ഇതെല്ലാം ഒരു പ്രാങ്ക് ആയിരുന്നു ഗയ്സ് :തുറന്ന് പറഞ്ഞ് റൊണാൾഡീഞ്ഞോ
ബ്രസീലിയൻ ഇതിഹാസമായ റൊണാൾഡീഞ്ഞോ ഇന്നലെ ബ്രസീലിനെതിരെ നടത്തിയ വിമർശനങ്ങൾ ഫുട്ബോൾ ലോകത്തെ അമ്പരപ്പിച്ചിരുന്നു. ഇപ്പോഴത്തെ ബ്രസീലിയൻ ദേശീയ ടീമിനെതിരെ ഇദ്ദേഹം പരസ്യമായി വിമർശനങ്ങൾ ഉന്നയിക്കുകയായിരുന്നു. വരുന്ന കോപ്പ അമേരിക്കയിലെ ബ്രസീലിന്റെ മത്സരങ്ങൾ താൻ കാണുകയില്ലെന്നും താൻ ബ്രസീലിനെ ഉപേക്ഷിക്കുകയാണ് എന്നുമായിരുന്നു ഡീഞ്ഞോ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നത്.ഇപ്പോഴത്തെ ബ്രസീൽ ടീമിനെ എല്ലാം നഷ്ടമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല അധികം വൈകാതെ ഒരു ഇൻസ്റ്റഗ്രാം കമന്റിലൂടെ റൊണാൾഡീഞ്ഞോ ഇത് ആവർത്തിച്ച് പറയുകയും ചെയ്തു.
കോപ്പ അമേരിക്കയിലെ ബ്രസീലിന്റെ മത്സരം താൻ കാണുകയില്ലെന്ന് പറഞ്ഞ ഡീഞ്ഞോ ഈ ബ്രസീൽ ടീം സമീപകാലത്തെ ഏറ്റവും മോശം ടീം ആണെന്നും ആരോപിച്ചിരുന്നു. ഇത് ബ്രസീലിയൻ ഫുട്ബോൾ ലോകത്ത് വലിയ കോളിളക്കങ്ങളാണ് സൃഷ്ടിച്ചത്. എത്രയൊക്കെ മോശം സമയമാണെങ്കിലും ഡീഞ്ഞോയെ പോലെയുള്ള ഒരു ഇതിഹാസം താരങ്ങൾക്കൊപ്പം നിൽക്കേണ്ട ഒരു സമയമാണ് ഇതെന്ന് പലരും ആരോപിച്ചിരുന്നു. ഏതായാലും ഈ പ്രസ്താവനയുടെ യാഥാർത്ഥ്യം വെളിപ്പെടുത്തിക്കൊണ്ട് ഡീഞ്ഞോ തന്നെ രംഗത്ത് വന്നിട്ടുണ്ട്.ഇതൊരു പ്രാങ്ക് ആയിരുന്നു. കൃത്യമായി പറഞ്ഞാൽ റെക്സോണയുടെ ഒരു മൂവ്മെന്റിന്റെ പരസ്യമായിരുന്നു ഇത്. ആ ക്യാമ്പയിനിന്റെ ഭാഗമായി കൊണ്ടാണ് ഡീഞ്ഞോ ഈ വിമർശനം നടത്തിയിട്ടുള്ളത്.
ഞാൻ ഒരിക്കലും ബ്രസീലിയൻ ഫുട്ബോളിനെ ഉപേക്ഷിക്കില്ല. നിങ്ങൾ കണ്ട കാര്യങ്ങൾ ഞാൻ പറഞ്ഞതല്ല.അത് പുറത്തേക്ക് വന്നത് ശരിക്കുമുള്ള ബ്രസീലിയൻ ആരാധകരിൽ നിന്നാണ്. അത് ഇന്റർനെറ്റിൽ ഞാൻ കണ്ട മറ്റു ആരാധകരുടെ വാക്കുകളാണ്. നിങ്ങൾ കളിക്കുന്നതിനു മുൻപേ ഇത്തരം കാര്യങ്ങൾ കണ്ടു നോക്കൂ,നിങ്ങൾക്ക് ഒരിക്കലും ഉപയോഗപ്പെടില്ല. നിങ്ങളുടെ മോട്ടിവേഷൻ താഴെ പോവുകയാണ് ചെയ്യുക. ആരാധകരുടെ പിന്തുണയാണ് ഒരു താരത്തിൽ വലിയ വ്യത്യാസങ്ങൾ ഉണ്ടാക്കുന്നത്. എന്തിനെക്കുറിച്ചാണ് ഞാൻ ഇപ്പോൾ സംസാരിക്കുന്നത് എന്നത് എനിക്ക് കൃത്യമായി അറിയാം. ബ്രസീലിയൻ താരങ്ങൾക്ക് ഇപ്പോൾ സപ്പോർട്ട് ആവശ്യമാണ്.അവർക്ക് കൂടുതൽ ആത്മവിശ്വാസം ആവശ്യമാണ്.അതുകൊണ്ടുതന്നെ ആരാധകരെ പ്രചോദിപ്പിക്കാൻ വേണ്ടിയാണ് ഈ പരസ്യം ഞാൻ റെക്സോണയുമൊത്ത് ചെയ്തത്.
ഒരിക്കലും ബ്രസീലിയൻ ടീമിനെ ഉപേക്ഷിക്കരുത് എന്ന സന്ദേശം നൽകാൻ വേണ്ടിയാണ് ഞാൻ ഈ പരസ്യം ചെയ്തത്. കോപ്പ അമേരിക്കക്കുള്ള ബ്രസീലിയൻ ടീമിനെ എല്ലാവരും പിന്തുണക്കണം.#Trazaconfiaca എന്ന ഹാഷ്ടാഗ് ഉപയോഗിച്ചുകൊണ്ട് എല്ലാവരും ഇതിൽ ജോയിൻ ചെയ്യണം.ഈ യുവതാരങ്ങൾക്ക് ഇപ്പോൾ സപ്പോർട്ട് ആവശ്യമാണ്. ഞാൻ മുൻപങ്ങും ഇല്ലാത്ത വിധം ഇവരെ സപ്പോർട്ട് ചെയ്യും. നിങ്ങളും ഇവരെ സപ്പോർട്ട് ചെയ്യണം’ ഇതാണ് ഡീഞ്ഞോ പറഞ്ഞിട്ടുള്ളത്.
അതായത് ബ്രസീൽ ദേശീയ ടീമിനെതിരെ വിമർശനങ്ങൾ ഉന്നയിച്ച് അവരെ കൈവിടരുത്.കോപ്പ അമേരിക്കയിൽ അവരെ കൂടെ നിർത്തണം. അത് ആരാധകരിലേക്ക് എത്തിക്കാൻ വേണ്ടിയാണ് ഈ ഒരു വ്യത്യസ്തമായ പ്രമോഷൻ രീതി ഡീഞ്ഞോ ഉപയോഗിച്ചത്. എന്നാലും ഇത് കടന്ന കൈയായി പോയി എന്നാണ് ബ്രസീലിയൻ ആരാധകരുടെ അഭിപ്രായം.