കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങൾ അതി വേഗത്തിൽ നടത്തുകയാണ്.പരിശീലകസംഘം ഇപ്പോൾ പൂർത്തിയായിട്ടുണ്ട്.പുതുതായി 3 പരിശീലകരെയാണ് ക്ലബ്ബ് കൊണ്ടുവന്നിട്ടുള്ളത്. ഇന്ത്യൻ അസിസ്റ്റന്റ് പരിശീലകനും ഗോൾകീപ്പിംഗ് പരിശീലകനും നിലവിലുള്ള പരിശീലകർ തന്നെയാണ്. ഒരുപാട് പ്രധാനപ്പെട്ട താരങ്ങളെ ഇപ്പോൾ ബ്ലാസ്റ്റേഴ്സ് വിട്ട് കളയുകയും ചെയ്തു.ഇനി സൈനിങ്ങുകൾ ഉടനെ തന്നെ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കേരള ബ്ലാസ്റ്റേഴ്സിന് മുന്നേറ്റ നിരയിലേക്ക് കൂടുതൽ വിദേശ താരങ്ങളെ ആവശ്യമുണ്ട്. എന്തെന്നാൽ ദിമി,ഡൈസുകെ സക്കായ്,ഫെഡോർ ചെർനിച്ച് എന്നിവരൊക്കെ ബ്ലാസ്റ്റേഴ്സ് വിട്ടു കഴിഞ്ഞു.പെപ്രയുടെ കാര്യത്തിൽ ഇപ്പോഴും സംശയങ്ങൾ നിലനിൽക്കുന്നുണ്ട്.നൂഹ് സദൂയി ഉണ്ടാകും എന്നത് നേരത്തെ ഉറപ്പായി കഴിഞ്ഞ കാര്യമാണ്. എന്നിരുന്നാലും മുന്നേറ്റ നിരയിലേക്ക് കൂടുതൽ താരങ്ങൾക്ക് വേണ്ടിയുള്ള ശ്രമങ്ങൾ ബ്ലാസ്റ്റേഴ്സ് നടത്തുന്നുണ്ട്. അതിലൊരു താരം ബ്രസീലിയൻ താരമായ റോബ്സൺ റോബിഞ്ഞോ തന്നെയാണ്.
28 വയസ്സുള്ള റോബിഞ്ഞോ വിങറായി കൊണ്ടാണ് കളിക്കുന്നത്. ബംഗ്ലാദേശി ക്ലബ്ബായ ബസുന്ദര കിങ്സിന്റെ താരമാണ് റോബിഞ്ഞോ. കഴിഞ്ഞ സീസണിൽ തകർപ്പൻ പ്രകടനമാണ് ഈ ബ്രസീലിയൻ താരം നടത്തിയിട്ടുള്ളത്. 15 മത്സരങ്ങളിൽ നിന്ന് എട്ട് ഗോളുകളും 11 അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. കാലത്ത് സ്വന്തമാക്കാൻ വേണ്ടി നിരവധി ഐഎസ്എൽ ക്ലബ്ബുകൾ രംഗത്ത് വന്നിട്ടുണ്ട്.
അതിലൊന്ന് കേരള ബ്ലാസ്റ്റേഴ്സ് തന്നെയാണ്.താരത്തിന് വേണ്ടി ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ നടത്തുന്നു എന്നാണ് അറിയാൻ കഴിയുന്നത്. അതുപോലെതന്നെ മറ്റു ഐഎസ്എൽ ക്ലബ്ബുകൾ ആയ മുംബൈ സിറ്റി എഫ്സി,ഈസ്റ്റ് ബംഗാൾ,മുഹമ്മദൻ എസ്സി എന്നിവരൊക്കെ താരത്തെ സ്വന്തമാക്കാൻ വേണ്ടി ശ്രമിക്കുന്നുണ്ട്. മുഹമ്മദൻ എസ്സി താരവുമായി ധാരണയിലെത്തി എന്നുള്ള വാർത്തകൾ പുറത്തേക്ക് വന്നിട്ടുണ്ട്.പക്ഷേ ഇത് സ്ഥിരീകരിക്കാത്ത വാർത്തകളാണ്. ഏതായാലും ബ്ലാസ്റ്റേഴ്സിന്റെ ശ്രമങ്ങൾ ഫലം കാണാനുള്ള സാധ്യത ഒരല്പം കുറവാണ്.
കാരണം വമ്പൻ ക്ലബ്ബുകൾ അദ്ദേഹത്തിന് വേണ്ടി ശ്രമിക്കുന്നു എന്നുള്ളത് തന്നെയാണ്. താരത്തെ ലഭിച്ചു കഴിഞ്ഞാൽ അത് കൂടുതൽ ഉപകാരപ്പെടും എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. കാരണം ഗോളടിക്കുന്നതിലും ഗോൾ അടിപ്പിക്കുന്നതിലും ഒരുപോലെ മികവ് പുലർത്തുന്ന താരം കൂടിയാണ് റോബിഞ്ഞോ.