റെഡ് കാർഡിന് ശേഷം ചെയ്തത് എനിക്കിഷ്ടപ്പെട്ടില്ല:സ്റ്റാറേ വിശദീകരിക്കുന്നു!
കഴിഞ്ഞ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് സമനിലയാണ് വഴങ്ങേണ്ടി വന്നിട്ടുള്ളത്.നോർത്ത് ഈസ്റ്റ് യുണൈറ്റഡ് അവരുടെ മൈതാനത്ത് വെച്ച് നടന്ന മത്സരത്തിലാണ് ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ തളച്ചിട്ടുള്ളത്.രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതം നേടുകയായിരുന്നു.അജാറേയുടെ ഗോളിന് നോഹ സദോയിയാണ് മറുപടി നൽകിയിട്ടുള്ളത്. മത്സരത്തിന്റെ അവസാനത്തിൽ നോർത്ത് ഈസ്റ്റ് താരമായ അഷീർ റെഡ് കാർഡ് കണ്ടിരുന്നു.
തുടർന്ന് അവസാനത്തെ 15 മിനിറ്റോളം ബ്ലാസ്റ്റേഴ്സ് 10 പേർക്കെതിരെയാണ് കളിച്ചിട്ടുള്ളത്. കൂടുതൽ ഗോളുകൾ നേടാനുള്ള അവസരങ്ങൾ ബ്ലാസ്റ്റേഴ്സിന് ലഭിക്കുകയും ചെയ്തിരുന്നു.എന്നാൽ അത് മുതലെടുക്കാൻ ക്ലബ്ബിന് സാധിക്കാതെ പോയി.ഒരുപാട് അവസരങ്ങൾ പാഴാക്കുകയും ചെയ്തിരുന്നു. ഒരു ഗോളെങ്കിലും നേടിയിരുന്നുവെങ്കിൽ ബ്ലാസ്റ്റേഴ്സിന് 3 പോയിന്റ് നേടിക്കൊണ്ട് ഗുവാഹത്തിയിൽ നിന്നും മടങ്ങാൻ സാധിക്കുമായിരുന്നു.
റെഡ് കാർഡിന് ശേഷം ബ്ലാസ്റ്റേഴ്സ് മത്സരം നിയന്ത്രിച്ച രീതി പരിശീലകനായ മികയേൽ സ്റ്റാറേക്ക് പിടിച്ചിട്ടില്ല.അദ്ദേഹം ഇക്കാര്യം തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. മത്സരം വിജയിക്കേണ്ടിയിരുന്നു എന്നാണ് സ്റ്റാറേ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഇന്ത്യൻ സൂപ്പർ ലീഗ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
‘ഒരു തരത്തിൽ പറഞ്ഞാൽ, ഈ പോയിന്റ് നേടിയതിൽ ഞാൻ സന്തുഷ്ടനാണ്. എന്നാൽ ചുവപ്പ് കാർഡിന് ശേഷം ഞങ്ങൾ മത്സരം നിയന്ത്രിച്ച രീതി പരിഗണിക്കുമ്പോൾ,ഞങ്ങൾ വിജയിക്കണമായിരുന്നു. അത് എനിക്ക് ഇഷ്ടപ്പെട്ടില്ല.ആദ്യ പകുതിയിൽ എതിരാളികൾ ശക്തരായിരുന്നു. വലിയ അവസരങ്ങൾ സൃഷ്ടിച്ചു. എല്ലാം പരിഗണിക്കുമ്പോൾ, ഇത് ഒരു തുലനതയുള്ള മത്സരമായിരുന്നു ‘ഇതാണ് കോച്ച് പറഞ്ഞിട്ടുള്ളത്.
ഇനി അടുത്ത മത്സരത്തിനു വേണ്ടിയുള്ള ഒരുക്കങ്ങളിലാണ് ബ്ലാസ്റ്റേഴ്സ് ഉള്ളത്.എതിരാളികൾ ഒഡീഷയാണ്. അവരുടെ മൈതാനത്ത് വച്ചുകൊണ്ടാണ് ബ്ലാസ്റ്റേഴ്സ് ഈ മത്സരം കളിക്കുക.ഈ മത്സരത്തിൽ ക്ലബ്ബിൽ നിന്നും കൂടുതൽ മെച്ചപ്പെട്ട പ്രകടനവും വിജയവും ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.