സംഭവബഹുലമായ മത്സരത്തിൽ യുണൈറ്റഡിന് തോൽവി,യുവ താരങ്ങളുടെ കരുത്തിൽ റയൽ,ഗോളടി മേളം തുടർന്ന് ഹാരി കെയ്ൻ.

ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ എഫ്സി കോപ്പൻ ഹേഗൻ പരാജയപ്പെടുത്തിയത്.സംഭവബഹുലമായിരുന്നു ഈ മത്സരം. ഒരു ഘട്ടത്തിൽ വിജയത്തിലേക്ക് നീങ്ങിയ യുണൈറ്റഡിന് പിന്നീട് കാര്യങ്ങൾ പിഴക്കുകയായിരുന്നു.

മത്സരത്തിന്റെ 3,28 മിനിട്ടുകളിൽ ഗോൾ നേടിക്കൊണ്ട് ഹൊയ്ലുണ്ട് യുണൈറ്റഡിന് ലീഡ് നേടിക്കൊടുക്കുകയായിരുന്നു. പക്ഷേ 42ആം മിനിറ്റിൽ മാർക്കസ് റാഷ്ഫോഡിന് റെഡ് കാർഡ് കിട്ടിയതോടെ കാര്യങ്ങൾ മാറി.താരം നടത്തിയ ഫൗളിനായിരുന്നു റെഡ് കാർഡ് കിട്ടിയത്. എന്നാൽ VAR ഉപയോഗിച്ചുള്ള തീരുമാനത്തിൽ വിവാദങ്ങൾ നിലനിൽക്കുന്നുണ്ട്. അതിനു പിന്നാലെ രണ്ട് ഗോളുകൾ കോപൻ ഹേഗൻ നേടുകയായിരുന്നു.അതിലൊന്ന് പെനാൽറ്റി ഗോളായിരുന്നു.

പിന്നീട് 69ആം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസ് പെനാൽറ്റിയിലൂടെ യുണൈറ്റഡിനെ മുന്നിലെത്തിച്ചു. എന്നാൽ 83,87 മിനിട്ടുകളിൽ അവർ ഗോളുകൾ നേടിയതോടെ യുണൈറ്റഡിന് തോൽവി ഏറ്റുവാങ്ങേണ്ടി വരികയായിരുന്നു. പരാജയപ്പെട്ടതോടെ യുണൈറ്റഡ് ഗ്രൂപ്പ് ഘട്ടത്തിൽ നിന്നും പുറത്താകുന്നതിന്റെ വക്കിലാണ്. മൂന്ന് പോയിന്റ് മാത്രമുള്ള അവർ ഗ്രൂപ്പിൽ ഏറ്റവും അവസാന സ്ഥാനത്താണ്.

അതേസമയം ഇന്നലത്തെ മത്സരത്തിൽ റയൽ മാഡ്രിഡ് ബ്രാഗയെ തോൽപ്പിച്ചിട്ടുണ്ട്.എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് റയൽ വിജയിച്ചിട്ടുള്ളത്. ഒരു ഗോളും ഒരു അസിസ്റ്റും വീതം നേടിയ ബ്രസീലിയൻ സൂപ്പർതാരങ്ങളായ റോഡ്രിഗോ,വിനീഷ്യസ് എന്നിവർ ക്ലബ്ബിന് വേണ്ടി തിളങ്ങുകയായിരുന്നു. അതേസമയം മറ്റൊരു ഗോൾ നേടിയത് ബ്രാഹിം ഡയസാണ്. ഇതോടെ നാലു മത്സരങ്ങളിൽ നാലും വിജയിച്ച റയൽ മാഡ്രിഡ് പ്രീ ക്വാർട്ടർ ഉറപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. മറ്റൊരു മത്സരത്തിൽ ഇന്റർമിലാൻ സാൽസ് ബർഗിനെ ഒരു ഗോളിന് പരാജയപ്പെടുത്തി.ലൗറ്ററോയുടെ പെനാൽറ്റി ഗോളാണ് അവർക്ക് വിജയം സമ്മാനിച്ചത്.

ജർമൻ കരുത്തരായ ബയേൺ വിജയം തുടർന്നിട്ടുണ്ട്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് അവർ ഗലാറ്റസറെയെ തോൽപ്പിച്ചത്. ഇരട്ട ഗോളുകൾ നേടിയ ഹാരി കെയ്ൻ തന്റെ ഗോളടി മേളം തുടരുകയാണ്. അതേസമയം സെവിയ്യയെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്താൻ ആർസണലിന് കഴിഞ്ഞിട്ടുണ്ട്.ട്രൊസാഡ്,സാക്ക എന്നിവരാണ് ഗോളുകൾ നേടിയത്.

Fc BayernManchester UnitedReal Madrid
Comments (0)
Add Comment