ബെൻസിമയുടെ പകരക്കാരനായി കൊണ്ട് അർജന്റീനയുടെ ലോകജേതാവിനെ കൊണ്ടുവരാൻ റയൽ മാഡ്രിഡിന്റെ ശ്രമം.
റയൽ മാഡ്രിഡിന് അവരുടെ ഏറ്റവും പ്രധാനപ്പെട്ട താരമായ കരിം ബെൻസിമയെ ഇപ്പോൾ അവസാനിച്ച ട്രാൻസ്ഫർ വിൻഡോയിലാണ് നഷ്ടമായത്. സൗദി അറേബ്യയിലേക്ക് പോകാൻ താൽപര്യം അറിയിച്ച ബെൻസിമയെ റയൽ മാഡ്രിഡ് പോകാൻ അനുവദിക്കുകയായിരുന്നു. ഇപ്പോൾ അൽ ഇത്തിഹാദിന്റെ താരമാണ് ബെൻസിമ. അദ്ദേഹത്തിന്റെ പകരക്കാരനെ എത്തിക്കാൻ റയലിന് കഴിഞ്ഞതുമില്ല.
എംബപ്പേക്ക് വേണ്ടിയുള്ള കാത്തിരിപ്പ് നീളുകയാണ്.ഹൊസേലു ഉണ്ടെങ്കിലും അദ്ദേഹം ബെൻസിമക്ക് പകരമാവില്ല. ഗോളടിക്കാൻ ഇപ്പോൾ റയൽ മാഡ്രിഡ് പ്രധാനമായും ആശ്രയിക്കുന്നത് ജൂഡ് ബെല്ലിങ്ഹാമിനെയാണ്.എംബപ്പേയുടെ കാര്യത്തിൽ യാതൊരുവിധ ഉറപ്പുകളും ഇല്ലാത്തതിനാൽ റയൽ മാഡ്രിഡ് മറ്റൊരു നീക്കം നടത്തുകയാണ്. അർജന്റീനയുടെ വേൾഡ് കപ്പ് ചാമ്പ്യനായ ജൂലിയൻ ആൽവരസിനെ റയലിന് വേണം.
ഇപ്പോൾ മാഞ്ചസ്റ്റർ സിറ്റിയുടെ താരമാണ് ജൂലിയൻ ആൽവരസ്.എംബപ്പേയെ ലഭിച്ചില്ലെങ്കിൽ ബാക്കപ്പ് ഓപ്ഷനായി കൊണ്ടാണ് ഈ അർജന്റീനക്കാരനെ റയലിനു വേണ്ടത്. ഇപ്പോൾ സിറ്റിയിൽ അദ്ദേഹത്തിന് കളിക്കാൻ അവസരങ്ങൾ ലഭിക്കുന്നുണ്ട്.മുമ്പ് ഹാലന്റ് മാത്രമായിരുന്നു സ്ട്രൈക്കർ എങ്കിലും പെപ് ജൂലിയന് ഇപ്പോൾ അവസരങ്ങൾ നൽകുന്നുണ്ട്. നല്ല രീതിയിൽ സിറ്റിക്ക് വേണ്ടി കളിക്കുന്ന താരമാണ് ജൂലിയൻ.
ഇപ്പോൾ തന്നെ പ്രീമിയർ ലീഗിൽ രണ്ടു ഗോളുകളും ഒരു അസിസ്റ്റും അദ്ദേഹം നേടിയിട്ടുണ്ട്.കഴിഞ്ഞ വേൾഡ് കപ്പിലും അർജന്റീനക്ക് വേണ്ടി നല്ല പ്രകടനം നടത്താൻ ജൂലിയന് കഴിഞ്ഞു. ഈ മികച്ച താരത്തെ കൈവിടാൻ മാഞ്ചസ്റ്റർ സിറ്റി തയ്യാറായേക്കില്ല.പക്ഷെ എംബപ്പേയെ കിട്ടിയില്ലെങ്കിൽ റയൽ മാഡ്രിഡ് നല്ല ശ്രമങ്ങൾ നടത്തിയേക്കും.