റിഷാദ് ഗഫൂറിനെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി!
നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിൽ തങ്ങളുടെ മൂന്നാമത്തെ മത്സരം കളിക്കാൻ വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്. എതിരാളികൾ നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ്. ഞായറാഴ്ച വൈകിട്ട് 7:30നാണ് ഈയൊരു മത്സരം നടക്കുക.നോർത്ത് ഈസ്റ്റിന്റെ മൈതാനത്ത് വെച്ചുകൊണ്ടാണ് മത്സരം അരങ്ങേറുക. ബ്ലാസ്റ്റേഴ്സ് ഈ സീസണിലെ ആദ്യത്തെ എവേ മത്സരമാണ് ഇപ്പോൾ കളിക്കാൻ ഒരുങ്ങി നിൽക്കുന്നത്.
സമീപകാലത്ത് ഒരുപാട് പ്രതിഭകൾ ബ്ലാസ്റ്റേഴ്സ് അക്കാദമിയിലൂടെയും റിസർവ് ടീമിലൂടെയും ഉയർന്നു വരുന്നുണ്ട്. ബ്ലാസ്റ്റേഴ്സിന്റെ സീനിയർ ടീമിൽ ഇടം നേടിയിട്ടുള്ള പല താരങ്ങളും കേരള ബ്ലാസ്റ്റേഴ്സിന്റെ റിസർവ് ടീമിലൂടെ തന്നെ വളർന്നു വന്നിട്ടുള്ള താരങ്ങളാണ്.ഐമൻ,അസ്ഹർ,സച്ചിൻ,വിബിൻ,സഹീഫ് തുടങ്ങിയ ഒട്ടേറെ പേർ കേരള ബ്ലാസ്റ്റേഴ്സിന്റെ സീനിയർ ടീമുകൾക്ക് വേണ്ടി കളിച്ചു തുടങ്ങിയിട്ടുണ്ട്.മികച്ച താരങ്ങളെ അക്കാദമിയിലൂടെ വാർത്തെടുക്കുന്നതിൽ കേരള ബ്ലാസ്റ്റേഴ്സ് എന്നും മുൻപന്തിയിലാണ്.
നിലവിൽ പഞ്ചാബിന് വേണ്ടി ലോൺ അടിസ്ഥാനത്തിൽ കളിക്കുന്ന നിഹാൽ സുധീഷ് യഥാർത്ഥത്തിൽ ബ്ലാസ്റ്റേഴ്സ് താരമാണ്. കൂടാതെ ബ്ലാസ്റ്റേഴ്സിന്റെ റിസർവ് ടീമിലൂടെ വളർന്നുവന്ന ഒരുപാട് താരങ്ങൾ പല ക്ലബ്ബുകളിലായി കളിക്കുന്നുണ്ട്.ഇപ്പോഴിതാ മറ്റൊരു താരത്തെ കൂടി ബ്ലാസ്റ്റേഴ്സ് തങ്ങളുടെ റിസർവ് ടീമിലേക്ക് കൊണ്ടുവന്നിട്ടുണ്ട്.റിഷാദ് ഗഫൂർ എന്ന ഫോർവേഡിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിട്ടുള്ളത്.IFTWC യുടെ മാധ്യമപ്രവർത്തകനാണ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുള്ളത്.
മുത്തൂറ്റ് FAയുടെ താരമാണ് റിഷാദ് ഗഫൂർ.മുന്നേറ്റ നിര താരമാണ്. ഡെവലപ്മെന്റൽ ലീഗിലും അണ്ടർ 17 യൂത്ത് ലീഗിലും 5 ഗോളുകൾ വീതം നേടിയിട്ടുള്ള താരമാണ് റിഷാദ് ഗഫൂർ. നിലവിൽ അദ്ദേഹം ലോൺ അടിസ്ഥാനത്തിൽ സൂപ്പർ ലീഗ് കേരള ക്ലബ്ബായ കണ്ണൂർ വാരിയേഴ്സ് എഫ്സിക്ക് വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്.ഇതിനിടയിലാണ് കേരള ബ്ലാസ്റ്റേഴ്സ് അദ്ദേഹത്തെ സ്വന്തമാക്കിയിട്ടുള്ളത്.
ഈ യുവതാരം കേരള ബ്ലാസ്റ്റേഴ്സിന്റെ റിസർവ് ടീമിനോടൊപ്പം ആയിരിക്കും ജോയിൻ ചെയ്യുക. അവിടെ മികച്ച പ്രകടനം നടത്തി പ്രൂവ് ചെയ്താൽ തീർച്ചയായും ഭാവിയിൽ അദ്ദേഹം ബ്ലാസ്റ്റേഴ്സിന്റെ സീനിയർ ടീമിലേക്ക് എത്തിയേക്കാം. ഏതായാലും കൂടുതൽ മികച്ച പ്രതിഭകളെ കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്. ഇതിനോടകം തന്നെ ഏറെ പ്രശംസകൾ പിടിച്ചു പറ്റിയവരാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ സ്കൗട്ടിംഗ് ടീം.