കേരള ബ്ലാസ്റ്റേഴ്സ് പുതിയ ഐഎസ്എൽ സീസണിന് തുടക്കം കുറിക്കുമ്പോൾ ആരാധകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്നത് രണ്ട് താരങ്ങളുടെ പ്രകടനം കാണാൻ വേണ്ടിയാണ്. പ്രതിരോധനിരയിലേക്ക് പുതുതായി വന്ന ഫ്രഞ്ച് ഡിഫൻഡർ അലക്സാൻഡ്രെ കോയേഫ്, മുന്നേറ്റ നിരയിലേക്ക് വന്ന സ്പാനിഷ് സ്ട്രൈക്കർ ജീസസ് ജിമിനസ് എന്നിവരുടെ പ്രകടനങ്ങളിലേക്കാണ് ആരാധകർ ഏറ്റവും കൂടുതൽ ഉറ്റുനോക്കുന്നത്.കാരണം രണ്ടുപേരും ഇന്ത്യൻ സൂപ്പർ ലീഗിൽ ആദ്യമായിട്ടാണ്.അവർക്ക് എത്രത്തോളം തിളങ്ങാൻ കഴിയും എന്നതാണ് ആരാധകർക്ക് അറിയേണ്ടത്.
നോവ സദോയിയെ കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നിട്ടുണ്ടെങ്കിലും അദ്ദേഹത്തിന് ഐഎസ്എൽ പരിചിതമാണ്.കാരണം കഴിഞ്ഞ രണ്ടു സീസണുകളിലും അദ്ദേഹം ഗോവക്ക് വേണ്ടി മിന്നുന്ന പ്രകടനം പുറത്തെടുത്തിട്ടുണ്ട്.ലെസ്ക്കോവിച്ച് ഒഴിച്ചിട്ട സ്ഥാനത്തേക്കാണ് കോയെഫ് ഇപ്പോൾ കടന്നു വന്നിട്ടുള്ളത്. വളരെയധികം പരിചയ സമ്പത്ത് അവകാശപ്പെടാൻ ഈ ഫ്രഞ്ച് താരത്തിന് സാധിക്കുന്നുണ്ട്.
എന്നാൽ ഒരു റോൾ മോഡൽ താരത്തിന് ഇല്ല. ഇത് കോയെഫ് തന്നെ പറഞ്ഞിട്ടുണ്ട്. ഇഷ്ടതാരമില്ലാത്ത ഒരു കരിയറാണ് അദ്ദേഹത്തിന് അവകാശപ്പെടാനുള്ളത്. താനൊരു പടയാളി അല്ല എന്ന് താരം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ സ്പാനിഷ് ശൈലിയുടെ ആരാധകനാണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.കോയെഫിന്റെ വാക്കുകളിലേക്ക് പോവാം.
‘ റോൾ മോഡൽ എന്ന് പറയാൻ എനിക്കൊരു താരം ഇല്ല. പക്ഷേ സ്പാനിഷ് ശൈലിയുടെ ആരാധകനാണ് ഞാൻ.സ്പാനിഷ് മോഡൽ പ്രതിരോധം എനിക്കിഷ്ടമാണ്.പിന്നിൽ നിന്നും നീക്കങ്ങൾ തുടങ്ങുന്നതാണ് അവരുടെ രീതി.നല്ല ബിൽഡപ്പുകളും ഗെയിം മനസ്സിലാക്കിയുള്ള നീക്കങ്ങളും കിട്ടുന്ന സ്പേസ് മുതലാക്കിയുള്ള സ്മാർട്ട് പ്ലേ യും എല്ലാം ഏറെ ഇഷ്ടമാണ്. എന്റെ ശൈലിയും ഇത് തന്നെയാണ്. അതുകൊണ്ടാണ് ഞാൻ ഒരു പടയാളി അല്ല എന്ന് പറഞ്ഞിട്ടുള്ളത് ‘ ഇതാണ് കോയെഫ് വ്യക്തമാക്കിയിട്ടുള്ളത്.
അതായത് പ്രതിരോധത്തിൽ പാറ പോലെ ഉറച്ചു നിൽക്കുന്നതിന് മാത്രമല്ല അദ്ദേഹം പ്രാധാന്യം നൽകുന്നത്. മറിച്ച് വിങ്ങുകളിലൂടെ കയറുന്നതിനും ആക്രമണത്തിൽ പങ്കെടുക്കുന്നതിനും ഇദ്ദേഹം താൽപര്യപ്പെടുന്നുണ്ട്. പ്രതിരോധത്തിനും ആക്രമണത്തിനും ഒരുപോലെ സംഭാവന നൽകാൻ കഴിയുന്ന ഒരു താരം തന്നെയാണ് കോയെഫ്.