാം സ്ഥാനത്താണ് ഉള്ളത്.
എന്നാൽ ആഴ്സണൽ ഇന്നലെ വിജയം നേടിയിട്ടുണ്ട്. ഏകപക്ഷീയമായ ഒരു ഗോളിന് എവെർടണെയാണ് അവർ പരാജയപ്പെടുത്തിയത്.69ആം മിനുട്ടിൽ സാക്കയുടെ അസിസ്റ്റിൽ നിന്നും ട്രോസാർഡാണ് ഗോൾ നേടിയത്. ഇപ്പോൾ 5 മത്സരങ്ങളിൽ നിന്ന് 13 പോയിന്റുള്ള ആഴ്സണൽ നാലാം സ്ഥാനത്താണ് ഉള്ളത്.
ഹോസേ മൊറിഞ്ഞോയുടെ റോമാ ഇന്നലെ ഗോൾമഴ പെയ്യിച്ചിട്ടുണ്ട്. മറുപടിയില്ലാത്ത ഏഴ് ഗോളുകൾക്കാണ് എംപോളിയെ അവർ തോൽപ്പിച്ചത്.ദിബാല രണ്ട് ഗോളുകൾ നേടിയിട്ടുണ്ട്,ലുക്കാക്കുവും ഒരു ഗോൾ കണ്ടെത്തിയിട്ടുണ്ട്.അവർ ഇപ്പോൾ പന്ത്രണ്ടാം സ്ഥാനത്താണ് ഉള്ളത്.