നിലവിൽ കോപ്പ അമേരിക്കയിൽ പ്രതീക്ഷക്കൊത്ത ഒരു പ്രകടനം പുറത്തെടുക്കാൻ കരുത്തരായ ബ്രസീലിന് കഴിഞ്ഞിട്ടില്ല. ആദ്യ മത്സരത്തിൽ കോസ്റ്റാറിക്കയോട് ബ്രസീൽ ഗോൾ രഹിത സമനില വഴങ്ങുകയായിരുന്നു. പിന്നീട് പരാഗ്വക്കെതിരെ ഒരു മികച്ച വിജയം ബ്രസീൽ സ്വന്തമാക്കി. അതിനുശേഷം കൊളംബിയ ബ്രസീലിനെ സമനിലയിൽ തളച്ചു. ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി കൊണ്ടാണ് ബ്രസീൽ ഫിനിഷ് ചെയ്തത്.
ബ്രസീലിയൻ സൂപ്പർതാരമായ വിനീഷ്യസ് ജൂനിയർ കഴിഞ്ഞ സീസണിൽ ക്ലബ്ബ് തലത്തിൽ മിന്നുന്ന പ്രകടനമായിരുന്നു നടത്തിയിരുന്നത്.പക്ഷേ ബ്രസീൽ ദേശീയ ടീമിൽ അത് ആവർത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.പരാഗ്വക്കെതിരെ തിളങ്ങിയെങ്കിലും ബാക്കിയുള്ള രണ്ടു മത്സരങ്ങളിലും അദ്ദേഹത്തിന്റെ പ്രകടനം പരിതാപകരമായിരുന്നു. മാത്രമല്ല അടുത്ത ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ അദ്ദേഹത്തിന് കളിക്കാൻ സാധിക്കുകയുമില്ല.കാരണം അദ്ദേഹത്തിന് സസ്പെൻഷൻ ലഭിച്ചിട്ടുണ്ട്.
ഇപ്പോഴിതാ ബ്രസീലിയൻ ഇതിഹാസമായ റൊമാരിയോ വിനീഷ്യസിനെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ പങ്കുവെച്ചിട്ടുണ്ട്. ബ്രസീലിനെ ചാമ്പ്യനാക്കാനുള്ള കഴിവൊന്നും വിനിക്കില്ല എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. അതിനൊക്കെ നെയ്മർ ജൂനിയർ തന്നെ വേണമെന്നും റൊമാരിയോ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്.
റയൽ മാഡ്രിഡിന് ലാലിഗയും ചാമ്പ്യൻസ് ലീഗും നേടിക്കൊടുക്കുന്നതിൽ അദ്ദേഹം വലിയ റോൾ വഹിച്ചിട്ടുണ്ട്.ബ്രസീൽ ടീമിൽ അദ്ദേഹം മെച്ചപ്പെട്ടിട്ടുണ്ട്. പക്ഷേ വിനീഷ്യസ് കളിച്ചാൽ ബ്രസീൽ ചാമ്പ്യന്മാർ ആകും എന്ന് പറയുന്ന തലത്തിലേക്ക് അദ്ദേഹം എത്തിയിട്ടില്ല.ബ്രസീലിന് ചാമ്പ്യന്മാരാക്കാൻ അദ്ദേഹത്തിന് കഴിയില്ല.അത്തരത്തിലുള്ള ഒരു താരം നെയ്മർ ജൂനിയറാണ്. നെയ്മർ നന്നായി കളിച്ചാൽ ബ്രസീൽ ചാമ്പ്യന്മാർ ആകും എന്നത് നമുക്ക് പറയാൻ കഴിയുന്ന ഒരു കാര്യമാണ്, ഇതാണ് റൊമാരിയോ പറഞ്ഞിട്ടുള്ളത്.
ഇനി ബ്രസീലും ഉറുഗ്വയും തമ്മിലാണ് ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഏറ്റുമുട്ടുക. വരുന്ന ഞായറാഴ്ച രാവിലെയാണ് ഈ മത്സരം നടക്കുക.ബ്രസീലിനെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ വെല്ലുവിളി തന്നെയായിരിക്കും.